‘ലഹരിക്കടത്തിന് പിന്നിലെ ആ പ്രമുഖരെ വെളിപ്പെടുത്തും, മുഖ്യമന്ത്രിക്ക് രഹസ്യ റിപ്പോര്‍ട്ട് കൈമാറും’ ; SKN40 കേരള യാത്രയ്ക്ക് സമാപനം

ലഹരിയ്ക്കും അക്രമത്തിനുമെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ നയിച്ച SKN40 കേരള യാത്രയ്ക്ക് കോഴിക്കോട് പ്രൗഢഗംഭീര സമാപനം. ജനലക്ഷങ്ങളാണ് കോഴിക്കോട് കടപ്പുറത്തേയ്ക്ക് ലഹരിയ്‌ക്കെതിരായ പോരാട്ടത്തിനായി ഒഴുകിയെത്തിയത്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിനെത്തി.
ലഹരിയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയെന്ന ദൃഡപ്രതിജ്ഞയാണ് കേരളയാത്രയുടെ സമാപനത്തില്‍ എടുത്തത്. എന്‍എസ്എസ് വൊളണ്ടിയര്‍മാരെത്തിച്ച ദീപശിഖ എസ്‌കെഎന്‍ ഏറ്റുവാങ്ങി. ശേഷം വേദിയ്ക്കരികില്‍ ദീപശിഖ തെളിയിച്ചു. ലഹരിയ്‌ക്കെതിരായ നൃത്തരൂപത്തോടെ സമാപന ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമായത്.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലഹരിയ്‌ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിയ്ക്കുന്നതെന്നും ലഹരി ഉപയോഗത്തില്‍ പുതിയ തലമുറയെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ലഹരിയ്‌ക്കെതിരായ പോരാട്ടത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കേരളത്തിന്റെ ഹൃദയത്തിലൂടെ നടത്തിയ യാത്രയില്‍ കണ്ട കാഴ്ചകളെല്ലാം മനസിനെ നോവിയ്ക്കുന്നതും പൊള്ളിയ്ക്കുന്നതുമായിരുന്നുവെന്ന്
ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ഏറ്റവും അവസാനത്തെ രാസലഹരിയ്ക്കാരനും കേരളം വിട്ടുപോകുന്നതു വരെ പോരാടണമെന്നും എസ്‌കെഎന്‍ വ്യക്തമാക്കി. കേരളത്തിലെ ഒരു പ്രദേശം പോലും ഈ രാസലഹരിയില്‍ നിന്ന് മുക്തമല്ലെന്നും എസ്‌കെഎന്‍ പറഞ്ഞു. ഈ യാത്ര അവസാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഗവേഷണ സംഘം ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതില്‍ രണ്ട് ഭാഗങ്ങളുണ്ടാകും. ഒരു ഭാഗം എല്ലാവര്‍ക്കും വായിക്കാന്‍ പറ്റുന്ന രീതിയില്‍ പ്രസിദ്ധപ്പെടുത്തും. രണ്ടാമത്തെ ഭാഗം കോണ്‍ഫിഡന്‍ഷ്യല്‍ ആയിരിക്കും. അതില്‍ കേരളത്തിലേക്ക് രാസ ലഹരി കടത്തുന്നതില്‍ ഉള്‍പ്പെട്ടിട്ടുള്ള പണക്കാര്‍, പൊതു പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യാഗസ്ഥര്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെയെല്ലാം കളര്‍ ചിത്രങ്ങള്‍ സഹിതം ഉള്‍പ്പെടുത്തും – അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ ട്വന്റിഫോര്‍ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. അവസാനം വരെ ഈ വിപത്തിനെതിരെ പോരാടാന്‍ തങ്ങള്‍ എല്ലാവരുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ നടത്തിയ യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മനസിലാക്കാന്‍ ട്വന്റിഫോര്‍ സംഘത്തിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ കേരളം മുന്നിലെന്നും ഉറവിടം കണ്ടെത്തി നശിപ്പിക്കണമെന്നും എം കെ രാഘവന്‍ എംപി ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു. ലഹരിക്കെതിരായ SKN40 കേരളയാത്രയുടെ ഒരു മാസക്കാലം നീണ്ട ദൗത്യം സഫലമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
എസ്‌കെഎന്‍ കാലഘട്ടത്തിന്റെ പ്രവാചകനെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രശംസിച്ചു. ലഹരിക്കെതിരായ ഈ പോരാട്ടം അവസാനിക്കുകയല്ലെന്നും തുടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യനെ ഉയര്‍ത്തെഴുന്നേല്‍പ്പിയ്ക്കാന്‍ എസ്‌കെഎന്‍ നടത്തിയ യാത്രയാണിത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഭാഗമാകുമെന്ന് വിളിച്ചുപറയണം. എസ്‌കെഎന്നൊപ്പം എല്ലാവരും അണിചേരണം – അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് പൂര്‍ണ പിന്തുണയുമായി ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ഗുരുരത്‌നം ജ്ഞാനതപസ്വിയും എത്തി.
ലേക്‌ഷോര്‍ സിഇഒ ജയേഷ് വി നായര്‍, സൈലം ഡയറക്ടര്‍ ലിജീഷ് കുമാര്‍, മൈജി ചെയര്‍മാന്‍ എ കെ ഷാജി, ഫ്‌ളവേഴ്‌സ് സിഒഒ സന്തോഷ് ജെ നായര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്വന്റിഫോര്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ കെ ഗോപീകൃഷ്ണന്‍ സ്വാഗതവും അസിസ്റ്റന്‍ എക്‌സ്‌ക്യൂട്ടിവ് എഡിറ്റര്‍ ദീപക് ധര്‍മടം നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ തമസോമാ ജ്യോതിര്‍ഗമയ സന്ദേശത്തിനൊപ്പം മൊബൈല്‍ ഫോണില്‍ വെളിച്ചം തെളിയിച്ച് ജനങ്ങള്‍ ഒപ്പം ചേര്‍ന്നതോടെ ചടങ്ങുകള്‍ അവസാനിച്ചു.
Story Highlights : SKN40 Kerala Yatra concludes in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here