എം.ജി സർവകലാശാല കൈക്കൂലിക്കേസ്; സി.ജെ എൽസിയെ പിരിച്ചുവിട്ട് കൊണ്ടുള്ള സർവകലാശാല ഉത്തരവ് പുറത്തിറങ്ങി
എം.ജി സർവകലാശാല കൈക്കൂലിക്കേസിൽ എം ബി എ വിഭാഗം അസിസ്റ്റൻറ് സി ജെ എൽസിയെ പിരിച്ചുവിട്ട് കൊണ്ടുള്ള സർവകലാശാല ഉത്തരവ് പുറത്തിറങ്ങി. സി ജെ എൽസി കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടതായി സർവകലാശാലാ അധികൃതർ അറിയിച്ചു. ഇവർ കൈക്കൂലി വാങ്ങുകയും, രണ്ട് എംബിഎ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്ത് വരുത്തുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറിൽ ചേർന്ന സിൻഡിക്കറ്റ് യോഗത്തിലെ തീരുമാനമാണ് ഇപ്പോൾ നടപ്പിലായത്. ( MG University Bribery Case CJ elsy dismisses ).
സി ജെ എൽസിയുടെ അക്കൗണ്ട് വിവരങ്ങളിൽ നിന്നാണ് വിജിലൻസിന് നിർണായക തെളിവ് ലഭിച്ചത്. എൽസിയുടെ അക്കൗണ്ടിലേക്ക് നാല് വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളായി പണം വന്നിരുന്നുവെന്നാണ് തെളിഞ്ഞത്. 2010-2014 ബാച്ചിലെ വിദ്യാർത്ഥികളാണിവർ. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെയാണ് എൽസി നോട്ടമിട്ടിരുന്നത്.
മെഴ്സി ചാൻസിൽ ജയിപ്പിച്ചു തരാമെന്നായിരുന്നു എൽസിയുടെ വാഗ്ദാനം. പണം നൽകിയ വിദ്യാർത്ഥികളുടേയും എൽസിയുടേയും ഫോൺ സംഭാഷണത്തിൻറെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചിരുന്നു. ഇതും നിർണായക തെളിവായി. ഈ വിദ്യാർത്ഥികളിൽ രണ്ട് പേരുടെ മാർക്ക് ലിസ്റ്റ് എൽസിയുടെ കംപ്യൂട്ടർ ലോഗ് ഇന്നിൽ നിന്ന് തിരുത്തിയതായി സർവകലാശാല അന്വേഷണ സമിതി കണ്ടെത്തി.
എൽസിയുടെ രോഗ വിവരം അറിഞ്ഞപ്പോൾ സാമ്പത്തിക സഹായം നൽകിയതാണെന്നാണ് ചില വിദ്യാർത്ഥികളുടെ വിശദീകരണം. എംബിഎ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് പണം വാങ്ങുന്നതിനിടെ ജനുവരി 28നാണ് എൽസിയെ സർവകലാശാലയിൽ നിന്ന് വിജിലൻസ് പിടികൂടിയത്. എൽസി പത്തനംതിട്ട സ്വദേശിയിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു.
Story Highlights: MG University Bribery Case CJ elsy dismisses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here