പലപ്പോഴും സ്‌നേഹസമാധിയിൽ…!

കെ.പി. അപ്പൻ സാറിന്റെ ഓർമ്മദിനമായിരുന്നു ഡിസംബർ 15ന്. ഇതേപോലൊരു ദിവസമാണ് നിരൂപണസാഹിത്യത്തിലെ ഒരുപാട് മൂല്യവിചാരങ്ങളോട് ധിക്കാരത്തോടെ കലഹിച്ച അപ്പൻ സാർ കടന്നുപോയത്. അപ്പൻ സാറിന്റെ സാഹിത്യസംഭാവനകളെ അപഗ്രഥിക്കാൻ ഞാനാളല്ല. എഴുത്തിലെ ദർശനപരമായ മൗലികത കൊണ്ടും നിലപാടുകളിലെ എല്ലുറപ്പുകൊണ്ടും ഒരു തലമുറയെ മുഴുവൻ അത്ഭുതപ്പെടുത്തിയ ആളാണ് അപ്പൻ സാർ. അങ്ങനെ ഒരാളുടെ സംഭാവനയെ
വിലയിരുത്താൻ എന്റെ പരിമിതമായ അറിവ് എന്നെ അനുവദിക്കുന്നില്ല. അദ്ദേഹത്തിന്റെ കൃതികളിലൊക്കെ തിളങ്ങി നിൽക്കുന്ന ഒരു ലാവണ്യമുണ്ടല്ലോ, അത് ഹിമാലയം കയറി നിൽക്കുമ്പോൾ അതിന്റെ ഏറ്റവും അടിത്തട്ടിലാണ് ഞാൻ നിൽക്കുന്നത്. അങ്ങനെയൊരാൾക്ക് എങ്ങനെ അപ്പൻ സാറിന്റെ സാഹിത്യ സംഭാവനകളുടെ ചാരുത വിലയിരുത്താനാകും ?. അതുകൊണ്ട് തന്നെ ആ സാഹസത്തിന് ഞാൻ മുതിരുന്നില്ല. ( r sreekandan nair about kp appan )
അപ്പൻ സാർ ജീവിച്ചകാലത്തും അതുകഴിഞ്ഞും അദ്ദേഹത്തെ നെഞ്ചിൽ വിഗ്രഹംപോലെ കൊണ്ടുനടക്കുന്ന ഒരുപാട് ശിഷ്യരും സുഹൃത്തുക്കളും ഇപ്പോഴുമുണ്ട്. അവരിൽ പലരും അപ്പൻ സാറിന്റെ സാഹിത്യബാഹ്യമായ വാത്സല്യം ഒരുപാട് അനുഭവിച്ചവരാണ്. അതിലൊരാളാണ് ഞാനും എന്റെ ക്ലാസ്‌മേറ്റും സുഹൃത്തുമായ നീരാവിലെ എസ്. നാസറുമൊക്കെ. ഇത് തീർത്തും വ്യക്തിപരമായ ഒരു കുറിപ്പാണ്. അപ്പൻസാറിന്റെ സ്‌നേഹവും കരുതലും ഒരുപാട് അനുഭവിച്ച ഒരു ശിഷ്യന്റെ ആത്മാവിൽ കത്തുന്ന ഓർമ്മയുടെ ചില വളപ്പൊട്ടുകൾ. എന്റെ ജീവിതം മാറ്റിമറിച്ച കലാലയങ്ങളിൽ ഒന്നായിരുന്നു കൊല്ലം ശ്രീനാരായണ കോളജ്. ബി.എയ്ക്കും എം.എയ്ക്കും ഞാൻ അവിടെയാണ് പഠിച്ചത്. ബി.എയ്ക്ക് പഠിക്കാൻ ആദ്യവർഷം എസ്. എൻ. കോളജിലേക്ക് കടന്ന ഞാൻ അമ്പരന്നുപോയി. ആൺകുട്ടികൾ തി
ങ്ങിനിറഞ്ഞ ഒരു കോളജ് (ഇന്ന് മിക്‌സഡ് കേളജാണ്)… കോളജിലെ ആൾക്കൂട്ടത്തിലൂടെ, തിങ്ങിനിറഞ്ഞ ഇടനാഴികളിലൂടെ എല്ലാം കണ്ട് കൊതിതീർത്ത് ഒഴുകിനടക്കുകയായിരുന്നു ആദ്യകാലത്ത് ഞാൻ.
ഒരിക്കൽ പതിവുപോലെ എന്റെ സവാരിക്കിടയിൽ ഒരു ക്ലാസിന് മുന്നിൽ മാത്രം വല്ലാത്തൊരു ആൾക്കൂട്ടം എന്റെ ശ്രദ്ധയിൽപ്പെട്ടു. ക്ലാസ്സിനുള്ളിലും പുറത്തും ഒരുപാട് വിദ്യാർത്ഥികൾ കൂട്ടം കൂടി നിൽക്കുന്നു. വരാന്തയിൽ തിങ്ങിക്കൂടി നിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ഞാനും എന്റെ തലയിടിച്ച് കയറ്റി. ഒന്നും മനസ്സിലാകുന്നില്ല. അപ്പോഴാണ് ആനന്ദിന്റെ ‘ആൾക്കൂട്ട’ത്തെ കുറിച്ച് ഒരു വാഗ്‌ധോരണി ചെവിയിൽ മുഴങ്ങിയത്. ശാന്തത അതിന്റെ പൂർണ്ണതയിൽ തിളങ്ങിയ നിമിഷങ്ങൾ. അടുത്തുകണ്ട ഒരു വിദ്യാർത്ഥിയോട് ചോദിച്ചു ‘ഇവിടെയെന്താ’ ? ‘അപ്പൻ സാറിന്റെ ക്ലാസ്സാ… ആനന്ദിന്റെ നോവലുകളെ കുറിച്ച്…’ പിന്നീടാണ് മനസ്സിലായത് മലയാളം എം.എ. ക്ലാസ്സിലെ സാറിന്റെ പതിവ് ക്ലാസ്സാണെന്ന്. ‘എന്നും ഇങ്ങനെയാണോ ?’ ‘സാറ് പഠിപ്പിക്കാനുണ്ടെങ്കിൽ മാത്രം’… അക്ഷമനായ ആ വിദ്യാർത്ഥി പറഞ്ഞുനിർത്തി. ഇനിയും വിഡ്ഢി ചോദ്യങ്ങൾ ചോദിക്കാതെ ഞാനെന്റെ തല വലിച്ചു. ആരാണ് അപ്പൻ സാർ ? ഞാൻ സ്വയം ചോദിച്ചു. ആ സമയത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു കൃതിയായിരുന്നു കെ.പി. അപ്പൻ സാറിന്റെ ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’.
Read Also: ജയദേവൻ എന്നെ ചിലത് ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു
ഈ ‘സുവിശേഷക്കാരനാ’ണ് മലയാളം ക്ലാസ്സിലെ കുട്ടികളുടെ ഏറ്റവും പ്രിയങ്കരനായ അധ്യാപകൻ. കുഴിമതിക്കാടുകാരനായ പി.സി. സലിംകുമാർ പറഞ്ഞതുപോലെ ഒരുപാട് ശിഷ്യരുടെ വാക്കുകളിൽ അപ്പൻ സാർ തടിച്ചുകൊഴുത്തു. കാരണം അവരുടെ വാക്കുകളിൽ അപ്പൻ സാർ ഒരു യൂണിവേഴ്‌സിറ്റിയാണ്. ‘ആൾക്കൂട്ട’വും ‘മരണസർട്ടിഫിക്കറ്റു’മൊക്കെ പഠിപ്പിക്കുമ്പോൾ സാഹിത്യ ലോകത്തെ ഒരുപാട് പുതിയ പ്രവണതകളെ സാർ കാണിച്ചുതരും. പാശ്ചാത്യ ലോകത്തെ അത്യന്താധുനിക പ്രവണതകൾ വരെ കുട്ടികൾക്ക് കാട്ടിക്കൊടുത്ത വിസ്മയമായിരുന്നു അപ്പൻ സാർ. ക്ലാസ്സ് അറ്റൻഡുചെയ്യുന്ന വിദ്യാർത്ഥികൾക്ക് പറഞ്ഞുതുടങ്ങിയാൽ പിന്നെ
കൊതിതീരില്ല. അങ്ങനെയാണ് അപ്പൻസാറിനെകുറിച്ച് ഞാൻ കൂടുതൽ അറിയാൻ തുടങ്ങിയത്. ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’ രണ്ട് മൂന്ന് തവണ ഞാൻ വായിച്ചു. അതുവരെ കണ്ടിട്ടില്ലാത്ത വല്ലാത്തൊരു സൗന്ദര്യം അതിലെ ഭാഷയ്ക്കുണ്ടായിരുന്നു. ധിക്കാരം നിറഞ്ഞ ഒരു സമർപ്പണരീതി ആ പുസ്തകത്തിൽ അടിമുടിയുണ്ട്. സമീപനങ്ങളിലൊക്കെ എപ്പോഴും സാർ നിശിതമായ വാക്കുകൾ ഉപയോഗിച്ചു. മലയാള സാഹിത്യത്തിൽ ആധുനികത വെട്ടിത്തിളങ്ങാൻ തുടങ്ങിയ സമയമാ
യിരുന്നു അത്.
