ആയൂരിലെ അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന: പരീക്ഷകള്‍ പരീക്ഷണമാകരുതെന്ന് ചൂണ്ടിക്കാട്ടിയ ട്വന്റിഫോര്‍

പരീക്ഷ വല്ലാത്തൊരു പരീക്ഷണമായിപ്പോയ ചില വിദ്യാര്‍ത്ഥിനികളുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ കേട്ട് ഒരു നാടൊന്നാകെ നാണിച്ചു തലതാഴ്ത്തിയ ഒരു ദിവസമുണ്ടായിരുന്നു കേരളത്തില്‍. കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം വരെ ഊരിയായിരുന്നു സുരക്ഷയുടെ പേരിലുള്ള പരിശോധന. പരീക്ഷ കഴിഞ്ഞ് പോലും അടിവസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ അനുവദിക്കാതിരുന്ന അനീതി രാജ്യത്തെമ്പാടും ചര്‍ച്ചയാകുന്ന സ്ഥിതിയുണ്ടായി. കടുത്ത മാനസിക ബുദ്ധിമുട്ടുകളോടെ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനികളുടെ ദുരവസ്ഥയുടെ നേര്‍ക്കാഴ്ച മലയാളികള്‍ കണ്ടത് ട്വന്റിഫോറിലൂടെയാണ്. മിണ്ടാതെ സഹിക്കില്ലെന്ന് ഉറപ്പിച്ച പെണ്‍കുട്ടികളുടെ ശബ്ദമായി മാറി എന്നതുള്‍പ്പെടെയുള്ള സംതൃപ്തിയോടെയാണ് ട്വന്റിഫോര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. (24 impact neet exam ayoor)
‘മുടി മുന്നിലേക്കിട്ടാണ് പരീക്ഷയെഴുതിയത്. ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ അവര്‍ ഇരുത്തി. വലിയ മാനസിക വിഷമമാണുണ്ടാക്കിയത്. മോശമായ അനുഭവം നേരിട്ട പെണ്‍കുട്ടികളില്‍ ചിലര്‍ കരഞ്ഞിരുന്നു. പക്ഷേ ഇതൊക്കെ പ്രൊസീജിയറിന്റെ ഭാഗമാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് അവിടെ നിന്ന് ഡ്രസ് മാറാന്‍ ശ്രമിച്ചപ്പോള്‍ സമ്മതിച്ചില്ല. കയ്യില്‍ ചുരുട്ടിപ്പിടിച്ച് പൊക്കോളാനാണ് പറഞ്ഞത്.’ തനിക്ക് നേരിട്ട ദുരനുഭവം വിദ്യാര്‍ത്ഥിനി ട്വന്റിഫോറിലൂടെ പറഞ്ഞതിങ്ങനെയാണ്. ദുരനുഭവം നേരിട്ടവരുടെ വിവരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി ട്വന്റിഫോര്‍ നാടേ നാണിക്കൂ… എന്ന് വിളിച്ചുപറയുകയായിരുന്നു.
Read Also: പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; നീറ്റ് പരീക്ഷ വീണ്ടും നടത്തും
സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ കുറ്റക്കാര്‍ക്കെതിരെ ചുമത്തി. ഇനി മുതലെങ്കിലും നീറ്റ് പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണമാകരുതെന്ന് അധികൃതര്‍ക്കുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു വിഷയത്തില്‍ ട്വന്റിഫോര്‍ നിരന്തരം നല്‍കിയ വാര്‍ത്തകള്‍.
Story Highlights: 24 impact neet exam ayoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here