അർജന്റീനിയൻ വിജയത്തിൽ നന്ദി സൂചകമായി മുത്തപ്പൻ വെള്ളാട്ട നേർച്ചയും അന്നദാനവും ഒരുക്കി ആരാധകർ

വടക്കൻ മലബാറിൽ മുത്തപ്പൻ തെയ്യക്കോലത്തിന് സംസ്‌കാരവും വിശ്വാസവും ഇടകലർന്ന സവിശേഷ ഇടമുണ്ട്. കുഞ്ഞു പ്രാർത്ഥനകളിൽ മുതൽ വലിയ നേർച്ചകളിൽ വരെ മുത്തപ്പനുണ്ടാകും. ( Argentina fans muthappan ritual )
സാക്ഷാൽ ലയണൽ മെസ്സിക്കും അർജന്റീനയുടെ ടീമംഗങ്ങൾക്കും മുത്തപ്പനും ടീം ആരാധകരും തമ്മിലുള്ള ബന്ധം അറിയാനിടയില്ല. എന്നാൽ കുഞ്ഞിമംഗലം തെരുവിൽ പ്രത്യേകമായി ഒരുക്കിയ പന്തലിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യക്കോലവും അർജന്റീനയും തമ്മിൽ ബന്ധമുണ്ട്. ലോക കിരീടം ബ്യൂണസ് ഐറിസിലേക്ക് എത്തിയതിന് പിന്നിൽ മുത്തപ്പന്റെ അദൃശ്യ കരങ്ങൾ കൂടിയുണ്ടന്ന് വിശ്വസിക്കാനാണ് പയ്യന്നൂർ കുഞ്ഞിമംഗലത്തെ ഭക്തരായ ആരാധകർക്കിഷ്ടം. ആണ്ടാംകൊവ്വൽ സ്വദേശിയും പ്രവാസിയും കടുത്ത അർജന്റീന ആരാധകനുമായ ഷിബുവാണ് നേർച്ച ഒരുക്കുന്നതിന് നേതൃത്വം നൽകിയത്.
അർജൻറീനയുടെ പതാക കൊണ്ട് അലങ്കരിച്ച പന്തലിൽ മുത്തപ്പൻ വെള്ളാട്ടവും 2000 പേർക്ക് അന്നദാനവും നടന്നു.
ഭാഷ, ദേശം ഭൂഖണ്ഡങൾ പലതരം വൈവിധ്യങ്ങൾ അങ്ങനെയെത്രയെത്ര അതിർത്തികൾ ഭേതിക്കുന്ന ഫുട്‌ബോൾ വികാരം. വടക്കേ മലബാറിന്റെ വിശ്വാസവും ആചാരവുമായി കൂടി വിജയാഹ്ലാദം ഇഴചേരുമ്പോൾ ഭക്തിക്കും, കൗതുകത്തിനുമപ്പുറം ലോകം കാൽപ്പന്തോളം ചെറുതാകുന്നു. ലോകകപ്പ് ഫുട്‌ബോൾ ആരവം ഒഴിഞ്ഞെങ്കിലും കണ്ണൂർ കുഞ്ഞിമംഗലത്തെ അർജന്റീന ആരാധകർ വിജയാഘോഷം അവസാനിപ്പിച്ചിട്ടില്ല…
Story Highlights: Argentina fans muthappan ritual
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here