കൊല്ലം എസ്.എൻ.കോളജിലെ ഒരു മമ്മൂട്ടിയായിരുന്നു അപ്പൻസാർ. ഗ്ലാമറിന്റെ കാര്യത്തിൽ എന്നും മുന്നിൽ. എന്റെ ഗുരുനാഥനും രാഷ്ട്രമീമാംസ വിഭാഗം മേധാവിയുമായിരുന്ന എസ്.കെ രാജഗോപാൽ സാറും കെ.പി. അപ്പൻ സാറും വലിയ അടുപ്പക്കാരായിരുന്നു. അവർ രണ്ടുപേരും കൂടി കാമ്പസിലൂടെ നടന്നുപോകുന്നത് തന്നെ ഒരു കാഴ്ചയാണ്. ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് അതിന്റെ ലാവണ്യം മനസ്സിലാകും. ഗ്ലാമറിന്റെ കാര്യത്തിൽ രണ്ട് തലയെടുപ്പുള്ളവർ ഒരുമിച്ച് നീങ്ങിയാലുള്ള ഒരു സുഖകരമായ കാഴ്ച. കാമ്പസിന്റെ മൂലക്ക് മാറിക്കിടക്കുന്ന മലയാളം ഡിപ്പാർട്ട്‌മെന്റിലേക്ക് തൂവെള്ള ഷർട്ടും മുണ്ടുമുടുത്ത് നടന്നുനീങ്ങുന്ന അപ്പൻ സാർ എന്റെ കലാലയ ജീവിതത്തിലെ അന്നത്തെ ഏറ്റവും സുന്ദരമായ ഒരു കാഴ്ചയായിരുന്നു. കൈയിൽ നിവർത്തിപിടിച്ച ഒരു കുടയുണ്ടാകും. ചിലപ്പോൾ ഒന്നുരണ്ട് പുസ്തകങ്ങളും കൈയിലുണ്ടായെന്ന് വരും. മുഖത്ത് എപ്പോഴും കുട്ടികൾക്കായി വലിയ ചിരി ഒളിപ്പിച്ചുവയ്ക്കും. മുടിഞ്ഞ ഗ്ലാമറാണ് സാറിന് എന്നൊരിക്കൽ ഒരു വിദ്യാർത്ഥി പറയുന്നത് കേട്ടു..സാറിന്റെ ക്ലാസ്സിലിരിക്കുമ്പോൾ കുട്ടികളിൽ പലർക്കും ഒരുതരം കാൽപനിക ജ്വരം സാറിനോട് തോന്നിയിരുന്നുവെന്ന്
പിന്നീടാണ് എനിക്ക് മനസിലായത്. ഇക്കാര്യം ചോദിച്ചാൽ പെൺകുട്ടികൾ ഒളിപ്പിച്ചുവച്ച ഒരു ചിരിയുമായി കടന്നുകളയും. അറിവിന്റെ കടലിൽ നീന്തി നടക്കുന്ന ഒരു അധ്യാപകന് മറ്റുള്ളവർക്ക് എത്രവലിയ സമുദ്രങ്ങൾ കാണിച്ച് കൊടുക്കാൻ കഴിയുമെന്നതിന് ഉദാഹരണമായിരുന്നു അപ്പൻ സാർ.
ക്ലാസ്മുറികളിൽ പ്രഭാഷണങ്ങൾകൊണ്ട് ശിഷ്യൻമാരെ ധന്യമാക്കിയ ഈ അധ്യാപകൻ ഒരിക്കലും പ്രസംഗ വേദിയിൽ കയറിയിട്ടില്ല. ഏത് വേദിയിൽ പ്രസംഗിക്കാൻ വിളിച്ചാലും അദ്ദേഹം സ്‌നേഹപൂർവ്വം നിഷേധിക്കും. പ്രസംഗം തന്റെ കലയല്ല എന്നായിരുന്നു അപ്പൻ സാറിന്റെ ഭാഷ്യം. ഇതിന് അപവാദമായി നീരാവിലെ വേദിയിൽ മാത്രം അപ്പൻ സാറിനെ കണ്ടു. നവോദയ ഗ്രന്ഥശാലയിലെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിൽ അപ്പൻ സാറിനെ നിർബന്ധിച്ച് പിടിച്ചുകൊണ്ടുപോയത് നാസറാണ്. അത് നാസറിന്റെ മിടുക്ക്. സാറിന്റെ ജീവിതത്തിൽ കരിനിഴൽ വീശിയ നാളുകളിൽ മറക്കാൻ കഴിയാത്ത ഒരു സ്‌നേഹത്തിന്റെ നിഴലായി സാറിനൊപ്പമോ അതിനുമുന്നിലോ നാസർ നടന്നു. ഒരു പക്ഷേ, ജീവിതത്തിൽ നാസറിന് കിട്ടിയ ഏറ്റവും വലിയ സുകൃതമായിരുന്നു അത്. അർബുദം അപ്പൻ സാറിന്റെ സ്വാസ്ഥ്യം കെടുത്തിയ നാളുകളിൽ നാസറിന്റെ സമർപ്പണം എനിക്ക് കൂടുതൽ ബോധ്യപ്പെട്ടു. അപ്പൻ സാറിനെ ഒന്ന് അടുത്ത് പരിചയപ്പെടാൻ ഏത് വിദ്യാർത്ഥിയും കൊതിക്കുന്ന കാല
മായിരുന്നു അത്. അത്രയ്ക്കും മോഹിപ്പിക്കുന്ന പ്രതിഭാസമായിരുന്നു അപ്പൻ സാർ. അതിനിടയി ലാണ് ആ ഒരു സംഭവമുണ്ടായത് .
പൊതുവേ ഒരു അന്തർമുഖനെ പോലെയായിരുന്നു കോളജിൽ അന്നെന്റെ ജീവിതം. ഒരുപാട് സംസാരിക്കാൻ താൽപര്യമുള്ള ഒരു നാട്ടിൻപുറത്തുകാരനായിരുന്നെങ്കിലും കോളജിൽ എത്തിയപ്പോൾ അതൊന്നും പുറത്തെടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. മിടുക്കരായ കുട്ടികൾക്ക് നടുവിൽ അപകർഷതയോടെ നിന്ന ‘ഒരു മേലില’ക്കാരന്റെ ജീവിതം ക്ലച്ചുപിടിച്ചില്ല. ആളൊഴിഞ്ഞ കോളജിന്റെ ഒന്നാം നിലയിലെ ഇടനാഴിയിലൂടെ ഞാൻ വെറുതെ നടക്കുകയായിരുന്നു. അപ്പൻ സാറിന്റെ ക്ലാസ്സുണ്ടെങ്കിൽ വരാന്തയിൽ നിന്ന് കുറച്ചുനേരം അത് കേൾക്കണം. അപ്പോഴാണ് എന്റെ ക്ലാസ്‌മേറ്റായ പ്രതാപവർമ്മ തമ്പാൻ വേഗത്തിൽ എങ്ങോട്ടോ നടന്ന് പോകുന്നത് കണ്ടത്. കോളജിൽ ചേർന്ന അന്നുമുതലേ തമ്പാനോട് ഒരു അടുപ്പമുണ്ട്. തമ്പാൻ ഇന്ന് നമ്മോടൊപ്പമില്ല. ചാത്തന്നൂരിലെ നിയമസഭാംഗമായിരുന്നു പ്രതാപവർമ്മ തമ്പാൻ. എല്ലാവരോടും വേഗത്തിലടുക്കുന്ന രാഷ്ട്രീയ നേതാവായിരുന്നു തമ്പാൻ. ആ സ്വാതന്ത്ര്യത്തിൽ ഞാൻ ചോദിച്ചു ‘നീ എങ്ങോട്ടാ…?’ ‘നിന്നെ കൂട്ടാൻ കൊള്ളാവുന്ന സ്ഥലത്തേക്കല്ല പോകുന്നത് ‘ തമ്പാൻ മറുപടി പറഞ്ഞു. അത് എനിക്ക് വലിയ ഷോക്കായി. ചമ്മൽ മറച്ചുവച്ച് ഞാൻ വീണ്ടും ചോദിച്ചു. ‘അതെവിടെയാ ?’ തമ്പാൻ മറുപടി പറഞ്ഞില്ല. ചിരിച്ചുകൊണ്ട് കടന്നുപോയി.
