Advertisement

നിർഭയാ കേസിന് 10 വയസ്; ഒരു പെൺകുട്ടിക്ക് നീതി ലഭിക്കാനായി രാജ്യം ഒന്നിച്ചുനിന്നതിന്റെ ഓർമപ്പെടുത്തൽ

December 16, 2022
1 minute Read
nirbhaya case history

രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിന് ഇന്ന് 10 വയസ്. ഒരു പെൺകുട്ടിക്ക് നീതി ലഭിക്കാനായി രാജ്യം ഒന്നിച്ചുനിന്നതിൻറെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ഏഴ് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പ്രതികൾക്കു ശിക്ഷ ലഭിച്ചത്. ( nirbhaya case history )

2012 ഡിസംബർ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കൽ വിദ്യാർഥിനി അതുവഴി വന്ന ബസിൽ കയറി. ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ സംഘം പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതിയ പെൺകുട്ടി ഡിസംബർ 29 ന് ലോകത്തോടു വിട പറഞ്ഞു. സംഭവത്തിൽ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമുയർന്നു. പിടിയിലായ പ്രതികൾക്കു വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. ബസ് ഡ്രൈവർ രാംസിങ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരൻ മുകേഷ് സിങ്, ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു പ്രതികൾ.

പ്രതികളിൽ ഒരാളായ രാംസിങ് ജയിൽവാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതി പ്രായപൂർത്തിയാകാതിരുന്നതിനാൽ മൂന്നു വർഷത്തെ തടവിനു ശേഷം ജയിൽമോചിതനായി.രാജ്യം അന്നുവരെ കാണാത്ത പ്രതിഷേധമായിരുന്നു തുടർന്നുള്ള വർഷങ്ങളിലുണ്ടായിരുന്നത്. പിന്നാലെ നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതിയുടെ വിധി വന്നു. 2019 ഡിസംബർ 18ന് പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാൻ ദയാഹർജികളും പുനഃപരിശോധനാ ഹർജികളും തിരുത്തൽ ഹർജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികൾ നോക്കിയിരുന്നു.

എന്നാൽ 2020 മാർച്ച് 20ന് പുലർച്ചെ 5.30ന് ഇന്ത്യ കണ്ട ഏറ്റവും പൈശാചിക ക്രൂരകൃത്യത്തിലെ നാലു പ്രതികളെയും തൂക്കിക്കൊന്നു.കോടതികളായ കോടതികൾ കയറിയിറങ്ങി അവസാനം കുറ്റവാളികൾക്ക് തൂക്കുകയർ ലഭിച്ചപ്പോൾ മകൾക്ക് വേണ്ടിയുള്ള ആശാദേവിയെന്ന അമ്മയുടെ പോരാട്ടത്തിൻറെ വിജയത്തിന് കൂടിയാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.

Story Highlights: nirbhaya case history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top