Advertisement

ആ ചിത്രം അവരെ ഭയപ്പെടുത്തി: നടന്നത് ക്രൂരമർദനം; തലയിൽ രക്തസ്രാവം, നെഞ്ചിൽ നീർക്കെട്ട്; വെള്ള പോലും ഇറക്കാനാകാതെ അപർണ

December 6, 2022
Google News 2 minutes Read
Who is Aparna Gauri

മേപ്പാടി പോളിടെക്‌നിക് കോളജിൽ എസ്എഫ്‌ഐ വനിതാ നേതാവ് അപർണ ഗൗരിക്കെതിരെ കെഎസ്‌യു- എംഎസ്എഫ് പ്രവർത്തകർ നടത്തിയത് ക്രൂരമർദനം. ആക്രണം നടന്നു നാലു ദിവസം പിന്നിട്ടിട്ടും ജലപാനത്തിന് പോലുമാകാതെ കഴിയുകയാണ് അപർണ. ആക്രമണത്തിൽ തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. തലക്കേറ്റ ആഘാതത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായി. നെ‍ഞ്ചിലേറ്റ മർദനത്തിൽ നീര് വീണ് ഭക്ഷണമോ വെള്ളമോ പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിലാണ് എസ്എഫ്ഐ നേതാവ്. ഇതോടെ തുടർ ചികിത്സക്കായി വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകാൻ തയാറെടുക്കുകയാണ് പ്രിയസഖാക്കൾ. അപർണയുടെ മുഴുവൻ ചികിത്സാ ചെലവുകളും സിപിഐഎം ഏറ്റെടുത്തിട്ടുണ്ട് ( Who is Aparna Gauri ).

ദുരന്തമുഖത്തെ അതിജീവനം

ചെറുപ്പം മുതലെ ദുരന്തമുഖങ്ങളെ അഭിമുഖീകരിച്ച് തുടങ്ങിയതാണ് അപർണയുടെ ജീവിതം. മേപ്പാടി പോളിടെക്നിക് കോളജിന് സമീപം ചൂരൽമലയിൽ വാടക വീട്ടിലാണ് അപർണയും അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബം കഴിയുന്നത്. ഡ്രൈവറായിരുന്ന അച്ഛന് കുറച്ചുകാലമായ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ്. അപർണയിലൂടെ ഒരു മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് ഒരോ ദിനവും തള്ളി നീക്കുന്ന സാധാരണ കുടുംബം.

പുത്തുമലയിൽ മൂന്നു കൊല്ലം മുൻപ് പതിനേഴു പേരുടെ ജീവനെടുത്ത് ആർത്തിരമ്പിയെത്തിയ പാറക്കല്ലുകൾക്കടിയിൽ മൂടിപോയത് അപർണയുടേയും കുടുംബത്തിന്റെയും സ്വപ്നങ്ങളും പ്രിയപ്പെട്ടവരുടെ ജീവനുമായിരുന്നു. അന്ന് ഉരുൾപൊട്ടലിൽ കാണാതായ അച്ഛന്റെ സഹോദരന്റെ മൃതദേഹം നെഞ്ചിലെ വിങ്ങലായി ഇന്നും കാണാമറയത്താണ്. ഒടുവിലിതാ കുടുംബത്തിന് തണലാകുമെന്ന് കരുതിയ അപർണക്കെതിരെയുണ്ടായ ക്രൂരമായ ആക്രമണം കുടുംബത്തേയും ചെറുതായൊന്നുമല്ല ഉലച്ചത്.

വയനാടിന്റെ പെൺകരുത്തായ ദിനം

എസ്എഫ്ഐയുടെ വയനാട് ജില്ലാ വൈസ് പ്രസിഡന്റാണ് അപർണ ​ഗൗരി. അടുത്തകാലത്തായി ശ്രദ്ധിക്കപ്പെടുന്നത് വയനാട് എഞ്ചിനിയറിങ് കോളജിൽ എസ്എഫ്ഐയുടെ വനിതാ സബ്കമ്മിറ്റി സ്ഥാപിക്കുന്നതിന് നടത്തിയ ഇടപെടലുകളിലൂടെയാണ്. അന്ന് കോളജിൽ നടക്കാനിരുന്ന സബ് കമ്മിറ്റിയായ മാതൃകത്തിന്റെ യോ​ഗത്തിനെത്തിയ അപർണയെ തടയാൻ കെഎസ്‌യു എംഎസ്എഫ് പ്രവർത്തകർ സംഘടിച്ചെത്തി. അവർ ​ഗേറ്റിന് മുന്നിൽ തടയാനായി നിലയുറപ്പിച്ചെങ്കിലും ഭയപ്പെടാതെ അവർക്കിടയിലൂടെ നടന്ന് യോ​ഗത്തിൽ പങ്കെടുത്തു. തോളിൽ ബാ​ഗ് തൂക്കി പോകുന്ന അപർണയുടെ ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ വൈറിലായിരുന്നു. ഈ ചിത്രത്തിന് പിന്നാലെ തുടങ്ങിയ വൈരാ​ഗ്യമാണ് മേപ്പാടയിലെ ആക്രമണത്തിൽ കലാശിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