ഒരു നാട്ടിൻപുറത്തുകാരന്റെ വീറും വാശിയും അപ്പോൾ എന്നിൽ സടകുടഞ്ഞ് എണീറ്റുവെന്നുവേണം പറയാൻ. ഞാനവന്റെ പിന്നാലെ കൂടി. അന്നു നടക്കുന്ന സംസ്ഥാനതല ശ്രീനാരായണ ഡിബേറ്റിംഗ് കോമ്പറ്റീഷനിൽ പ്രതാപവർമ്മ തമ്പാൻ മത്സരാർത്ഥിയായിരുന്നു. തമ്പാൻ മത്സരം നടക്കുന്ന ഹാളിനുള്ളിലേയ്ക്ക് കയറി. ചാർജ്ജിലുള്ള അധ്യാപകനോട് ഞാൻ ചോദിച്ചു. ‘എനിക്കുംകൂടി മത്സരത്തിൽ പങ്കെടുക്കാമോ സാർ ?’ മുന്നിലുള്ള കടലാസുകൾ പരിശോധിച്ചിട്ട് സാർ
പറഞ്ഞു. ‘താൻ കൂടി മത്സരിച്ചോ… ഈ കോളജിൽ നിന്നും രണ്ടുപേർക്ക് മത്സരിക്കാം. ഒരാൾ മാത്രമേ പേര് തന്നിട്ടുള്ളൂ’ ഞാൻ പേര് കൊടുത്തു. അന്ന് തമ്പാനോട് എനിക്ക് ഒരു വാശി തോന്നിയിരുന്നു. എന്നാൽ പിന്നീട് തമ്പാൻ എന്റെ എറ്റവുമടുത്ത സുഹൃത്തായെന്നത് മറ്റൊരുകാര്യം. അന്നത്തെ മത്സരത്തിൽ തമ്പാൻ കത്തിക്കയറുക തന്നെ ചെയ്തു. കെ.എസ്.യു നേതാവായിരുന്ന പ്രതാപവർമ്മ തമ്പാൻ കോളജിൽ അറിയപ്പെട്ട പ്രസംഗകൻ കൂടിയായിരുന്നു. മത്സരവേദിയിൽ എന്റെ കഴിവിന്റെ പരമാവധി സരസ്വതി വിളയാടിക്കാൻ ഞാൻ ശ്രമിച്ചു. മത്സരഫലം വന്നപ്പോൾ എനിക്ക് ഒന്നാം സ്ഥാനം കിട്ടി. ഞാൻ തമ്പാനോട് പറഞ്ഞു. ‘ട്രോഫി നീയെടുത്തോ. പക്ഷേ നീ പറഞ്ഞത് എന്നെ വല്ലാതെ മുറിവേൽപ്പിച്ചു. അതുകൊണ്ടൊന്ന് മത്സരിച്ച് നോക്കിയതാ ഞാൻ’. തമ്പാൻ രൂക്ഷമായി എന്നെയൊന്ന് നോക്കി കടന്നുപോയി.
Read Also: ക്ഷമിക്കണം പ്രിയങ്ക, ആ പിതാവ് ബൈബിളിന്റെ ആത്മാവ് തൊട്ടവനല്ല …
സത്യത്തിൽ ആ ഡിബേറ്റ് എന്റെ കണ്ണുതുറപ്പിച്ചു. എന്നിലൊരു പ്രസംഗകൻ ഉറങ്ങിക്കിടക്കുന്നുവെന്ന യാഥാർത്ഥ്യം എനിക്ക് കൂടുതൽ ബോധ്യപ്പെട്ടു. എന്നാലും മത്സരപ്രസംഗത്തിന്റെ വഴി എനിക്ക് തീരെ പരിചയമില്ലായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് എനിക്കൊരു ബുദ്ധി ഉപദേശിച്ച് തന്നത്. ഏത് പ്രസംഗത്തിന് മുന്നിലും ഒരു നെടുങ്കൻ ഉദ്ധരണി വച്ചു കാച്ചിയാൽ ജഡ്ജസ് അതിൽ വീണുപോകും. ‘അതിന് ഉദ്ധരണി നമുക്ക് എവിടെനിന്നു കിട്ടും?.ഞാൻ ചോദിച്ചു. ‘ചിന്നക്കട മാർക്കറ്റിൽ പോയാൽ അവിടെ നിന്നും പൊതിഞ്ഞ് കിട്ടും’. അവൻ എന്നെ കളിയാക്കി. ‘എടാ കഴുതേ… മലയാളം ഡിപ്പാർട്ടുമെന്റിൽ അപ്പൻസാറില്ലേ, അവിടെ ചെന്നാൽ ഉദ്ധരണി എത്ര വേണമെങ്കിലും കിട്ടും’. ഇതിനിടയിൽ കോളജിന്റെ ഇടനാഴിയിലൊക്കെ വച്ച് കാണുമ്പോൾ സാറിന്റെ മുന്നിൽ ഒന്നു ശ്രദ്ധനേടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. വല്ലപ്പോഴുമൊക്കെ കാണുമ്പോൾ സാറൊന്ന് ചിരിക്കും. അങ്ങനെയൊരു ദിവസം ആഗതമായി. അന്ന് ഒരു പ്രസംഗ മത്സരത്തിന്റെ ഊഴം എന്നെ തേടി വന്നു. സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാൻ മലയാളം ഡിപ്പാർട്ടുമെന്റിലേക്ക് ഓടി. അപ്പൻ സാർ മുറിയിൽ തനിച്ചായിരുന്നു. ഏതോ പുസ്തകത്തിൽ കണ്ണുകൾ പൂഴ്ത്തിയിരിക്കുന്നു. അതൊരു പതിവ് കാഴ്ചയാണ്. അൽപം ഭയത്തോടെ സാറിന്റെ മുന്നിൽ ഞാൻ ചെന്നുനിന്നു. ‘എന്താ..?’ സാറിന്റെ ചോദ്യം. ‘ഒരു ഉദ്ധരണി വേണം’ എന്റെ മറുപടി സാറിന് മനസ്സിലായില്ല. എല്ലാം വിശദമായി പറഞ്ഞപ്പോൾ ഉദ്ധരണി കിട്ടി. പേരും ക്ലാസ്സുമൊക്കെ സാർ ചോദിച്ചു. തലയിൽ തൊട്ട് അനുഗ്രഹവും തന്നു. മത്സരത്തിൽ എന്റെ ഊഴമായി. ‘മതം സാമൂഹിക വളർച്ചയ്ക്ക് വിഘാതമോ ?’ എന്നതായിരുന്നു വിഷയം. ഞാൻ വേദിയിൽ കയറി ജഡ്ജസിനെ ഒന്നുനോക്കി. ഞെട്ടിപ്പോയി. കവി തിരുനല്ലൂർ കരുണാകരനും, പുതുപ്പള്ളി രാഘവനും, പിന്നെ ഞാനറിയാത്ത ഒരാളും. എനിക്കെന്തോ ധൈര്യം ചോർന്നുപോയതുപോലെ. പക്ഷേ മുഴുവൻ ശക്തിയുമെടുത്ത് ഞാൻ പറഞ്ഞു.
‘അടച്ചിട്ട ശ്രീകോവിലിനുമുന്നിൽ പാതിയടഞ്ഞ മിഴികളുമായി നീ ആരെ തേടുകയാണ് ?. നീ കണ്ണുതുറക്കൂ. നിന്റെ മുന്നിൽ ദൈവമില്ല’. ഗീതാഞ്ജലിയിൽ ടാഗോർ അങ്ങനെയെഴുതി. തിരുനല്ലൂർ പുതുപ്പള്ളിയെ നോക്കി തലയാട്ടി. ഈ കൊച്ചൻ കൊള്ളാമല്ലോ. ഇവൻ അത്യാവശ്യം ഗീതാഞ്ജലിയൊക്കെ വായിച്ചിരിക്കുന്നു എന്ന രീതിയിൽ.വായിച്ചത് ഞാനല്ല അപ്പൻ സാറാണെന്നുള്ള കാര്യം തിരുനെല്ലൂരിന് ബോധ്യപ്പെട്ടില്ല. അപ്പൻ സാർ വായിച്ചതിന്റെ ഗുണഫലം കിട്ടിയത് എനിക്കാണ്. മത്സരം കഴിഞ്ഞ് ഫലം വന്നപ്പോൾ ഞാൻ ഒന്നാമനായി. നേരെ ഞാൻ മലയാളം ഡിപ്പാർട്ടുമെന്റിലേക്ക് ചെന്നു. സാറിനും സന്തോഷമായി. ‘ശ്രീകണ്ഠൻ നന്നായി ചെയ്തു. ശ്രീകണ്ഠൻ നല്ലൊരു കഥപറച്ചിലുകാരനാണെന്ന് ഇന്ന് ബോധ്യപ്പെട്ടെന്നാണ് മത്സരവേദിയിലുണ്ടായിരുന്ന ഒരു പ്രൊഫസർ പറഞ്ഞത്. ഒസ്‌കാർ കിട്ടിയ അനുഭവമായിരുന്നു എനിക്ക്. സാർ തുടർന്ന് പറഞ്ഞു. ‘നല്ല അധ്വാനം വേണം. ഇഷ്ടംപോലെ വായിക്കണം. എന്നാലെ നല്ലൊരു പ്രഭാഷകനാകൂ. മത്സരത്തിനാണെങ്കിൽ ചില ഗിമിക്കുകൾ മാത്രം മതി. എന്നാൽ ആത്മാർത്ഥതയുള്ള പ്രസംഗത്തിന് അത് പോര’.
