Advertisement

ചിരിയുടെ ‘ലീഡർ’! | രാഷ്ട്രീയ കൗതുകം – 04

December 23, 2022
Google News 2 minutes Read

പണ്ട് കുട്ടനാട്ടിൽ വെള്ളം കയറി കൃഷി നശിച്ചു. അന്ന് നമ്മുടെ ലീഡർ കെ.കരുണാകരനാണ് മുഖ്യമന്ത്രി. അദ്ദേഹം അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന് സന്ദേശമയച്ചു. പക്ഷേ, സ്ഥിതിഗതികൾ വിലയിരുത്താൻ റാവുജി അയച്ച സംഘം എത്തിയപ്പോഴേക്കും, കുട്ടനാട്ടിൽനിന്ന് വെള്ളമിറങ്ങി. പിന്നെന്തു ചെയ്യും?
ബുദ്ധിമാനായ ലീഡർ കേന്ദ്രസംഘത്തെ ഒരു ഹെലികോപ്പ്റ്ററിൽ കയറ്റി, വേമ്പനാട് കായൽ കാണിച്ചു. അതുകണ്ട് വെള്ളപ്പൊക്കമാണെന്ന് ധരിച്ച കേന്ദ്രസംഘം പരമാവധി ദുരിതാശ്വാസ സഹായം കേരളത്തിന് വാഗ്ദാനം ചെയ്താണ് മടങ്ങിയത് എന്നൊരു കഥയുണ്ട് ( leader k karunakaran life ).

ഇതാണ് ലീഡർ. എന്നും നാടിന്റെ വികസനത്തിൽ ശ്രദ്ധ പതിപ്പിച്ച, കെ.കരുണാകരൻ ഓർമ്മയായിട്ട് ഇന്ന് ഒരു വ്യാഴവട്ടം.

കണ്ണോത്ത് കരുണാകരൻ മാരാർ എന്ന കെ.കരുണാകരന് വിശേഷണങ്ങൾ പലതാണ്. സ്വാതന്ത്ര്യ സമരത്തിലൂടെ ഉരുവംകൊണ്ട ദേശീയവാദി. 4 തവണ മുഖ്യമന്ത്രി. റാവു മന്ത്രിസഭയിൽ കേന്ദ്രമന്ത്രി. വികസനവാദിയായ ഭരണാധികാരിയെന്ന നിലയിലാണ് ചരിത്രം കരുണാകരനെ അടയാളപ്പെടുത്തുന്നത്. ഗുരുവായൂർ റെയിൽവേ ലൈൻ, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, ഗോശ്രീ പാലം…. ഇങ്ങനെ കരുണാകരന്റെ കാലത്ത് തുടക്കമിട്ട വികസന പദ്ധതികൾ നിരവധി.

ഇതിനൊക്കെയപ്പുറം, നർമ്മബോധത്തിന്റെ കാര്യത്തിലും കരുണാകരൻ ഒരു ലീഡർ തന്നെയായിരുന്നു.

പലയിടങ്ങളിലായി പറഞ്ഞു പ്രചരിച്ച ചില കരുണാകര ഫലിതങ്ങൾ:

ചതിയിൽ കേമനാര്?

ഒരിക്കൽ പത്രലേഖകർ കരുണാകരനോട് ഇങ്ങനെ ചോദിച്ചു:
“കൂടെ നിന്നവരിൽ ആര് ചതിച്ചപ്പോഴാണ് ഏറ്റവും സങ്കടം തോന്നിയത്?”

ലീഡർ കണ്ണിറുക്കി ഇങ്ങനെ പറഞ്ഞു:
“ഞാൻ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാൽ ബാക്കിയുള്ളവർക്ക് വിഷമം വരും!”

വാർത്ത വേണേൽ വാ…

പത്രലേഖകരെ കാണുമ്പോൾ ലീഡർ കുശലം ചോദിക്കും:
“എന്താടോ, വാർത്തയൊന്നുമില്ലേ?…”

“ഇല്ല ലീഡറേ…! ചൂടുള്ളത് വല്ലതും കിട്ടിയിട്ട് കുറെയായി.”

“എങ്കിൽ വൈകിട്ട് കൂട്ടുകാരെയൊക്കെ കൂട്ടി വാ. വാർത്തയ്ക്കുള്ളത് ഞാൻ തരാം.”

സത്യത്തിൽ ലീഡർ ഉണ്ടാക്കിയ ചില വിവാദങ്ങളെങ്കിലും, പാവം പത്രക്കാർക്കുവേണ്ടി ആയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പ്രാർത്ഥനയുടെ അർത്ഥം

1999 ലെ ലോക്സഭാ ഇലക്ഷന്റെ സമയം. അന്ന് പ്രചരിച്ച ഒരു തമാശ ഇങ്ങനെയാണ്.