മേപ്പാടിയെ പിടിമുറുക്കിയ ലഹരി

ഏതാനും മാസങ്ങൾക്ക് മുൻപാണ് അപർണയ്ക്ക് മേപ്പാടി പോളിടെക്നിക് കോളജിന്റെ ചാർജ് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നൽകുന്നത്. അന്ന് യൂണിയൻ ഭരിച്ചിരുന്നത് എസ്എഫ്ഐ ആയിരുന്നു. ആസമയത്താണ് ക്യാമ്പസിൽ ശക്തമായിരുന്ന “ട്രാബിയോക്‌’ വിദ്യാർഥി കൂട്ടായ്മയിൽ ഒപ്പം നിന്നിരുന്ന എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന വിഷ്ണു ​ഗ്രൂപ്പ് വിട്ടുപുറത്തു വരുന്നത്. ആ ​ഗ്രൂപ്പിൽ ലഹരി ഉപയോ​ഗിക്കുന്നവരുണ്ടെന്നും താനും ലഹരി ഉപയോ​ഗിച്ചിരുന്നുവെന്നും വിഷ്ണു എസ്എഫ്ഐ നേതാക്കളോട് വെളിപ്പെടുത്തി. തുടർന്ന് തെറ്റുതിരുത്തലിന്റെ ഭാ​ഗമായി വിഷ്ണു ലഹരിക്കെതിരെ പൊലീസിൽ പരാതി നൽകുകയും എസ്എഫ്ഐയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. അന്ന് കോളജിന്റെ ചുമതലയുണ്ടായിരുന്ന അപർണയായിരുന്നു വിഷ്ണുവിന്റെ പരാതിയിൽ നിമയസഹായം നൽകിയത്. വിഷ്ണു എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായി.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കഴിഞ്ഞ ഒക്ടോബറിലും അതിനുമുൻപും ഈ ​ഗ്രൂപ്പിൽപെട്ടവർ താമസിച്ച വീടുകളിൽ റെയ്ഡ് നടത്തുകയും ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. ഈ വിവരങ്ങൾ പുറത്തുവിടില്ലെന്ന് പൊലീസിന്റെ ഉറപ്പിലായിരുന്നു വിഷ്ണു ട്രാബിയോകിന്റെ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് എസ്എഫ്ഐ പറയുന്നത്. എന്നാൽ വിഷ്ണുവാണ് വിവരങ്ങൾ ചോർത്തി നൽകുന്നതെന്ന് മനസിലാക്കിയതോടെ മൂന്നാം വർഷ വിദ്യാർഥികളായ ട്രാബിയോകിന്റെ പ്രവർത്തകർ വിഷ്ണുവിനെതിരെ ആക്രമണം അഴി‍ച്ചുവിട്ടു എന്ന് എസ്എഫ്ഐ പറയുന്നു.

യുഡിഎസ്എഫ് വിലക്കേർപ്പെടുത്തിയെന്ന് എസ്എഫ്ഐ

ട്രാബിയോകിന്റെ സഹായത്തോടെ കെഎസ്‌യു എംഎസ്എഫ് പ്രവർത്തകർ സംഘടിച്ച് രൂപീകരിച്ച യുഡിഎസ്എഫ് പ്രവർത്തകർ വിഷ്ണുവിന് ക്യാമ്പസിൽ വിലക്കേർപ്പെടുത്തിയെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. വിഷ്ണു ക്യാമ്പസിലെത്തുമ്പോഴെല്ലാം യുഡിഎസ്എഫ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നും പറയുന്നു. ഇതിനിടയിൽ വിഷ്ണുവിനെ മാറ്റി അരുണിമയെന്ന വിദ്യാർഥിനിയെ യൂണിറ്റ് സെക്രട്ടറിയാക്കി. ഇതിന്റെ തുടർച്ചയായാണ് വെള്ളിയാഴ്ച അപർണക്കെതിരെ ആക്രമണം ഉണ്ടായതെന്നാണ് എസ്എഫ്ഐ പറയുന്നത്.

