അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന് നാളെ തൃശൂരിൽ തുടക്കമാകും

അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന് നാളെ തൃശൂരിൽ തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര-പതാക-ദീപശിഖാ പ്രയാണം ഇന്ന് വൈകീട്ട് തൃശൂരിൽ സംഗമിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എണ്ണൂറോളം പ്രതിനിധികളാണ് സമ്മേളനത്തിന്റെ ഭാഗമാകുക
കയ്യൂരിൽ നിന്ന് പ്രയാണം തുടങ്ങിയ കൊടിമര ജാഥ, തമിഴ്‌നാട്ടിലെ കീഴ് വെൺമണിയിൽ നിന്നും തെലങ്കാനയിൽ നിന്നും തുടങ്ങിയ ദീപശിഖാ പ്രയാണങ്ങൾ, പുന്നപ്ര വയലാറിൽ നിന്ന് ആരംഭിച്ച പതാകാജാഥ എന്നീ യാത്രകൾ ഇന്ന് വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിക്കുന്നതോടെ കിസാൻ സഭയുടെ മുപ്പത്തിയഞ്ചാം ദേശീയ സമ്മേളനത്തിന് ഔപചാരിക തുടക്കമാകും. പൊതുസമ്മേളന നഗരയിൽ സംഘാടകസമിതി ചെയർമാൻ കെ. രാധാകൃഷ്ണൻ പതാക ഉയർത്തും. നാളെ മുതൽ ലുലു കൺവെൻഷൻ സെന്ററിലാണ് കിസാൻ സഭയുടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകുക
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 803 പ്രതിനിധികളാണ് സമ്മേളനത്തിന്റെ ഭാഗമാകുന്നത്. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹനൻ മൊള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി കർഷക സമര നായകരെ ആദരിക്കും. 15ന് ദേശീയ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട് സി.പിഐ.എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എ. വിജയരാഘവൻ, സാമ്പത്തിക വിദഗ്ദ്ധൻ പ്രഭാത് പട്നായ്ക്, പ്രൊഫ. ജഗ്മോഹൻ എന്നിവർ പങ്കെടുക്കും. 16ന് വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കർഷക മഹാറാലിയോടെയാണ് സമ്മേളനത്തിന് സമാപനം കുറിക്കുക.
Story Highlights: all india kisan sabha conference