“അനന്തപത്മനാഭാ… ഗോപാലാ….മുകുന്ദാ…. കരുണാകരാ… കൈവിടല്ലേ…”യെന്ന് കെ.കരുണാകരൻ പ്രാർത്ഥിച്ചാൽ അതിന്റെ അർത്ഥം ഇതാണത്രേ:

“അനന്തപുരത്ത് പത്മച്ചിഹ്നത്തിൽ മത്സരിക്കുന്ന അല്ലയോ ഒ.രാജഗോപാലാ….
മുകുന്ദപുരത്ത് മത്സരിക്കുന്ന കരുണാകരൻ എന്ന എന്റെ ‘കൈ’ ചിഹ്നത്തെ ഒന്ന് സഹായിക്കണേ” എന്നാണുപോലും അർത്ഥം.

വലിയ ഈശ്വരഭക്തനായ ലീഡർ, ഈ തമാശയും ആസ്വദിച്ചു.

സർക്കാർവിലാസം കുട്ടി

കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലം. സർക്കാർ ആശുപതിയിൽ വന്ധ്യംകരണം ചെയ്ത ദമ്പതികൾക്ക് വീണ്ടും കുട്ടിയുണ്ടായി. കുട്ടിയുടെ ചിലവിന് കൊടുക്കേണ്ടത് സ്റ്റേറ്റ് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണോ എന്ന തരത്തിൽ സഭയിൽ സംശയം ഉയർന്നു. ഒടുവിൽ കരുണാകരൻ സർക്കാർ തീരുമാനം ഇങ്ങനെ പ്രഖ്യാപിച്ചു:
“……ആരാണോ ഉത്തരവാദി, ചെലവിനും അയാൾ കൊടുക്കണം.”

അണിയുടെ വാഗ്വിലാസം

1982ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥിരം തട്ടകമായ മാളയ്ക്കു പുറമേ തിരുവനന്തപുരത്തെ നേമത്തും ലീഡർ പത്രിക നൽകി.

‘മാളയുടെ മാണിക്യം’ പോലെ ഒരു ടാഗ് ലൈൻ നേമത്തും വേണം. ഭാവനാ സമ്പന്നനായ ഒരു പ്രവർത്തകൻ പ്രാസഭംഗിയോടെ ഇങ്ങനെ പറഞ്ഞു:
“മാളയിലെ മാണിക്യം;
നേമത്തെ നെയ്യപ്പം.”

ലീഡർ അതും നർമ്മമാക്കി ആസ്വദിച്ചു.

ഒരു കാര്യം പറയട്ടെ…?

ലീഡറും എ.കെ.ആന്റണിയും തമ്മിൽ പോര് രൂക്ഷമായ തൊണ്ണൂറുകളാണ് കാലം. ഒരു ദിവസം കരുണാകരൻ ആന്റണിയെ കണ്ട് ഇങ്ങനെ ഒരു മുഖവുരയിട്ടു:

“അതേയ്… ഞാനൊരു കാര്യം പറയട്ടെ…?”

“എനിക്കൊന്നും കേൾക്കേണ്ട.” എ.കെ.ആന്റണി മുഖത്തടിച്ചതുപോലെ മറുപടി നൽകി.

ലീഡറുടെ സഹചാരിയായിരുന്ന പ്രൊഫ.ജി.ബാലചന്ദ്രൻ പിന്നീട് ലീഡറോട് ഇക്കാര്യം തിരക്കി:
“എന്താണ് ആന്റണി കേൾക്കേണ്ട എന്നു പറഞ്ഞ് തിരസ്കരിച്ച ആ കാര്യം?”

“ഗ്രൂപ്പ് പോര് അവനാനിപ്പിക്കുവാൻ, ആന്റണിയെ കെപിസിസി അധ്യക്ഷനാക്കി നിലനിർത്താം എന്ന് പറയാനാണ് ഞാൻ ശ്രമിച്ചത്.” ഇതായിരുന്നു ലീഡറിന്റെ മറുപടി.

രസം അതല്ല. ആന്റണി ലീഡറിനെ കേൾക്കാതിരുന്നതിനാൽ വയലാർ രവി കെപിസിസി അധ്യക്ഷനായി; നീണ്ട ആറ് വർഷം ആ പദവിയിൽ തുടർന്നു.

അന്നും ഇന്നും പ്രായോഗിക രാഷ്ടീയത്തിൽ ലീഡർ ഒരു പാഠപുസ്തകമാണ്.
നേതൃകലയിൽ ഭരതവൈഭവം. തന്ത്രങ്ങളിൽ ചാണക്യൻ. അണികൾക്കിടയിൽ ആശ്രിതവത്സലൻ.

2010 ഡിസംബർ 23ന്‌, ഈ ജനകീയ നേതാവ് വിടവാങ്ങിയെങ്കിലും, ആ പ്രഭാവം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു.

Story Highlights: leader k karunakaran life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here