‘സഹജീവികളോടുള്ള കരുണയും കരുതലുമാണ് വലിയ അർച്ചന’; കാലിന് സ്വാധീനം ഇല്ലാത്ത ഭക്തനെയും തോളിലേറ്റി സന്നിധാനം വരെ നടന്ന് ഹോം ഗാർഡ് ബിജുകുമാർ

കാലിന് സ്വാധീനം ഇല്ലാത്ത അയ്യപ്പ ഭക്തനെ ചുമലിലേറ്റി പോകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്. സഹജീവികളോടുള്ള കരുണയും കരുതലും തന്നെയാണ് ഭൂമിയിലെ ഏറ്റവും വലിയ അർച്ചന. ഇങ്ങനെയും ഒരു മനുഷ്യൻ, ഇതും ഭക്തിയാണ്. ദേവസ്വം താൽക്കാലിക സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ആയി ജോലി നോക്കുന്ന കൊല്ലം സ്വദേശി ബിജു കുമാർ ആണ് അയ്യപ്പ ഭക്തനെ തോളിലേറ്റി ദർശനത്തിനെത്തിച്ചത്.(home guard bijukumar helping hands in sabarimala)
തിരക്കേറിയ വഴിയിലൂടെ ഒരു അയ്യപ്പ ഭക്തനെയും തോളിലേറ്റി പോകുന്ന പൊലീസുകാരനെ ശ്രദ്ധയിൽ പെട്ടതോടെ കണ്ടു നിന്ന ഭക്തർ ആണ് ഈ ചിത്രം എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കൊല്ലം ദേവസ്വം ഗാർഡായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. പ്രമുഖർ അടക്കം ബിജു ചെയ്ത സേവനത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘‘രാത്രി പത്തേകാലായി കൈകൾ ഊന്നി മഴ നനഞ്ഞ് ഒരു സ്വാമി മലകയറി വന്നു. അയാളുടെ കാലുകൾക്ക് സ്വാധീനമില്ലായിരുന്നു. 11-ന് നടയടച്ചാൽ ആ സ്വാമിക്ക് അയ്യനെ കാണാനാകില്ലല്ലോ എന്നോർത്തപ്പോൾ ഞാൻ ചുമലിലേറ്റി സന്നിധാനത്തേക്ക് നടന്നു’’ ഹോംഗാർഡ് ബിജുകുമാർ പറഞ്ഞു.
മരക്കൂട്ടത്ത് ഡോളി പാസ് പരിശോധിക്കുന്ന ഡ്യൂട്ടിയിലായിരുന്നു നവംബർ 27-ന് ബിജുകുമാർ. അപ്പോഴാണ് കൈകൾ കുത്തി അല്ലിരാജ് എത്തിയത്. സാവധാനം മലകയറി വന്ന അല്ലിരാജിനൊപ്പമുണ്ടായിരുന്നവരെല്ലാം നടയടയ്ക്കുന്നതിനു മുന്നേ ദർശനം നടത്താൻ വേഗം കയറിപ്പോയി. സന്നിധാനത്തേക്ക് എത്തിക്കാമോ എന്ന് ഡോളിക്കാരോട് അല്ലിരാജ് ചോദിച്ചെങ്കിലും പൈസയുണ്ടാകില്ലെന്നു കരുതി അവർ തഴഞ്ഞു.
അപ്പോഴാണ് അല്ലിരാജിനെ ചുമലിലേറ്റി നടന്നത്. ഒന്നര കിലോമീറ്റർ മലകയറി അര മണിക്കൂർ കൊണ്ട് സന്നിധാനത്തെ നടപ്പന്തലിൽ എത്തിച്ചു. അവിടെ പൊലീസുകാർ അല്ലിരാജിനെ ഏറ്റെടുത്തു. ഞങ്ങൾ തൊഴീച്ചോളാം എന്ന് പൊലീസുകാർ പറഞ്ഞതോടെ മടങ്ങി. അല്ലിരാജിനൊപ്പമുണ്ടായിരുന്നവരെ വിളിച്ച് സന്നിധാനത്ത് അല്ലിരാജ് എത്തിയെന്ന് അറിയിച്ചു. ആരെയാണ് ചുമലിലേറ്റിയതെന്ന് അറിയില്ലായിരുന്നു. പേരും ചോദിച്ചില്ല. ആ സ്വാമിയെ നടയടയ്ക്കും മുന്നേ സന്നിധാനത്തെത്തിക്കണമെന്ന ലക്ഷ്യം മാത്രമായിരുന്നു മനസിൽ – ബിജുകുമാർ പറഞ്ഞു.
പട്ടാളത്തിൽനിന്ന് ഹവിൽദാറായി വിരമിച്ച പുനലൂർ ആരംപുന്ന രാമമംഗലത്ത് വീട്ടിൽ ആർ.എസ്. ബിജുകുമാർ അഞ്ചര വർഷമായി ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിൽ ഹോംഗാർഡാണ്. വിമുക്തഭടൻമാരെ ശബരിമലയിലേക്ക് സെക്യൂരിറ്റിയായി എടുത്തപ്പോഴാണ് ബിജുകുമാർ സന്നിധാനത്ത് എത്തിയത്.
Story Highlights: home guard bijukumar helping hands in sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here