‘എസ്എഫ്ഐ നേതാവാകാന്‍ യഥാർഥ പ്രായം കുറച്ച് പറയാൻ സഖാവ് നിർദ്ദേശിച്ചു’; ആനാവൂർ നാഗപ്പൻ വീണ്ടും കുരുക്കിൽ

സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ വെട്ടിലാക്കി മുൻ എസ്എഫ്ഐ നേതാവിൻ്റെ ശബ്ദ സന്ദേശം. എസ്എഫ്‌ഐ നേതൃത്വത്തില്‍ തുടരാന്‍ പ്രായം കുറച്ചു പറയാന്‍ ആനാവൂര്‍ നാഗപ്പന്‍ ഉപദേശം നല്‍കിയെന്ന് മുന്‍ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്താണ് വെളിപ്പെടുത്തിയത്. പല പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ തന്റെ പക്കലുണ്ടെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. വനിതാ പ്രവർത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.
’26 വരെയേ എസ്എഫ്ഐയിൽ നിൽക്കാൻ പറ്റൂ. ഈ വർഷം എനിക്ക് 30 ആയി. ഞാൻ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വർഷങ്ങളിലെ എല്ലാം സർട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാൻ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാൻ ആരുമില്ലാത്തതിനാൽ മനസ്സു മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ’-അഭിജിത്തിന്റെ പേരിലുള്ള ഓഡിയോയിൽ പറയുന്നു.
അഭിജിത്തിനെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സിപിഐഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിലും സിപിഐഎം നടപടി എടുത്ത നേതാവാണ് ജെ.ജെ അഭിജിത്ത്.
Story Highlights: abhijith audio against anavoor nagappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here