തെരഞ്ഞെടുപ്പും സംഘർഷവും

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കോളജിലെ തെരഞ്ഞെടുപ്പ്. അതിന് തലേദിവസം ക്യാമ്പസിലെത്തിയ വിഷ്ണുവിന്റെ കവിളിൽ കത്തിവച്ച് യുഡിഎസ്എഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തി. തെരഞ്ഞെടുപ്പിന് ക്യാമ്പസിലെത്തിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. അതോടെ അപർണയുടെ നേതൃത്വത്തിൽ പൊലീസിൽ പരാതി. പൊലീസ് ഇടപെട്ട് എല്ലാ വിദ്യാർഥി സംഘടനകളുടേയും സംയുക്ത യോ​ഗം വിളിച്ചു. സംഘർഷം ഒഴിവാക്കുന്നതിനായി ഒരോ സംഘടനയുടെയും ഭാ​ഗത്തു നിന്നും മൂന്നുപേർ മാത്രമെ പുറത്തു നിന്ന് കോളജിൽ പ്രവേശിക്കാവു എന്ന് നിർദേശവും നൽകി. തുടർന്നാണ് അപർണയും അഭിരാജും ഉൾപ്പെടുന്ന മൂന്നം​ഗ സംഘം കോളജിനുള്ളിൽ പ്രവേശിക്കുന്നത്. ഇതിനിടയിൽ വോട്ട് ചെയ്യാൻ പോയ വിഷ്ണുവിനെ പോളി​ങ് സ്റ്റേഷനുള്ളിൽ വച്ച് യുഡിഎസ്എഫ് പ്രവർത്തകർ ആക്രമിച്ചു എന്ന് എസ്എഫ്ഐ പറയുന്നു. തുടർന്ന് ഉച്ചയ്ക്ക് കോളജിന്റെ പുറത്തെ മതിലിലിരുന്ന് വോട്ടെണ്ണലിനുള്ള നിർദേശങ്ങൾ എസ്എഫ്ഐ പ്രവർത്തകർക്ക് നൽകുന്നതിനിടയിൽ യുഡിഎസ്എഫ് പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പറയുന്നു.

പിന്നീട് അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. അപർണയുടെ മുടിക്ക്‌ കുത്തിപിടിച്ച്‌ കോളജിനോടുളള മതിലിനോട്‌ ചേർത്ത്‌ നിർത്തി വടികൊണ്ട്‌ അടക്കം അടിക്കുകയും മതിലിൽ നിന്ന്‌ താഴെക്ക്‌ തള്ളിയിടുകയും ചെയ്‌തു. നെഞ്ചിൽ മാറി മാറി ചവിട്ടി. വീഴ്ചയുടെ ആഘാതത്തിലാണ് തലയ്ക്ക് ​ഗുരുതരമായ പരുക്കേറ്റത്. ബഹളം കേട്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകർ എത്തിയതോടെയാണ്‌ അപർണയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതെന്നും എസ്എഫ്ഐ പറയുന്നു.

ഇതിനിടയിൽ യുഡിഎസ്എഫ് പ്രവർത്തകരുടെ വെല്ലുവിളി മറികടന്ന് വിഷ്ണുവിനെ പൊലീസ് ക്യാമ്പസിൽ പ്രവേശിപ്പിച്ചു. തുടർന്ന് യുഡിഎസ്എഫ് പ്രവർത്തകർ മേപ്പാടി സിഐയെ ഉൾപ്പെടെ മർദിച്ചു. സിഐക്ക് മർദനമേറ്റതോടെ പൊലീസ് ലാത്തിവീശിയെന്നും എസ്എഫ്ഐ പറഞ്ഞു. കോളജിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും എസ്എഫ്ഐ ആരോപിച്ചു. തുടർന്ന് യുഡിഎസ്‌എഫ്‌ പ്രവർത്തകർ ലഹരി ഉപയോ​ഗിക്കുന്ന ദൃശ്യങ്ങളും എസ്എഫ്ഐ പുറത്തു വിട്ടിരുന്നു. സംഭവത്തിൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥികളായ കിരൺ രാജ്‌, കെ.ടി.അതുൽ, ഷിബിലി, അബിൻ എന്നിവരെ പൊലീസ്‌ അറസ്റ്റ് ചെയ്‌തിരുന്നു.

