‘കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു’; പാർട്ടിയിൽ നിന്നും രാജിവെച്ചു മേഘാലയ മുൻ മന്ത്രി

മേഘാലയയിൽ അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുന്നതിനിടെ കോൺഗ്രസ് നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ ഡോ. അമ്പാരീൻ ലിംഗ്ദോ പാർട്ടിയിൽ നിന്ന് രാജിവച്ചു. ലിംഗ്‌ദോ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി ചേരാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. എൻപിപി ബിജെപിയുടെ സഖ്യകക്ഷിയാണ്.
‘എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പാർട്ടിക്ക് വേണ്ടിയാണ് ചെലവഴിച്ചത്. എന്നാൽ പാർട്ടിക്കുള്ളിലെ സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നത് കോൺഗ്രസിന്റെ ദിശാബോധം നഷ്ടപ്പെട്ടുവെന്നാണ്. പാർട്ടിയും നേതൃത്വവും ഇക്കാര്യം ആലോചിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആത്മപരിശോധന നടത്താനുള്ള ആത്മാർത്ഥവും സത്യസന്ധവുമായ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് ഞാൻ വിശ്വസിക്കുന്നു.’ – കോൺഗ്രസിൽ നിന്നുള്ള ഔപചാരിക രാജി കത്തിൽ ലിംഗ്‌ദോ പറഞ്ഞു.
കത്തിന്റെ പകർപ്പ് ലിംഗ്‌ദോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. അമ്പാരീൻ ലിംഗ്ദോയ്ക്ക് പുറമെ ചില എംഎൽഎമാരും രാജി വച്ചിട്ടുണ്ട്. ഇവരും എൻപിപിയിൽ ചേരുമെന്നാണ് വിവരം. മേഘാലയയിൽ അടുത്ത വർഷം ആദ്യമാണ് വോട്ടെടുപ്പ് നടക്കുക. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ള മറ്റൊരു വടക്കുകിഴക്കൻ സംസ്ഥാനമാണ് ത്രിപുര. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സംസ്ഥാനങ്ങളിലും സന്ദർശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.
Story Highlights: Congress lost its sense of direction: Ex Meghalaya minister quits before polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here