‘ലഹരിക്കെതിരായ പോരാട്ടത്തില്‍ ട്വന്റിഫോര്‍ നല്കിയ പിന്തുണയ്ക്ക് നല്കി; മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലും സഹകരണം വേണം’ ; മന്ത്രി എം ബി രാജേഷ്

ലഹരിക്കെതിരായ പോരാട്ടത്തില്‍ ട്വന്റിഫോറും ചീഫ് എഡിറ്റര്‍ ആര് ശ്രീകണ്ഠന് നായരും നല്കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് എക്സൈസ് മന്ത്രി എം ബി രാജേഷ്. ഇതേ പിന്തുണ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കണമെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമമെന്ന നിലയില്‍ എന്ത് സഹായം വേണമെങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ആര് ശ്രീകണ്ഠന് നായര്‍ ഉറപ്പ് നല്കി. SKN40 അടുത്തഘട്ട യാത്രയില്‍ പങ്കുചേരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.. പ്രൈം ടൈം വിത്ത് എസ്കെഎന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി തന്നെ ട്വന്റിഫോര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യോഗം വിളിച്ചു ചേര്‍ത്തു. അതിന്റെ തുടര്‍നടപടികള്‍ക്കായി ഒരു സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ആക്ഷന്‍ പ്ലാന്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. എക്സൈസിന്റെ സ്ട്രെഗ്ത്ത് വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിച്ചുപോരുകയാണ്. അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കും – അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തില്‍ ആരുടെ സേവനവും ഉപയോഗിക്കുന്നതിന് തടസമില്ലെന്നും മന്ത്രി പറഞ്ഞു. എക്സൈസിനെ ശക്തിപ്പെടുത്താന്‍ ധാരാളം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നല്ല ഫലം ചെയ്തിട്ടുണ്ട്. എക്സൈസ് ക്രൈംബ്രാഞ്ചിനെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിക്കും. ക്രൈംബ്രാഞ്ച് വഴി ഗൗരവമുളള കേസുകള്‍ കണ്ടെത്താനും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനും സാധിക്കുന്നുണ്ട്. എക്സൈസിന് നിരവധി വാഹനങ്ങള്‍ വാങ്ങി നല്കാന് കഴിഞ്ഞു. ശക്തമായ സേനയാക്കി എക്സൈസിനെ മാറ്റിക്കൊണ്ടാണ് എക്സൈസ് ഇതിനെ നേരിടുന്നത്. സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ വേണ്ടതെല്ലാം എക്സൈസിന് വേണ്ടി ചെയ്തു – അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ സര്ക്കാരൊപ്പം നില്ക്കുക. സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ട്. എക്സൈസും പൊലീസും വാട്ട്സ്ആപ്പ് നന്പര് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ തരുന്ന വിവരങ്ങള്‍ ഒരിക്കലും ചോരില്ല. ആരെങ്കിലും ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അത് മൂടി വെക്കാതിരിക്കുക. മൂടിവെച്ചാല്‍ ആരെയും രക്ഷിക്കാനാകില്ല – മന്ത്രി വ്യക്തമാക്കി.
Story Highlights : M B Rajesh thanked Twenty-four for the effort in the fight against drugs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here