Advertisement

‘ലഹരിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കാം’; SKN40 കേരളയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

April 20, 2025
2 minutes Read
muhammad riyas

SKN40 കേരളയാത്രയെ അഭിനന്ദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നുവെന്നും ഈ വിപത്തിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനും ലഹരിക്കുമെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന SKN40 കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളയാത്ര സംഘടിപ്പിക്കാന്‍ തയാറായതില്‍ ആര്‍ ശ്രീകണ്ഠന്‍ നായരേയും ട്വന്റിഫോറിന്റെ ടീമിനെയും അഭിനന്ദിക്കുന്നു. പല യാത്രകളും നമ്മള്‍ കണ്ടിട്ടുണ്ട്. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ കാല്‍നടജാഥയും വാഹന ജാഥയുമൊക്കെ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായി, പൊതുമരാമത്ത് വകുപ്പിന്റെ ഭാഗമായി റോഡുകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കൊപ്പം കേരളത്തിലുടനീളം യാത്ര ചെയ്തിട്ടുണ്ട്. മലയോര ഹൈവേയുടെ ഭാഗമായും യാത്ര ചെയ്തതാണ്. എന്നാല്‍ മാധ്യമ ലോകത്ത് 40 വര്‍ഷം പിന്നിടുന്ന വേളയില്‍ ഇങ്ങനെയൊരു യാത്ര നടത്തുന്നത് നല്ല അനുഭവമാണ് – അദ്ദേഹം വ്യക്തമാക്കി.

ഓരോരുത്തരും തങ്ങളാല്‍ സാധ്യമാകുന്ന നിലയില്‍ ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കേണ്ട സാഹചര്യമാണെന്നും കാലമാഗ്രഹിക്കുന്ന പ്രധാനപ്പെട്ട ദൗത്യമാണ് എസ്‌കെഎന്നും ടീമും ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് എല്ലാ വിധ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അറിയിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ലഹരിക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി തന്നെ ഇതിനകം അറിയിച്ചിട്ടുണ്ട്. സര്‍ക്കാരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും കൂട്ടായ്മകളും വ്യക്തികളുമൊക്കെ തന്നെ ഇതോടൊപ്പം നിലകൊണ്ട് ഒരു ടീമായി ലഹരിക്കെതിരെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.

ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുതിയ തലമുറയെ മാത്രം കുറ്റപ്പെടുത്തുന്നത് തെറ്റായ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സാഹചര്യം നമ്മള്‍ ഓരോരുത്തരുടെയും യുവത്വ കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമാണ്. ചെറിയ തോല്‍വിയുണ്ടാക്കുന്ന മാനസികാഘാതം പോലും താങ്ങാന്‍ പറ്റാത്ത സ്ഥിതി ഇന്നുണ്ട്. ഇതിനെ മറികടക്കാനുള്ള ഉപാദിയായി ലഹരി മാറുന്നു. പൊതു ഇടങ്ങള്‍ വര്‍ധിക്കുക. കലാ ഇടങ്ങള്‍ വര്‍ധിക്കുക, കലാകായിക മേഖലയെ വളര്‍ത്തുക എന്നതെല്ലാം ലഹരിക്കെതിരെയുള്ള പ്രതിരോധം കൂടിയാണ്. ഏത് തരം കൂട്ടായ്മകളും പോസിറ്റീവായി കണ്ടുകൊണ്ട് നല്ല നിലയില്‍ ഉപയോഗപ്പെടുത്തി പുതിയ തലമുറയെ ആകെ കുറ്റപ്പെടുത്താതെ അവരുടെ സാഹചര്യത്തെ മനസിലാക്കിക്കൊണ്ട് അവര്‍ക്കൊരു കൈത്താങ്ങായി മാറുക എന്നതാണ് നമുക്കോരോരുത്തര്‍ക്കും ചെയ്യാന്‍ സാധിക്കുന്നത്. എസ്‌കെഎന്‍ 40 കൊല്ലം മാധ്യമപ്രവര്‍ത്തനത്തെ ഒരു ലഹരിയായാണ് കണ്ടത്. കലാരംഗത്തെയോ കായിക രംഗത്തെയോ ഒക്കെ ലഹരിയായിക്കണ്ട് ആ മേഖലയിലേക്ക് പുതിയ തലമുറയെ എത്തിക്കുക എന്ന ഉത്തരവാദിത്തം നമുക്കെല്ലാമുണ്ട്. അതിനായി കൈകോര്‍ത്ത് ലഹരിക്കെതിരെയുള്ള ക്യാംപെയ്ന്‍ ശക്തിപ്പെടുത്താം. അതില്‍ തീര്‍ത്തും മാതൃകയാണ് എസ്‌കെഎന്നിന്റെ നേതൃത്വത്തിലുള്ള ട്വന്റിഫോര്‍ ടീമിന്റെ പ്രവര്‍ത്തനം. അതിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും നല്‍കുന്നു – അദ്ദേഹം പറഞ്ഞു.

Story Highlights : Minister Muhammed Riyas inaugurates the closing ceremony of SKN40 Kerala Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top