പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിലെ അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടറിൽ. 3-0ത്തിനാണ് സ്പെയിനെ മൊറോക്കോ തകർത്തത്. ക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ സ്പാനിഷ്പടയെ ഗോൾ നേടാൻ അനുവദിക്കാതെ വരിഞ്ഞു മുറുക്കുകയായിരുന്നു മൊറോക്കോ. ഷൂട്ടൗട്ടിൽ മൊറോക്കോയ്ക്കായി സാബ്‌രിയാണ് ആദ്യം സ്‌പാനിഷ് വല കുലുക്കിയത്. തുടർന്ന് സറാബിയ എടുത്ത കിക്ക് ബാറിൽ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് എത്തിയ സിയെച്ച് പന്ത് വളരെ ഈസിയായി വലയിലെത്തിച്ചു. അടുത്തതായെത്തിയ കാർലോസ് സോളെറിന്റെ കിക്ക് ബൂനോ തടയുകയായിരുന്നു. എന്നാൽ ബദ്ർ ബെനൗന്റെ അടുത്ത മൊറോക്കൻ കിക്കിനെ സ്‌പാനിഷ് ഗോളി തടഞ്ഞു. തുടർന്ന് വന്ന സർജിയോ ബുസ്‌ക്വറ്റ്‌സിന്റെ കിക്കും ബൂനോ തടുക്കുകയായിരുന്നു. ഇതോടെ മൊറോക്കോ അപ്രതീക്ഷിത വിജയം നുണഞ്ഞ് ക്വാർട്ടറിൽ പ്രവേശിച്ചു.
സ്പെയിനും മൊറോക്കോയും തമ്മിലുള്ള മത്സരത്തിന്റെ ഇരുപകുതിയും ഗോൾരഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മത്സരം ആരംഭിച്ചത് മൊറോക്കോ താരം ഹകീം സിയച്ചിന്റെ ഫൗളിലൂടെയാണ്. തുടർന്ന് സ്‌പെയിനിനു വേണ്ടി ജോർദി ആൽബയെടുത്ത ഫ്രീകിക്ക് ഗോളാക്കാനായില്ല. 12-ാം മിനിറ്റിലും 27-ാം മിനിറ്റിലും സ്‌പെയിനിന് മികച്ച അവസരം കിട്ടിയെങ്കിലും മൊറോക്കൻ പ്രതിരോധം കടന്ന് പന്ത് ഗോൾവലയിലെത്തിക്കാനായില്ല.
സ്പാനിഷ് ഗോൾകീപ്പർ ഉനൈ സിമോണിന് 33-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ പരീക്ഷണം നേരിടേണ്ടി വന്നത്. വലതു വിങ്ങിലൂടെ ബോക്‌സിലേക്ക് മസ്‌റൂഇ തൊടുത്ത ഷോട്ട് സിമോൺ കൈപിടിയിലൊതുക്കുകയായിരുന്നു. 52-ാം മിനിറ്റിൽ ഡാനി ഒൽമോയുടെ ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബൗനോ തട്ടിയകറ്റി. സ്പാനിഷ് കോച്ച് ലൂയിസ് എൻറിക് 63-ാം മിനിറ്റിൽ ഗാവിയെയും അസെൻസിയോയെയും പിൻവലിച്ച് കാർലോസ് സോളറിനെയും അൽവാരോ മൊറാട്ടയെയും ഇറക്കി. 70-ാം മിനിറ്റിൽ ഒൽമോ നൽകിയ പാസിൽ ബോക്‌സിനകത്ത് അവസരം സൃഷ്ടിച്ച് ഗോളാക്കാനുള്ള മൊറാട്ടയുടെ നീക്കം മൊറോക്കൻ പ്രതിരോധനിര തടഞ്ഞു. 76-ാം മിനിറ്റിൽ സ്പാനിഷ് പ്രതിരോധ താരം ലപോർട്ടയ്ക്ക് ഹകീമിക്കെതിരായ ഫൗളിന് മഞ്ഞക്കാർഡും കിട്ടി. 90ാം മിനുട്ടിൽ റൊമൈൻ സെസ്സിന് മഞ്ഞക്കാർഡ് വാങ്ങേണ്ടിവന്നു. 95ാം മിനുട്ടിൽ സ്‌പെയിന്റെ ഒൽമോയെടുത്ത ഫ്രീകിക്ക് ബുനോ തട്ടിയകറ്റുകയായിരുന്നു.
Story Highlights: FIFA World Cup Morocco beat Spain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here