ആകെ തകർന്നു; ദേശീയ ടീമിൽ ഇനി കളിക്കുമോ എന്നുറപ്പില്ല: വിരമിക്കൽ സൂചനയുമായി നെയ്‌മർ

ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ വിരമിക്കൽ സൂചനയുമായി ബ്രസീൽ സൂപ്പർ താരം നെയ്‌മർ. തോൽവി തന്നെ തകർത്തുകളഞ്ഞെന്നും ദേശീയ ടീമിൽ ഇനി കളിക്കുമോ എന്ന് ഉറപ്പില്ലെന്നും നെയ്‌മർ പറഞ്ഞതായി ഡെയിലി മിറർ റിപ്പോർട്ട് ചെയ്തു.
“ഒരുപാട് സങ്കടമുണ്ട്. ഇതൊക്കെ സഹിക്കുകയെന്നത് വിഷമകരമാണ്. ഒരു ദുസ്വപ്നം പോലെ തോന്നുന്നു. എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാനാവുന്നില്ല. ദേശീയ ടീമിനെപ്പറ്റിയും എനിക്കെന്താണ് വേണ്ടത് എന്നതിനെപ്പറ്റിയും ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാൻ ദേശീയ ടീമിൻ്റെ വാതിലുകൾ അടയ്ക്കുന്നില്ല. പക്ഷേ, തിരികെവരുമെന്ന് 100 ശതമാനം ഉറപ്പിച്ചുപറയാൻ എനിക്കാവില്ല.”- നെയ്‌മർ വ്യക്തമാക്കി.
തോൽവിക്ക് പിന്നാലെ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നെയ്‌മർ വികാരനിർഭരമായ പോസ്റ്റ് പങ്കുവച്ചിരുന്നു. “ഞാൻ മാനസികമായി തകർന്നു. ഈ തോൽവി എന്നെ വല്ലാതെ നോവിക്കുന്നു. അത് 10 മിനിട്ടോളം എന്നെ മരവിപ്പിച്ചു. ശേഷം ഞാൻ ഒരുപാട് കരഞ്ഞു. ഇതെന്നെ ഏറെക്കാലം നോവിയ്ക്കും. ഞങ്ങൾ അവസാനം വരെ പൊരുതി. എൻ്റെ ടീം അംഗങ്ങളെയോർത്ത് അഭിമാനിക്കുന്നു. ബ്രസീൽ ലോകകപ്പ് അർഹിച്ചിരുന്നു. പക്ഷേ, അത് ദൈവത്തിൻ്റെ തീരുമാനത്തിൽ ഉണ്ടായിരുന്നില്ല.”- നെയ്‌മർ കുറിച്ചു.
ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്‌ത്തിയത്. നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
Story Highlights: neymar response fifa world cup defeat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here