‘സമൂഹമാധ്യമങ്ങൾ ഭിന്നിപ്പിക്കലിനായി ഉപയോഗിക്കുന്നു’; പോസിറ്റീവായ മനുഷ്യർ ലോകത്ത് ജീവനോടെയുണ്ടെന്ന് ഷാരൂഖ് ഖാൻ

താൻ നായകനാവുന്ന പുതിയ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനങ്ങൾ ഉയരുന്നതിനിടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചുള്ള പ്രതികരണവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കൊൽക്കത്ത അന്തർദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാരൂഖ്. (Shah Rukh Khan’s First Comments After ‘Pathaan’ Controversy Erupts)
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
പിന്തിരിപ്പനായ എല്ലാറ്റിനേയും പോസിറ്റീവായ സമീപനത്തോടെ കൂട്ടായി നേരിടുകയാണ് വേണ്ടതെന്ന് നടൻ പറഞ്ഞു. പഠാൻ എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ, വിശേഷിച്ചും ട്വിറ്ററിൽ ഉയർന്ന ബഹിഷ്കരണാഹ്വാനത്തെക്കുറിച്ച് പരമാർശിക്കാതെയാണ് കിംഗ് ഖാൻറെ പ്രതികരണം.
സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങൾ ഇന്ന് ഏറെ ജനകീയമാണ്. വർത്തമാനകാലത്തെ നമ്മുടെ സാമൂഹിക ആഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിൽ സമൂഹമാധ്യമങ്ങൾക്കുള്ള പങ്ക് വലുതാണ്. സിനിമയെ സമൂഹമാധ്യമങ്ങൾ ദോഷകരമായി ബാധിക്കുമെന്ന് പരക്കെ ഒരു വിശ്വാസമുണ്ട്. പക്ഷെ, സിനിമയ്ക്ക് അതിലും വലിയൊരു ചുമതല ഇപ്പോൾ വഹിക്കാനുണ്ടെന്ന് ഞാൻ കരുതുന്നു. സമൂഹമാധ്യമങ്ങൾ മനുഷ്യന്റെ അടിസ്ഥാനപ്രകൃതമായ മനുഷ്യത്വത്തെ തന്നെ ഇടുങ്ങിയതാക്കുന്ന ഒരു കാഴ്ച്ചപ്പാടിലൂടെയാണ് പലപ്പോഴും പോകുന്നത്.
‘കുറച്ചുകാലം നമുക്ക് പരസ്പരം കാണാൻ കഴിയുമായിരുന്നില്ല, പക്ഷെ ലോകം സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്. നമ്മളെല്ലാവരും സന്തുഷ്ടരാണ്. ഞാൻ അതിൽ ഏറ്റവും സന്തുഷ്ടനും. ഒരു സന്ദേഹവുമില്ലാതെ ഞാൻ പറയട്ടെ, ലോകം എന്തു തന്നെ ചെയ്താലും ഞാനും നിങ്ങളും പിന്നെ എല്ലാ പോസിറ്റീവ് മനുഷ്യരും ഈ ലോകത്ത് ജീവനോടെയുണ്ട്, ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.
നെഗറ്റീവിറ്റി സോഷ്യൽ മീഡിയ ഉപഭോഗം കൂട്ടുമെന്നും അതിനൊപ്പം അതിന്റെ കച്ചവടമൂല്യം ഉയരുകയാണെന്നും ഷാരൂഖ് പറഞ്ഞു. ഈ പോക്ക് ഭിന്നിപ്പ് വളർത്തുന്ന നാശോന്മുഖമായ, ഒരു പൊതുബോധത്തെ സൃഷ്ടിക്കുമെന്നും ഷാരൂഖ് ഖാൻ ചൂണ്ടിക്കാട്ടി.
ഷാരൂഖ് ഖാന്റെയും ദീപിക പദുകോണിന്റെയും പുതുതായി പുറത്തിറങ്ങിയ ‘ബേഷാരം രംഗ്’ ഗാനം നടിയുടെ വസ്ത്രധാരണത്തിന്റെ പേരിലാണ് ചിലർ വിവാദമാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ചിത്രം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗമാളുകൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര രംഗത്തെത്തിയിരുന്നു.
Story Highlights: Shah Rukh Khan’s First Comments After ‘Pathaan’ Controversy Erupts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here