42-ാം മിനിറ്റിലെ മിന്നും ഗോള്‍; ആദ്യ പകുതിയിൽ പോര്‍ച്ചുഗലിനെതിരെ മൊറോക്കോ മുന്നില്‍

ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ലീഡെടുത്ത് മൊറോക്കോ. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ 42–ാം മിനിറ്റിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. യഹിയ എൽ ഇദ്രിസിയുടെ പാസിൽ നിന്നായിരുന്നു നെസിറിയുടെ തകർപ്പൻ ഹെഡർ ഗോൾ.
ആദ്യപകുതിയിൽ മികച്ച അവസരങ്ങളിലേറെയും ലഭിച്ചതു മൊറോക്കോയ്‌ക്കാണ്. അവസരങ്ങളിലേറെയും പാഴാക്കിയത് ഗോൾ നേടിയ യൂസഫ് എൻ നെസിറി തന്നെ. ഏഴാം മിനിറ്റിൽത്തന്നെ ഹക്കിം സിയെച്ചിന്റെ കോർണർ കിക്കിന് തലവച്ച് ഗോൾ നേടാൻ ലഭിച്ച അവസരം എൻ നെസിറി പാഴാക്കി. പിന്നീട് 26–ാം മിനിറ്റിൽ സിയെച്ചിന്റെ തന്നെ ഫ്രീകിക്കിന് തലവയ്ക്കാൻ ലഭിച്ച സുവർണാവസരവും ക്രോസ് ബാറിനു മുകളിലൂടെയാണ് നെസിറി പായിച്ചത്.
മറുവശത്ത് പോർച്ചുഗലിന് അവസരങ്ങളിലേറെ ലഭിച്ചിട്ടും പാഴാക്കുകയായിരുന്നു. അഞ്ചാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ ക്രോസിൽ ഫെലിക്സിന്റെ ഡൈവിങ് ഹെഡർ മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനു കുത്തിയകറ്റി. 31–ാം മിനിറ്റിൽ ഫെലിക്സിന്റെ തകർപ്പൻ ബുള്ളറ്റ് ഷോട്ട് മൊറോക്കോ താരം എൽ യമീഖിന്റെ ദേഹത്തുതട്ടി ക്രോസ് ബാറിനു മുകളിലൂടെ പറന്നു.
Read Also: റൊണാള്‍ഡോ വീണ്ടും ബഞ്ചില്‍; ഇത്തവണയും ആദ്യ ഇലവനിൽ ഇല്ല
അതേസമയം ഇത്തവണയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്തിയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി ഹാട്രിക് തികച്ച ഗോണ്‍സാലോ റാമോസാണ് ഇന്നും സെന്‍ട്രല്‍ സ്ട്രൈക്കര്‍. ബ്രൂണോ ഫെര്‍ണാണ്ടസും ജുവാ ഫെലിക്‌സുമാണ് മറ്റ് രണ്ട് മുന്നേറ്റക്കാര്‍. സ്വിസ് ടീമിനെ നേരിട്ട ഇലവനില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് വരുത്തിയിരിക്കുന്നത്. വില്യം കാര്‍വാലിയോയ്ക്ക് പകരം മധ്യനിരയില്‍ റൂബന്‍ നെവസ് എത്തി.
Story Highlights: MAR lead 1-0 at halftime, Portugal vs Morocco
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here