അപ്പൻ സാറിന്റെ ഉപദേശങ്ങൾ ഇപ്പോഴുമെന്റെ കാതിൽ മുഴങ്ങുന്നുണ്ട്. ജീവിതത്തിൽ ഓരോ പരാജയം ഏറ്റുവാങ്ങുമ്പോഴും എന്നെ കൈപിടിച്ചുയർത്തുന്ന ഉപദേശങ്ങളാണത്. ഇപ്പോഴും ജീവിതത്തിൽ എന്റെ കൈത്താങ്ങ് അപ്പൻ സാറിന്റെ ഉപദേശങ്ങൾ തന്നെയാണ്. കൊല്ലം ജില്ലയിലെ ഏത് സ്ഥലങ്ങളിൽ പ്രസംഗമുണ്ടെങ്കിലും ഞാൻ അപ്പൻ സാറിന്റെ ഉദ്ധരണികൾ നന്നായി ഉപയോഗിക്കും. മിക്കസ്ഥലങ്ങളിലും ഈ ഉദ്ധരണികൾ ഏറുപടക്കം പോലെ പൊട്ടിച്ചിതറി. പ്രസംഗത്തിൽ ഏറെ ഗുണം കിട്ടുകയും ചെയ്തു.
കലാലയ പ്രസംഗമത്സരങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ ഞാൻ കോളജിലെ അറിയപ്പെട്ട ‘വാടകനാക്കായി’ മാറിക്കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെ, ദാ വരുന്നു കേരള സർവ്വകലാശാല യുവജനോത്സവം. ഈ സർവ്വകലാശാല യുവജനോത്സവത്തിന്റെ നടത്തിപ്പ് എന്റെ സുഹൃത്തും ക്ലാസ്സ്‌മേറ്റുമായ എൻ.ജയദേവനായിരുന്നു. ജയദേവൻ അന്ന് സർവ്വകലാശാല യൂണിയൻ ചെയർമാനാണ്. പ്രസംഗമത്സരത്തിൽ ഒരു മത്സരാർത്ഥിയായി ഞാനുമുണ്ട്. രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു മത്സരം. ആദ്യ ഘട്ടത്തിലെ ആറുപേരുടെ പട്ടികയിൽ ഞാനും സ്ഥാനം പിടിച്ചു. രണ്ടാംഘട്ട മത്സരം കൊല്ലം എസ്.എൻ കോളജിലാണ് നടക്കുന്നത്. മത്സരത്തിന്റെ തലേദിവസം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സഹമുറിയനായ ജയദേവൻ എന്നോട് പറഞ്ഞു. ‘നാളെ നീ മത്സരിക്കേണ്ട വിഷയം എന്റെ ബാഗിലുണ്ട് എന്നെ പറ്റിച്ച് നീയത് എടുത്ത് നോക്കിക്കളയരുത്’. ഞാൻ ആ രാത്രിയിൽ ഹരിശ്ചന്ദ്രനെപോലെ ഉറങ്ങി. ജയദേവന്റെ ബാഗിലെ പ്രസംഗമത്സരവിഷയം എന്തായിരിക്കുമെന്ന് ഒരു മിന്നൽപിണറായി തലയിൽകൂടി പാഞ്ഞുപോകുന്നുണ്ടായിരുന്നു. ആദ്യ ഘട്ടമത്സരത്തിൽ അപ്പൻ സാറിന്റെ അനുഗ്രഹം എനിക്ക് കിട്ടിയില്ല. മത്സരത്തിന്റെ അന്തിമഘട്ടംവന്നു. അ
പ്പോൾ ഞാൻ മലയാളം ഡിപ്പാർട്ടുമെന്റിലേക്ക് പോയി. സാറിന്റെ ഉദ്ധരണി കിട്ടാനുള്ള എന്റെ പതിവ് യാത്ര.
ഉദ്ധരണികളെല്ലാം ഞാൻ നന്നായി പഠിച്ചു. മത്സരവേദിയിൽ അടുത്തത് എന്റെ ഊഴമാണ്. ഇപ്പോൾ പ്രസംഗിക്കുന്നയാൾ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥി. തുടക്കം മുതൽക്കെ അയാൾ കത്തിക്കയറി. പോളണ്ടും ലെ വലെസയുമൊക്കെ ആ പ്രസംഗത്തിൽ തകർത്താടി. വലെസ ആരെന്നുപോലും അന്ന് എനിക്കറിയില്ലായിരുന്നു. ഒടുവിൽ എന്റെ അവസരമായി. ഞാൻ വേദിയിലേക്ക് കയറി. എന്തോ ഒരു പന്തികേട്. ഒരു പതർച്ച. എല്ലാം ബ്ലാങ്കായതുപോലെ. ശക്തി ചോരുന്ന അവസ്ഥ. ഇല്ല എനിക്കൊന്നും സംഭവിക്കുന്നില്ല, ഇല്ലാത്ത ധൈര്യം സംഭരിച്ച് ഞാൻ വേദിയിൽ നിന്നു. മുഖത്ത് വരുത്തി ചേർത്ത ചിരിയുമായി. സദസ് കാതുകൂർപ്പിച്ചിരിക്കുകയാണ്. സ്വന്തം കോളേജിലായതുകൊണ്ട് നല്ല ഗ്രൗണ്ട് സപ്പോർട്ടുണ്ട്. പ്രസംഗം തുടങ്ങി. തുടക്കത്തിലേ തന്നെ പ്രസംഗം പാളി. സദസിൽ നിലനിന്ന നിശബ്ദത നഷ്ടമായി. വരാന്തയിൽ കൂടി നിൽക്കുന്നവർ അസ്വസ്ഥരായി. അതിനിടയിൽ ആ മുഖം ഞാൻ കണ്ടു. അപ്പൻ സാർ… ഞാൻ ഞെട്ടിപ്പോയി. എന്റെ പ്രസംഗം കേൾക്കാൻ ആൾക്കൂട്ടത്തിനിടയിൽ അപ്പൻ സാറുമുണ്ട്. എന്നിൽ ബാക്കിയുണ്ടായിരുന്ന ധൈര്യം കൂടി ചോർന്നുപോയി. പിന്നീട് നോക്കിയപ്പോൾ അപ്പൻ
സാറിനെ കാണുന്നില്ല. മത്സരഫലം വന്നു. ആ ‘പോളണ്ടുകാരന്’ ഒന്നാം സ്ഥാനം കിട്ടി. ‘നീ നന്നായില്ല’ സുഹൃത്ത് ജയദേവൻ എന്റെ മുഖത്തടിച്ചപോലെ പറഞ്ഞു. അപ്പൻ സാറിന് എന്ത് തോന്നിക്കാണുമോ എന്തോ ?. ഞാൻ വിഷണ്ണനായി സാറിന്റെ അടുത്തേക്ക് ഓടി. ഒരു സോറി പറയാനായിട്ടായിരുന്നു യാത്ര. ഞാൻ ഏതാണ്ട് കരച്ചിലിന് വക്കോളമെത്തിക്കഴിഞ്ഞിരുന്നു. ‘അയ്യേ… എന്തിനാ വിഷമിക്കുന്നേ… എത്രയോ പ്രസംഗങ്ങൾ ശ്രീകണ്ഠൻ നന്നായി ചെയ്തിട്ടുണ്ട്.’ എനിക്ക്
വിഷമം കൂടി വന്നു. ‘ദേ നോക്ക്… ഈ സ്റ്റേജ് പ്രസംഗം എന്നത് ഒരു സംഭവിക്കലാണ്. ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചായിരിക്കും അത് വിജയിക്കുക. എന്റെ തോളിൽ തട്ടി സാർ ആശ്വസിപ്പിച്ചു. അതൊരു വലിയ ബന്ധത്തിന്റെ തുടക്കമായിരുന്നു. എന്റെ തോളിൽ സാറിന്റെ തട്ടൽ ജീവിതത്തിൽ പിന്നെയും പലതവണയുണ്ടായി. സാറിന്റെ ഇഷ്ടപ്പെട്ടവരുടെ ചെറിയ പട്ടികയിൽ ഞാനും കടന്നുകൂടി. എഴുത്തിന്റെ മൗലികമായ സ്വാതന്ത്ര്യം പ്രകടിപ്പിച്ച ഈ തിരസ്‌ക്കാരക്കാരൻ ഒരു ഒന്നാന്തരം മനുഷ്യസ്‌നേഹിയാണെന്ന തിരിച്ചറിവുണ്ടായ കാലമായിരുന്നു അത്.
