തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച മൂന്ന് യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പുറത്തിവിട്ട് കേന്ദ്ര സർക്കാർ

ഇന്ത്യയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച മൂന്ന് യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പുറത്തിവിട്ട് കേന്ദ്ര സർക്കാർ. ന്യൂസ് ഹെഡ്‌ലൈൻസ്, സർകാരി അപ്‌ഡേറ്റ്, ആജ് തക് ലൈവ് എന്നീ മൂന്ന് ചാനലുകൾക്കെതിരെയാണ് നടപടി. ( pib fact check action against youtube channel )
തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളെ ഇതാദ്യമാണ് പിഐബി പരസ്യപ്പെടുത്തുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായി വന്ന പോസ്റ്റുകൾ മാത്രമാണ് പിഐബി വസ്തുതാ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നത്.
ഈ യൂട്യൂബ് ചാനലുകൾ മറ്റ് വ്യാജ വാർത്തകൾക്കൊപ്പം സുപ്രിംകോടതി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഗവണ്മെന്റ് പദ്ധതികൾ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ, കാർഷിക വായ്പ എഴുതിത്തള്ളൽ തുടങ്ങിയവയെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഭാവിയിൽ തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിലൂടെ നടത്തുമെന്ന് സുപ്രിംകോടതി വിധിച്ചുവെന്നും, ബാങ്ക് അക്കൗണ്ടുകളും ആധാർ കാർഡുകളും പാൻ കാർഡുകളും ഉള്ള ആളുകൾക്ക് ഗവണ്മെന്റ് പണം നൽകുന്നുവെന്നും മറ്റുമുള്ള വ്യാജവാർത്തകളാണ് പ്രചരിപ്പിച്ചത്.
വാർത്ത ആധികാരികമാണെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ടിവി ചാനലുകളുടെ ലോഗോകളും അവരുടെ വാർത്താ അവതാരകരുടെ ചിത്രങ്ങളും അടങ്ങിയ വ്യാജ തമ്പ് നെയിലുകളാണ് ഈ യൂട്യൂബ് ചാനലുകൾ ഉപയോഗിക്കുന്നത്. ഈ ചാനലുകൾ അവരുടെ വീഡിയോകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതായും തെറ്റായ വിവരങ്ങൾ നൽകി യൂട്യൂബിൽ നിന്ന് ധനസമ്പാദനം നടത്തുന്നതായും കണ്ടെത്തി.
കഴിഞ്ഞ ഒരു വർഷത്തിനിടെ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നൂറിലധികം യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തതിനെ തുടർന്നാണ് പിഐബി ഫാക്റ്റ് ചെക്ക് യൂണിറ്റ് നടപടി സ്വീകരിച്ചത്.
Story Highlights: pib fact check action against youtube channel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here