Read Also: എതിർക്കുന്നവർയെല്ലാം ലഹരി മാഫിയയാക്കുന്നു; മർദിച്ചത് എസ്എഫ്ഐ പ്രവർത്തകരെന്ന് അഭിനവ്

വിദ്യാർഥികളെ കുരുക്കി പൊലീസ് റെയ്ഡ്

ആക്രമണത്തിന് പിന്നാലെ കോളജിലെ വിദ്യാർഥികളുടെ താമസസ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നാലു വിദ്യാർഥികളുടെയും ഇവരുടെ സുഹൃത്തുക്കളും താമസിച്ചിരുന്ന വാടകവീടുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. താഞ്ഞിലോട്, കടൂർ, അമ്പലക്കുന്ന് എന്നിവിടങ്ങളിലായി അഞ്ചു വീടുകളിലായിരുന്നു റെയ്ഡ്.

സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും നർക്കോട്ടിക് സെല്ലിന്റെ ചുമതലയും വഹിക്കുന്ന എൻ.ഒ.സിബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന കോളജിലെ ‘ട്രാബിയോക്ക്’ എന്ന കൂട്ടായ്മയിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചായിരുന്നു റെയ്‌ഡെന്നും പരിശോധനയിൽ വീടുകളിൽ താമസിച്ചിരുന്ന വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി വ്യക്തമായെന്നും സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.ഒ.സിബി പറഞ്ഞു. പുകവലിക്കാനായി ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങളും (ബോം​ഗ്) പൊലീസ് കസ്റ്റഡിയിലെടുത്തു. താഞ്ഞിലോട്ടെ വാടകവീട്ടിൽനിന്നാണ് ഇവ പിടിച്ചെടുത്തത്.

ആക്രമണവുമായി എസ്എഫ്ഐ

മേപ്പാടിയിലെ അക്രമത്തിനു പകരം ചോദിക്കുമെന്നും വനിതാ നേതാവിനെ ആക്രമിച്ചവരെ ജയിൽ മുറ്റം മുതൽ നാദാപുരം വരെ ഓടിച്ചിട്ട് അടിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെ പേരാമ്പ്രയിൽ കെഎസ്‌യു പ്രവർത്തകനായ വിദ്യാർഥിക്ക് മർദനമേറ്റു. കെഎസ്‌യു പ്രവർത്തകരുടെ ബൈക്കുകൾ തീവെക്കുകയും ചെയ്തു.

മേപ്പാടി പോളിടെക്നിക്കിലെ കെഎസ്‌യും പ്രവർത്തകനായി അഭിനവിനാണ് മർദനമേറ്റത്. തന്നെ മർദിച്ചത് എസ്എഫ്ഐ പ്രവർത്തകരാണെന്ന് അഭിനവ് പറഞ്ഞു. കോളജിലെ വിഷയങ്ങൾ പറഞ്ഞാണ് അതിക്രൂരമായി മർദിച്ചതെന്ന് അഭിനവ് ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also: എസ്എഫ്‌ഐ വനിതാ നേതാവിനെ ആക്രമിച്ചത് ലഹരിക്കടിമയായ വിദ്യാര്‍ത്ഥികള്‍’; വിഡിയോ പുറത്തുവിട്ട് എസ്എഫ്‌ഐ

അപർണയെ മർദിച്ച സംഭവത്തിൽ താൻ പ്രതിയല്ല. എതിർക്കുന്നവർയെല്ലാം ലഹരി മാഫിയയാക്കുകയാണ്. താൻ ആ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അഭിനവ് പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അഭിനവിനെതിരായ ആക്രമണം. ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവെ രണ്ടു ബൈക്കിലായെത്തിയ നാലു പേർ അഭിനവിനെ മർദിക്കുകയായിരുന്നു. തലക്കും കൈക്കും ​ഗുരുതരമായി പരിക്കേറ്റ അഭിനവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. വയനാട് മേപ്പാടി പോളിടെക്നിക്ക് കോളജ് വിദ്യാർത്ഥി അഭിനവിനാണ് മർദനമേറ്റത്. അഭിനവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Story Highlights: Who is Aparna Gauri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here