ഒരു ദിവസം മാതൃഭൂമി വാരാന്ത പതിപ്പിൽ സുകുമാർ അഴീക്കോടിന്റെ സാഹിത്യനിലപാടിനെ ചവിട്ടിമെതിക്കുന്ന ലേഖനം സാർ എഴുതി. സ്റ്റേജിൽ പോരുകോഴിയെപോലെ അലറി സ്വന്തം സാഹിത്യജീവിതം നശിപ്പിച്ചുകളഞ്ഞവനാണ് സുകുമാർ അഴീക്കോട് എന്നുവരെ അദ്ദേഹത്തിന്റെ വിമർശനം കത്തിക്കയറി. അന്ന് ഉച്ചയ്ക്ക് ഒരു പതിവ് സന്ദർശകനായി അപ്പൻ സാറിന്റെ വീട്ടിൽ ഞാൻ ചെന്നു. അകത്ത് ഒരാളുണ്ടെന്ന് ഓമനടീച്ചർ പറഞ്ഞു. ഞാൻ കാത്തുനിന്നു. ഇറങ്ങിപ്പോകുന്ന ആളെ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. സാക്ഷാൽ സുകുമാർ അഴീക്കോട്. കടപ്പാക്കടയിൽ ഒരു പ്രസംഗത്തിന് വന്നതാണ് അദ്ദേഹം. അപ്പൻസാറിനെ അങ്ങോട്ട് ഫോണിൽ വിളിച്ച് വീട്ടിലെത്തിയതാണ് അഴീക്കോട് മാഷ്. എനിക്ക് അത് വിശ്വസിക്കാനായില്ല. ഞാൻ മുറിയിലേക്ക് കടന്നുചെന്നപ്പോൾ എന്റെ സംശയം മനസ്സിലാക്കിയെന്നോണം അപ്പൻ സാർ പറഞ്ഞു. ‘എഴുത്തൊന്നും വ്യക്തി ബന്ധങ്ങളെ ബാധിക്കാൻ പാടില്ല’. നിരൂപിക്കാനിരുന്നാൽ ഏത് വ്യക്തി ബന്ധത്തിന്റെയും വിളക്കണച്ചുകളയുന്ന അപ്പൻസാറാണ് ഇത് പറയുന്നത്. ഒരുപാട് എഴുത്തുകാർ അദ്ദേഹത്തിന്റെ അടുപ്പക്കാരായിരുന്നു. പക്ഷേ അതൊന്നും അവരുടെ സാഹിത്യകൃതികളെ കീറിമുറിക്കുമ്പോൾ സാർ കാണിക്കാറില്ല.
തൃശ്ശൂർ കേരളവർമ്മ കോളജിൽ ഒരു അദ്ധ്യാപകനായി ഞാൻ ജോലിയിൽ പ്രവേശിച്ച വിവരമറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് അപ്പൻ സാർ ആയിരുന്നു. പിന്നീട് ആ ജോലി രാജിവച്ച് ആകാശവാണിയിൽ എന്റെ പുതിയ തട്ടകം ഞാൻ കണ്ടെത്തി. ഈ വിവരമറിഞ്ഞപ്പോൾ സാറിനത് തെല്ല് അലോസരമുണ്ടാക്കിയെന്ന് എനിക്ക് പിന്നീട് മനസിലായി. ‘ഒരുമാധ്യമത്തിന്റെ വെല്ലുവിളിയ്ക്കു മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാനാകുമോ ശ്രീകണ്ഠന് ?’ ആ ചോദ്യം പലപ്പോഴും എന്റെ മനസ്സിൽ കിടന്ന് പൊട്ടി. ഇന്നും എനിക്ക് അതിന് ശരിയായ ഉത്തരം പറായാനായിട്ടില്ല. ഞാൻ അപ്പൻസാറിനുള്ള മറുപടി ഒരു ചിരിയിലൊതുക്കി. ടെലിവിഷനിൽ അറിയപ്പെടുന്ന ഒരു ബംഗാളി തൊഴിലാളിയായി ഞാൻ ഇന്നും ജീവിക്കുമ്പോഴും അപ്പൻ സാറിന്റെ അന്നത്തെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ എനിക്ക് ധൈര്യം കിട്ടിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നാളുകൾ കടന്നു പോയി. സാറിനെ കാണാനുള്ള അവസരങ്ങൾ കുറഞ്ഞുവന്നു. വല്ലപ്പോഴും ഫോൺ വിളിയിൽ ആ സൗഹൃദം ഒതുങ്ങി. എന്റെ സുഹൃത്തുക്കൾ പലരും അപ്പോഴും സാറിന്റെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. എം.എ. ബേബിയും എസ്. നാസറും എൻ.ജയദേവനുമൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു. ആകാശവാണി ജീവിതം അവസാനിപ്പിച്ച് ഞാൻ ഏഷ്യാനെറ്റിൽ കയറിയതും സാറിന് ഷോക്കായി. എല്ലാ സുരക്ഷിതത്വവും ഉറപ്പുവരുത്തി യു.പി.എസ്.സി. നൽകിയ കേന്ദ്രസർക്കാർ ജോലി വേണ്ടെന്നുവച്ച് അന്ന് നഷ്ടത്തിൽ പോകുന്ന ഏഷ്യാനെറ്റ് എന്ന സ്വകാര്യ കമ്പനിയിൽ കയറാൻ എടുത്ത തീരുമാനത്തിനു പിന്നിലെ ബുദ്ധി ആരുടേതായിരുന്നു എന്നാണ് അപ്പൻസാർ ചോദിച്ചത്. ഞാൻ മിണ്ടിയില്ല. ശ്രീകണ്ഠൻ ചിലപ്പോൾ അവിടെ വിജയിച്ചേക്കാം. പക്ഷേ അത്രയുംനാൾ എനിക്ക് ഒരു അശാന്തിയുണ്ടാകും. സാറിന്റെ വാത്സല്യം അണപൊട്ടുകയാണ്. എത്ര കരുതലാണ് ഈ മനുഷ്യൻ മനസ്സിൽ എനിക്ക് വേണ്ടി ഒളിപ്പിച്ചു വച്ചിരിക്കുന്നത്. വികാരം നിയന്ത്രിക്കാൻ ഞാൻ പാടുപെട്ടു. ‘റിസ്‌കിയായിട്ടുള്ള ഒരു തീരുമാനമാണ് സാർ’. ‘അതാ ഞാൻ പറഞ്ഞത്, ഹാർഡ് വർക്ക് ചെയ്താൽ മതി. ശ്രീകണ്ഠൻ വിചാരിക്കുന്നിടത്ത് എത്തും. റിസ്‌ക്ക് എടുക്കുന്നവരെ ജീവിതത്തിൽ എവിടെയെങ്കിലും എത്തിയ ചരിത്രമുള്ളൂ. എന്റെ വഴികളിൽ ഇരുട്ട് വീഴുമ്പോഴൊക്കെ ഒരു ടോർച്ചുവെളിച്ചം പകർന്ന വാക്കുകളായിരുന്നു എന്നും അപ്പൻ സാറിന്റേത്.
കലാകൗമുദിയിൽ ഞാൻ ഒരു ഫീച്ചർ എഴുത്തുകാരന്റെ കുപ്പായമണിഞ്ഞ കാലമായിരുന്നു അത്. സാർ അതൊക്കെ കാണുന്നുണ്ടോയെന്ന് എനിക്കൊരു ചെറിയ കൗതുകമുണ്ടായിരുന്നു. പക്ഷേ ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ ഒരിക്കലൊരു ഫോൺ സംഭാഷണത്തിനിടയിൽ സാർ എന്നോട് പറഞ്ഞു. ‘ഭാഷ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്.’ വാക്കുകൾ വളരെ ലുബ്ധിച്ച് ഉപയോഗിക്കുന്ന സാറിന്റെ ഒരു വിലയേറിയ സർട്ടിഫിക്കറ്റ് ആയിരുന്നു അത്. ഫീച്ചെറെഴുതുന്ന ആളിന്റെ ഭാഷയ്ക്ക് നാശമുണ്ടാകും എന്നുവിശ്വസിച്ച അപ്പൻസാറിലെ നിരൂപകൻ അതിൽ കൂടുതൽ വാചാലനായില്ല. പക്ഷേ ഞാനന്ന് വിളിച്ചത് അപ്പൻ സാറിന്റെ ഒരു ഭാഷാ പ്രയോഗത്തിന്റെ സൗന്ദര്യം പറഞ്ഞറിയക്കാനായിരുന്നു. കാക്കനാടന്റെ നോവലുകളിലെ അപഗ്രഥിക്കാൻ സാർ ഒരു തലക്കെട്ട് കണ്ടെത്തി. ‘പലപ്പോഴും ശിഥില സമാധിയിൽ’. കലാകൗമുദിയിലായിരുന്നു ഈ ലേഖന പരമ്പര വന്നത്. കാക്കനാടന്റെ കൃതികൾ തുടക്കത്തിലുണ്ടാക്കുന്ന ലാവണ്യവും കൗതുകവും ക്ലൈമാക്‌സിലേക്ക് എത്തുമ്പോൾ ചോർന്നുപോകുന്നു. സമാധിയിൽ ശിഥിലമായി പോകുന്നു എന്നായിരുന്നു അപ്പൻസാറിന്റെ കണ്ടെത്തൽ. അത് വായനക്കാരെ കുറച്ചൊന്നുമല്ല അ
ത്ഭുതപ്പെടുത്തിയത്.
