ഐപിഎൽ ഫ്രാഞ്ചൈസി ഉടമകൾക്ക് വിദേശ ലീഗുകളിൽ ടീം; അതൃപ്തി അറിയിച്ച് ബിസിസിഐ

ഐപിഎൽ ഫ്രാഞ്ചൈസി ഉടമകൾ വിദേശ ലീഗുകളിൽ ടീം വാങ്ങുന്നതിൽ അതൃപ്തി അറിയിച്ച് ബിസിസിഐ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഐപിഎൽ മിനി ലേലത്തിനു മുന്നോടിയായി ഡിസംബർ 23നു നടന്ന ഫ്രാഞ്ചൈസി ഉടമകളുടെ ലേലത്തിൽ വച്ചാണ് ബിസിസിഐ അധികൃതർ നിലപാട് അറിയിച്ചത്. ഒരു ഫ്രാഞ്ചൈസി പ്രതിനിധിയെ ഉദ്ധരിച്ച് ക്രിക്ക്ബസ് ഈ വാർത്ത റിപ്പോർട്ട് ചെയ്തു.
“അതായിരുന്നു സൂചന. വിദേശ ലീഗുകളിൽ പങ്കെടുക്കുന്നതിനെ അവർ നിരുത്സാഹപ്പെടുത്തി. ഇതിനകം ടീം ഉണ്ടാക്കിയത് അവർ മനസിലാക്കി. എന്നാൽ, ഭാവിയിൽ അത്തരം കാര്യങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അവർ ഓർമിപ്പിച്ചു. ഐപിഎൽ ഫ്രാഞ്ചൈസി ഉടമകൾ വിദേശ ലീഗുകളിൽ ഫ്രാഞ്ചൈസി വാങ്ങിയാൽ ഐപിഎലിൻ്റെ സ്വീകാര്യതയ്ക്ക് ഇടിവുസംഭവിക്കുമെന്നാണ് അവർ പറയുന്നത്.”- ഒരു ഫ്രാഞ്ചൈസി പ്രതിനിധി പറഞ്ഞു.
വിവിധ ഐപിഎൽ ഫ്രാഞ്ചൈസി ഉടമകൾക്ക് ലോകത്തിലെ വിവിധ ടി-20 ലീഗുകളിൽ ടീമുകളുണ്ട്. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ഫ്രാഞ്ചൈസികൾക്ക് യുഎഇ ഇൻ്റർനാഷണൽ ലീഗ് ടി-20യിൽ ടീമുകളുണ്ട്. ദക്ഷിണാഫ്രിക്ക ടി-20 ലീഗിലെ ആറ് ടീമുകളും ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളുടേതാണ്. കരീബിയൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ഫ്രാഞ്ചൈസികൾക്ക് ടീമുകളുണ്ട്.
Story Highlights: ipl franchise foreign league bcci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here