ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ അഞ്ചാം ജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ അഞ്ചാം വിജയം. സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ബെംഗളൂരു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. കളിയുടെ എല്ലാ മേഖലകളിലും മഞ്ഞപ്പടയ്ക്ക് തന്നെയായിരുന്നു മുൻതൂക്കം. ജയത്തോടെ കേരളം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി.
ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിക്കുന്നത്. ബ്ലാസ്റ്റേഴ്സിനായി മാര്‍ക്കോ ലെസ്കോവിച്ച്, ദിമിത്രിയോസ് ഡയമെന്റകോസ്, അപ്പോസ്‌തൊലോസ് ജിയാനു എന്നിവരാണ് ഗോളുകൾ നേടിയത്. ബെംഗളൂരുവിനായി സുനില്‍ ഛേത്രി, ജാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു.
14-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് സുനില്‍ ഛേത്രി ബെംഗളൂരുവിന് ആദ്യ ലീഡ് സമ്മാനിച്ചു. പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറിയ ഛേത്രിയെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ഗോൾ വീണതോടെ മറുപടി നൽകാനുള്ള പരിശ്രമത്തിലായി ബ്ലാസ്റ്റേഴ്സ്. 25-ാം മിനിറ്റില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിലൂടെ കേരളം ഗോള്‍ മടക്കി. തുടര്‍ന്ന് 43-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സമനില ഗോളിനായി ബെംഗളൂരുവിൻ്റെ തുടർ ആക്രമണങ്ങൾ. ഇതിനിടെ ബെംഗളൂരു ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ നടത്തിയ ബ്ലാസ്റ്റേഴ്‌സ് 70-ാം മിനിറ്റില്‍ അപ്പോസ്‌തൊലോസ് ജിയാനുവിലൂടെ മൂന്നാം ഗോളും കണ്ടെത്തി. 81–ാം മിനിറ്റിലായിരുന്നു ബെംഗളൂരുവിന്റെ രണ്ടാം ഗോൾ. ബ്ലാസ്‌റ്റേഴ്‌സ് താരം ക്ലിയര്‍ ചെയ്ത പന്ത് ബോക്‌സിന് പുറത്തുവെച്ച് കിടിലനൊരു വോളിയുലൂടെ ഹെര്‍ണാണ്ടസ് വലയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച ചെന്നൈയിൻ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Story Highlights: kerala blasters beat bengaluru fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here