കാക്കനാടനും എം.മുകുന്ദനും ഒ.വി വിജയനും ഉയർത്തിവിട്ട സാഹിത്യത്തിലെയും തത്വശാസ്ത്രത്തിലെയും കലാപത്തെ ഏറ്റവും പിന്തുണച്ച കെ.പി. അപ്പൻ കാക്കനാടന്റെ അപചയത്തെയും അതേ ഗൗരവത്തിൽ വിലയിരുത്തുന്നു. സാഹിത്യത്തിലെ ഈ ധിക്കാരം പിന്നീട് വളരെയേറെ വാഴ്ത്തപ്പെട്ടുവെന്നത് മറ്റൊരു കാര്യം. ലേഖനപരമ്പര മുഴുവൻ വായിച്ച് തീർന്നപ്പോൾ കാക്കനാടന്റെ വായിക്കാൻ കഴിയാതെ പോയ പല നോവലുകളും തേടിപ്പിടിച്ച് ഞാൻ വായിച്ചു. ശിഥില സമാധി
യിലാണോ കാക്കനാടൻ എന്നറിയാനുള്ള കൗതുകം കൊണ്ട്. എന്നാൽ എന്നെ ആകർഷിച്ചത് സാറിന്റെ ലേഖനപരമ്പരയേക്കാളും ആ തലക്കെട്ടായിരുന്നു. ‘പലപ്പോഴും ശിഥിലസമാധിയിൽ’. ഇന്നും ഞാൻ പല സുഹൃത്തുക്കളോടും ആ തലക്കെട്ടിന്റെ സൗന്ദര്യം പറയാറുണ്ട്. എന്റെ അവതാരക ജീവിതത്തിൽ എന്നും വജ്രായുധമായി പിന്നീട് ഈ വാക്കുകൾ. മലയാളത്തിലെ ആദ്യത്തെ ടോക്ക് ഷോ ‘നമ്മൾ തമ്മിൽ’ ഏഷ്യാനെറ്റിൽ അവതരിപ്പിച്ച് തുടങ്ങിയപ്പോൾ ഞാനെപ്പോഴും മന
സ്സിൽ പഠിപ്പിക്കും എന്റെ അവതരണം ശിഥില സമാധിയിലെത്താതിരിക്കാൻ. അവസാന സമയത്ത് കത്തിക്കയറുന്ന ഒരു രീതി ഞാൻ പിൻതുടരാൻ ശ്രമിച്ചതും ഗുഡ്‌ബൈ പറഞ്ഞ് ടോക്ക് ഷോ അവസാനിപ്പിക്കുന്നതും അപ്പൻസാറിന്റെ ഈ ശിഥിലസമാധിയെ ഭയന്നായിരുന്നു.
അന്നൊരു രാത്രിയിൽ അപ്പൻ സാർ എന്നെ വിളിച്ചു. ഞാൻ ക്ലോക്കിൽ നോക്കി. സമയം രാത്രി 11.20. ഞാനൊന്ന് അമ്പരന്നു. ഈ രാത്രിയിൽ അപ്പൻ സാർ എന്തിനാണ് വിളിക്കുന്നത് ? വല്ലാതെ ഭയപ്പെട്ടു. എന്തെങ്കിലും അപകടമോ മറ്റോ സംഭവിച്ചിരിക്കുമോ ? നേരം തെറ്റിയുള്ള വിളി സാറിന്റെ രീതിയല്ല. ആരെയും അങ്ങനെ അർധരാത്രി വിളിക്കുന്ന ആളുമല്ല സാറ്. ഞാൻ ശരിക്കും പേടിച്ചുപോയി.
സാർ ?
എന്താ ശ്രീകണ്ഠൻ ഈ കാണിച്ചത് ?
എന്തുപറ്റി സാർ ?
ഏഷ്യാനെറ്റിലെ ജോലി കളഞ്ഞോ ?
ഞാൻ അതേ എന്ന അർത്ഥത്തിൽ മൂളി.
കാർട്ടൂണിസ്റ്റ് പി. മോഹനൻ വൈകുന്നേരം വന്നു. അയാളാണ് പറഞ്ഞത് ശ്രീകണ്ഠൻ രാജിവച്ച
വിവരം.
(പി.മോഹനൻ എന്ന കാർട്ടൂണിസ്റ്റ് അപ്പൻ സാറിന്റെ അടുത്ത സുഹൃത്തായിരുന്നു. അന്ന് ഏഷ്യാനെറ്റ് ന്യൂസിലെ സ്റ്റാഫ് ആയിരുന്നു പി.മോഹനൻ. )
രാജിവച്ചു സാർ..
എന്താ പറയാഞ്ഞേ ?
രാജിവച്ചപ്പോൾ ആകെയൊരു ടെൻഷനായിരുന്നു. ആരെയും ഓർമ്മ വന്നില്ല. ജീവിതത്തിലെ പ്രധാന സംഭവങ്ങളൊക്കെ പറയാറുള്ള അപ്പൻ സാറിനെ വിളിച്ച് ഇക്കാര്യം പറയാതിരുന്നതിലുള്ള കുറ്റബോധത്തിൽ എന്റെ വാക്കുകൾ മുറിഞ്ഞു…
ഇതൊക്കെ ആലോചിച്ചിട്ട് തന്നെ ചെയ്തതാണോ ? നാളെ മുതൽ പാൽ വാങ്ങാനും, പത്രം വാങ്ങാനും പിള്ളാർക്ക് ട്യൂഷൻ ഫീസ് കൊടുക്കാനുമൊക്കെ കഴിയുമോ ?
സമ്പാദ്യശീലമില്ലാത്ത എന്റെ സ്വഭാവം അറിയുന്ന ആളായതുകൊണ്ട് അപ്പൻ സാർ ഓരോന്നോരോന്നായി ചോദിച്ചു. ഞാൻ കൂടുതൽ സംസാരിച്ചില്ല. എന്റെ നാളെകളെ പറ്റി അപ്പൻ സാർ വല്ലാതെ ഉത്കണ്ഠപ്പെടുന്നു. ഫോൺ വയ്ക്കുമ്പോൾ എന്റെ ആശങ്കയും ഭയവും ഇരട്ടിച്ചുവെന്നത് യാഥാർത്ഥ്യം. കൂടുതൽ ഭയപ്പാടോടെ ഞാൻ ഉറങ്ങാൻ കിടന്നു. ഭാര്യ പിന്നെയും പിന്നെയും നിർബന്ധിച്ച് ചോദിച്ചു ‘ എന്താ പറ്റിയത് ?’. ‘ഇല്ല, അപ്പൻ സാർ വിളിച്ചതാ’. കണ്ണുകൾ ഇറുക്കി അടച്ച് ഞാൻ ഉറങ്ങാൻ കിടന്നു. അപ്പൻ സാറിന്റെ വാത്സല്യം അനുഭവിച്ചാലേ മനസിലാകൂ സാർ എത്ര ഹൃദയാലുവായിരുന്നുവെന്ന്.
എന്റെ മൂത്ത മകൾ ചാരുതയെ പ്രസവിച്ച് ഭാര്യ ഉഷ കൊല്ലം നായേഴ്‌സ് ഹോസ്പിറ്റലിൽ കിടക്കുന്നു. ആശുപത്രി മണത്തിന്റെ മുഷിപ്പിൽ നിന്നും രക്ഷപ്പെടാനായി ഞാനൊരു വൈകുന്നേരം കടപ്പാക്കടയിലേക്ക് ഇറങ്ങി നടന്നു. മടങ്ങി വരുമ്പോൾ ഭാര്യ എന്നോട് പറഞ്ഞു. ‘അപ്പൻ സാർ വന്നിരുന്നു. സാറും ഭാര്യയും കൂടിയാണ് വന്നത്’.
അവർ കൊണ്ടുവന്ന സോപ്പും പൗഡറുമൊക്കെയെന്ന് പറഞ്ഞ് ഒരു സമ്മാനപ്പൊതി അവൾ കാണിച്ചുതന്നു. എനിക്ക് വിശ്വസിക്കാനായില്ല. ആധുനിക സാഹിത്യത്തിന്റെ ക്ഷോഭിക്കുന്ന സുവിശേഷം പറയുന്ന ആൾ സോപ്പും ചീപ്പുമായി പ്രസവിച്ച് കിടക്കുന്ന സ്ത്രീയെയും കുഞ്ഞിനെയും കാണാൻ പോവുകയോ ? ഞാൻ വിശ്വസിച്ചില്ല.
‘നിനക്ക് ആള് തെറ്റിയതാകും. അപ്പൻ സാർ ആയിരിക്കില്ല അത്.’ ഞാൻ ഭാര്യയോട് പറഞ്ഞു. ഞാൻ ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ ? അത് അപ്പൻ സാർ തന്നെയാ… ഭാര്യ തറപ്പിച്ചു പറഞ്ഞു.
ആ വാക്കുകൾ വിശ്വസിക്കാനാകാതെ ഞാൻ പുറത്തേയ്ക്ക് ഇറങ്ങി. അടുത്തുള്ള ഒരു കടയിലെ ലാൻഡ്‌ഫോണിൽ നിന്നും ഞാൻ അപ്പൻ സാറിനെ വിളിച്ചു.
