അണ്ടർ 19 വനിതാ ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി ഓൾ റൗണ്ടർ

അണ്ടർ 19 വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി പെൺകുട്ടി. മലപ്പുറം തിരൂർ സ്വദേശിനി നജ്ല സി.എം.സിയാണ് ലോകകപ്പിനുള്ള വനിതാ സംഘത്തിൽ ഇടം നേടിയത്. സ്റ്റാൻഡ്ബൈ കളിക്കാരുടെ പട്ടികയിലാണ് ഓൾ റൗണ്ടർ നജ്ലയെ ഉൾപ്പെടുത്തിയിട്ടുള്ളത്.
അടുത്തിടെ ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ നയിച്ച നജ്ല ചരിത്രം സൃഷ്ടിച്ചിരുന്നു. ആദ്യമായാണ് വനിത ക്രിക്കറ്റിൽ ഒരു കേരളതാരം ചലഞ്ചർ ട്രോഫിയിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്. ഇന്ത്യ ഡി ടീം ക്യാപ്റ്റനായാണ് നജ്ല കേരളത്തിന്റെ അഭിമാനമായത്. കേരളത്തിനു വേണ്ടി കാഴ്ചവച്ച മികച്ച പ്രകടനവും മൊഹാലിയിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലെ മിന്നുന്ന പ്രകടനവുമാണ് ഈ പതിനെട്ടുകാരിയെ ഇന്ത്യ ഡി ടീമിലേക്കും ടീമിന്റെ നായക സ്ഥാനത്തേക്കും എത്തിച്ചത്.
അടുത്ത വർഷം ആദ്യം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ പതിനെട്ടുകാരിയായ ഓപ്പണിംഗ് ബാറ്റർ ഷഫാലി വർമയാണ് ഇന്ത്യയെ നയിക്കുന്നത്. ന്യൂസിലൻഡ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ശ്വേത സെഹ്‌രാവതാണ് വൈസ് ക്യാപ്റ്റൻ.
സ്‌ക്വാഡ്: ഷഫാലി വർമ (ക്യാപ്റ്റൻ), ശ്വേത സെഹ്‌രാവത് (വൈസ് ക്യാപ്റ്റൻ), റിച്ച ഘോഷ് (WK), ജി തൃഷ, സൗമ്യ തിവാരി, സോണിയ മെന്ധ്യ, ഹർലി ഗാല, ഹൃഷിത ബസു (wk), സോനം യാദവ്, മന്നത്ത് കശ്യപ്, അർച്ചന ദേവി, പാർഷവി ചോപ്ര, ടിറ്റാസ് സാധു, ഫലക് നാസ്, ഷബ്നം എം.ഡി.
സ്റ്റാൻഡ്ബൈ: ശിഖ ഷാലോട്ട്, നജ്ല സി.എം.സി, യശശ്രീ
Story Highlights: The Malayali all-rounder made it to the Indian team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here