സാർ ഇവിടെ വന്നിരുന്നോ ?
ങാ, ശ്രീകണ്ഠൻ എവിടെ പോയിരുന്നു ?
സാർ…ഞാൻ ഇത് പ്രതീക്ഷിച്ചില്ല.
അതെന്താ ? ശ്രീകണ്ഠൻ എനിക്കിഷ്ടപ്പെട്ട ആളല്ലേ ?
പിന്നെയും സാറിന്റെ സ്‌നേഹം പിടയ്ക്കുന്ന വാക്കുകൾ…എന്റെ കണ്ണുകൾ നിറഞ്ഞു പോകാതിരിക്കാൻ ഞാൻ പണിപ്പെട്ടു.
സാർ ആർ.സി.സി.യിൽ രോഗിയായി കിടക്കുമ്പോൾ ഞാൻ ഭാര്യയേയും കൂട്ടി കാണാൻ ചെന്നു. ആളിനെ കണ്ടപ്പോൾ തകർന്നുപോയി. കൊല്ലം എസ്.എൻ. കോളജ് കാമ്പസിൽ ഗ്ലാമർ താരമായി വിലസിയ എന്റെ അപ്പൻ സാർ ശോഷിച്ച് കോലം കെട്ട് കിടക്കുന്നു. കണ്ണുകളിൽ മാത്രം ഇപ്പോഴും ആ പഴയ തിളക്കം ബാക്കിയുണ്ട്. ഞാൻ സാറിന്റെ കൈകളിൽ പിടിച്ചു. കൈകൾക്ക് വല്ലാത്ത തണുപ്പ്. സാറും എന്റെ കൈയിൽ പിടിച്ച് എന്തോ പറയാൻ ശ്രമിച്ചു. പിന്നീട് എന്റെ മുഖം കാണാതിരിക്കാൻ തിരിഞ്ഞു കിടന്നു. അപ്പോഴും എന്റെ കൈയിലെ പിടി വിട്ടിരുന്നില്ല. പെട്ടെന്ന് മുഖം തിരിച്ച് എന്നോട് പറഞ്ഞു.
‘ഉച്ചയ്ക്ക് ബേബി (എം.എ. ബേബി) വന്നിരുന്നു. ശ്രീകണ്ഠൻ പൊയ്‌ക്കോ’. എനിക്കൊന്നും മനസിലായില്ല. പിന്നീടാണ് സാർ അത് പറഞ്ഞത്. ‘വേദന എനിക്ക് താങ്ങാൻ പറ്റുന്നില്ല. നിങ്ങളിങ്ങനെ നിൽക്കുമ്പോൾ എനിക്കൊന്ന് ഉറക്കെ കരയാൻ പോലും പറ്റുന്നില്ല. ശ്രീകണ്ഠൻ പൊയ്‌ക്കോ’. ഞാൻ പിന്നെയും കുറച്ച് നേരം അവിടെ പിടിച്ചുനിന്നു. അതിനിടയിൽ എപ്പോഴോ, സാർ പറഞ്ഞു.
‘ഇന്നലെ വേദന കലശലായിരുന്നു. ഉറക്കം വരാതെ കിടന്നപ്പോൾ ശ്രീകണ്ഠന്റെ മകൾ ചാരുവിനെ കുറിച്ച് ഓർത്തു. അവളായിരുന്നു ഇന്നലെ എന്റെ ചിന്ത നിറയെ’.
21 കൊല്ലം മുൻപ് നായേഴ്‌സ് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ, ആർ.സി.സി.യിൽ കിടക്കുന്ന അവസ്ഥയിലും ഓർത്തുപോയെന്ന് പറയുന്നു. എനിക്ക് വിശ്വസിക്കാനായില്ല. ‘അവളെ ഓർത്ത് കിടന്നപ്പോൾ എനിക്ക് വല്ലാത്തൊരു ശാന്തിയും സമാധാനവും കിട്ടിയതുപോലെ. വേദനയും ഇത്തിരി കുറഞ്ഞു’ അവിശ്വസനീയമായ സാറിന്റെ വാക്കുകൾ…
നമ്മുടെ മനുഷ്യജീവിത്തിൽ വിചിത്രമായ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കും എന്നെനിക്ക് അന്ന് ബോധ്യപ്പെട്ടു. പിറ്റേന്ന് ചാരു മോളെയും കൂട്ടി ഞാൻ ആർ.സി.സി.യിൽ ചെന്നു. അവളെ കണ്ടപ്പോൾ സാറിന് എന്തെന്നില്ലാത്ത സന്തോഷം. അവളുടെ കണ്ണുകളിൽ ഞാൻ നോക്കി. ചാരുവിന്റെ കൈകളിൽ അദ്ദേഹം തലോടിക്കൊണ്ടിരുന്നു. എപ്പോഴോ അവളുടെ മുടിയിഴകളിൽ ഒന്ന് തൊട്ടുതലോടി..ഒരനുഗ്രഹം പോലെ. ചാരു ഒന്നും സംസാരിച്ചില്ല. സാർ അവളെ സ്വപ്നം കണ്ടതൊക്കെ അവളോട് പറയുന്നുണ്ടായിരുന്നു. ‘ഇവളോട് എനിക്ക് ജന്മാന്തര ബന്ധമുണ്ട് ശ്രീകണ്ഠാ’. രണ്ട്് പതിറ്റാണ്ടിനിടെ ഒരിക്കൽപോലും
കണ്ടിട്ടില്ലാത്ത ഒരാളോടുള്ള ബന്ധത്തെ കുറിച്ചാണ് സാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോഴും എനിക്ക് പിടികിട്ടുന്നില്ല, സാറിന്റെ ഈ വിചിത്രമായ അനുഭവം.
ചാരുവിനോട് സാർ പറഞ്ഞു ‘എല്ലാം സുഖപ്പെട്ട് കൊല്ലത്തെ വീട്ടിലേക്ക് പോകും. തിരിച്ചെത്തുമ്പോൾ ഞാൻ സുപ്രിം ബേക്കറിയിൽ നിന്നും നല്ല കേക്ക് വാങ്ങിച്ചുതരും. വീട്ടിൽ വരണം.’
ആർ.സി.സി.യിലെ സാറിന്റെ ലോകം സന്ദർശകരുടെ കണ്ണ് നനയിച്ചു. അവിടെ ഓമന ടീച്ചറും മക്കളും കഴിഞ്ഞാൽ എല്ലാത്തിനും ഓടി നടക്കാൻ നാസറുണ്ടായിരുന്നു. അപ്പൻ സാറിന്റെ മനസ് ഇത്രയും വായിച്ചറിഞ്ഞ മറ്റൊരാളുണ്ടായിട്ടില്ല…നാസറിനെ പോലെ. കേരള കൗമുദിയിലെ എസ്. ഭാസുരചന്ദ്രനും അപ്പൻ സാറിന്റെ സ്ഥിരം
സന്ദർശകനായിരുന്നു. ആശുപത്രി കിടക്കയിൽ സാറിന് ഏറ്റവും ഇഷ്ടപ്പെട്ട കപ്പയും മീൻകറിയും വച്ച് എന്റെ ഭാര്യ ഓരോ ദിവസവും അവിടെ കടന്നുചെന്നു. അതൊക്കെ സാർ ആസ്വദിച്ച് കഴിച്ചത് ഉഷയ്ക്ക് സന്തോഷമായി. ഒരു ദിവസം ആർ.സി.സി.യിൽ നിന്ന് തിരിച്ച് മടങ്ങുമ്പോൾ ഞാൻ ഉഷയോട് പറഞ്ഞു’ഞാൻ കൊടുക്കുന്ന ഗുരുദക്ഷിണയാകും സാറിന് ആ കപ്പയും മീനും. അതാ സാറിന് ഇത്രയും സന്തോഷം’.
ഒരു ദിവസം ഞാനും നാസറും കൂടി സാറിനെ ഒരു ടെസ്റ്റിന് കൊണ്ടുപോയി. സ്ഥിരമായി സാറിന്റെ കുടുംബവും നാസറുമാണ് അത് ചെയ്യുന്നത്. അന്ന് ഞാൻ കൂടി ചേർന്നു. എത്ര ശ്രമിച്ചിട്ടും എം.ആർ.ഐ. സ്‌കാനിംഗ് മെഷീനുള്ളിലേയ്ക്ക് സാറിനെ കയറ്റിക്കിടത്താൻ കഴിയുന്നില്ല. അവസാനം സ്‌ട്രെച്ചറിൽ നിന്നും പുതപ്പോടെ ഞാനും നാസറും കൂടി സാറിനെ കോരിയെടുത്ത് മെഷീനിലേക്ക് വച്ചു. ഷീറ്റ് കൂട്ടിപ്പിടിച്ച് സാറിനെ പൊക്കിയെടുക്കുന്നതിനിടയിൽ ഉണ്ടായ നേരിയ വിടവിനിടയിലൂടെ മ്ലാനവദനനായി സാർ എന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു മഹാദുരന്തത്തിന് നടുവിൽ തളർന്നു പോയ, സാഹിത്യ രംഗത്തെ ഒറ്റയാനായ ധിക്കാരി. ചിന്തയുടെ പേടിപ്പെടുത്തുന്ന ഏത് കാട്ടിലേക്കും മനസിനെ മേയാൻ വിട്ട ഒരു എഴുത്തുകാരന്റെ ശാരീരിക തളർച്ചയുടെ നിമിഷങ്ങൾ. അത് കൂടുതൽ കാണാനാകാതെ ഞാൻ എന്റെ കണ്ണുകൾ പിൻവലിച്ചു. അപ്പോഴും അപ്പൻ സാർ എന്റെ മുഖത്ത് നിന്നും കണ്ണെടുത്തിരുന്നില്ല. സാർ ആർ.സി.സി.യിൽ നിന്നും വീട്ടിലേക്ക് മടങ്ങി. രോഗം തെല്ലൊന്ന് ശമിച്ചുവെന്ന് ഞാൻ കരുതി. പക്ഷേ കാൻസർ പരാജയപ്പെടാൻ തയാറായില്ല. വളരെ വൈകാതെ ആ വാർത്ത വന്നു. കൊല്ലത്തെ ഒരു സുഹൃത്താണ് നടുക്കമുണ്ടാക്കിയ ആ സത്യം എന്നോട് പറഞ്ഞത്. അപ്പൻ സാർ മരിച്ചു.
ഒരിക്കലെങ്കിലും സാറിനെ കണ്ടിട്ടുള്ളവർക്ക് താങ്ങാൻ കഴിയാത്ത വാർത്തയായിരുന്നു അത്. എന്നും ഒരു മകനെ പോലെയായിരുന്നു ഞാൻ സാറിന്. എന്നെ പോലെ എത്രയോ പേരുടെ ജീവിതം മാറ്റിമറിച്ച സ്‌നേഹ വാത്സല്യമായിരുന്നു അപ്പൻ സാർ. എനിക്കിപ്പോഴും ഒരു അസുഖം ബാക്കിയുണ്ട്. അടുപ്പമുള്ള ആരെങ്കിലും കടന്നുപോയാൽ ഞാൻ അവരുടെ നമ്പർ സെൽഫോണിൽ നിന്നും നീക്കാറില്ല. അത് ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കും. അപ്പൻ സാറിന്റെ കൊല്ലത്തെ വീട്ടിലെ ലാൻഡ് നമ്പർ ഇപ്പോഴും എന്റെ മൊബൈലിൽ ഉണ്ട്. വിളിക്കാൻ ആളില്ലാതെ…
സാർ മരിച്ച ദിവസം നാടിന്റെ ഒരുപാട് സ്ഥലങ്ങളിൽ നിന്നും ഏറെ ആളുകളെത്തി. ആൾക്കൂട്ടത്തിനിടയിൽ വിഷണ്ണനായി ഒരാൾ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു…. പിണറായി വിജയൻ. ശരിക്കും ഞാൻ ഞെട്ടി. പിണറായി വിജയൻ എന്ന രാഷ്ട്രീയ അതികായൻ അപ്പൻ സാറിന്റെ ആരാകും ? ആകാംക്ഷയോടെ ഞാൻ വിജയേട്ടന്റെ അടുത്ത് പോയി ഇരുന്നു.
‘വിജയേട്ടന് അപ്പൻ സാറുമായി അടുപ്പം ഉണ്ടായിരുന്നോ ?’
ഞാൻ ചോദിച്ചു.
‘ഞങ്ങൾ മിക്കവാറും രാത്രിയിൽ സംസാരിക്കാറുണ്ടായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളാണ് കൂടുതൽ സംസാരിക്കുക. ചിലപ്പോഴൊക്കെ സാഹിത്യവും അപൂർവമായി രാഷ്ട്രീയവും’. എനിക്ക് ശരിക്കും അത്ഭുതമായി. വിജയേട്ടനുമായി ഇത്രയധികം ചങ്ങാത്തം സൂക്ഷിച്ചിരുന്ന കാര്യം ഒരിക്കൽ പോലും സാർ എന്നോട് പറഞ്ഞിട്ടില്ല. ‘ഞാൻ മാത്രമല്ല വി.എസും. അപ്പനുമായി അടുപ്പമുള്ള ആളായിരുന്നു. കെ.പി അപ്പൻ മനസിൽ എത്ര നന്മയുള്ള ആളായിരുന്നു’ വിജയേട്ടൻ പറഞ്ഞു നിർത്തി. കുറേ നേരം അവിടെ ചെലവഴിച്ചിട്ടാണ് വിജയേട്ടൻ പോയത്.
എല്ലാവർക്കും അവരുടെ ഒരു കൂടപിറപ്പ് നഷ്ടപ്പെട്ട ഒരു അനുഭവമായിരുന്നു അന്ന്. അപ്പൻ സാറിന്റെ മഹാമനസ്‌കത കാരണം ഓരോരുത്തർക്കും അവരോടാണ് സാറിന് ഏറ്റവും കൂടുതൽ അടുപ്പവും സ്‌നേഹവുമുണ്ടെന്ന് തോന്നിപ്പോകും. അതായിരുന്നു കെ.പി അപ്പൻ മാജിക്ക്. മരണത്തിന്റെ അഞ്ചാം ദിനം കർമങ്ങളൊക്കെ കഴിഞ്ഞ് വീട്ടിൽ നിന്നും ആളുകൾ ഒഴിഞ്ഞു തുടങ്ങി. പെട്ടെന്ന് സാറിന്റെ ഇളയ മകൻ കാറിന്റെ കീ തപ്പുന്നത് കണ്ടു. പുറത്തേക്ക് പോകാൻ തുടങ്ങുകയാണ്.
‘എന്തെങ്കിലും വാങ്ങാനാണെങ്കിൽ ഞാൻ പോയി വരാം’ ഞാൻ പറഞ്ഞു. ‘സുപ്രീം ബേക്കറി വരെ പോകണം. അച്ഛൻ മരിക്കുന്നതിന് മുൻപ് ഒരു കാര്യം ഏൽപ്പിച്ചിരുന്നു. ചാരുത വരുമ്പോൾ അവൾക്ക് കേക്ക് വാങ്ങിച്ചു കൊടുക്കണമെന്ന്. ആർ.സി.സി.യിൽ വച്ച് അവളോട് പറഞ്ഞിട്ടുള്ള കാര്യമാണെന്ന്’. എന്റെ കണ്ണ് നിറഞ്ഞുപോയി… ആശുപത്രി കിടക്കയിൽ ദുസ്സഹമായ വേദനകൊണ്ട് പുളയുന്ന ഒരു രോഗി എന്റെ മകൾക്ക് കേക്ക് വാങ്ങിച്ചുകൊടുക്കുന്ന കാര്യം മരിക്കുന്നതിന് മുൻപേ മകനെ പറഞ്ഞ് ഏൽപ്പിച്ചിരിക്കുന്നു. എനിക്ക് പിന്നേയും അപ്പൻ സാറിനെ പിടികിട്ടുന്നില്ല.
എന്റെ കണ്ണീരിൽ കുതിർന്ന ഈ ചിന്തകൾ കൊല്ലം എസ്.എൻ. കോളജിലെ അനുസ്മരണ യോഗത്തിൽ ഞാൻ പങ്കുവച്ചു. ഇത് കേട്ട് വേദന താങ്ങാനാകാതെ സദസിലിരുന്ന് എം.എ. ബേബിയുടെ സഹധർമിണി ബെറ്റി ബേബി കരയുന്നുണ്ടായിരുന്നു. അവർക്കൊക്കെ അപ്പൻ സാറിനോട് അത്ര കൂടുതൽ അടുപ്പമുണ്ടായിരുന്നു. അപ്പൻ സാറിനെ കുറിച്ചുള്ള ഓരോ ചിന്തയും അവർക്ക് ഇപ്പോഴും വേദനയുണ്ടാക്കും എന്ന് എനിക്കറിയാം. എനിക്ക് മാത്രമല്ല ആയിരക്കണക്കിന് ശിഷ്യഗണങ്ങൾക്കും സ്‌നേഹസാഗരമായിരുന്നു അപ്പൻ സാർ. ആശങ്കയുടെ ഇടവഴിയിൽ ഇരുട്ട് പരക്കാൻ തുടങ്ങിയാൽ അപ്പൻ സാറിന്റെ വെളിച്ചം വിതറുന്ന ഉപദേശങ്ങൾ എനിക്ക് കൂട്ടാകും. വീണു പോകാതിരിക്കാൻ എപ്പോഴും ജീവിതത്തിന്റെ ഊന്നുവടിയാണ് സാറിന്റെ വാത്സല്യം. ആത്മാവിൽ കത്തുന്ന ചിതയിലെ അണയാത്ത സ്‌നേഹ വെളിച്ചമാണ് എന്നും എനിക്ക് അപ്പൻ സാർ.
Story Highlights: r sreekandan nair about kp appan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here