കളമശ്ശേരി മെഡി. കോളജിലെ വാർഡിൽ പൂച്ച കയറിയിറങ്ങുന്ന അവസ്ഥ, ബാത്ത്റൂമുകൾ തകർന്ന നിലയിൽ; കെടുകാര്യസ്ഥതയ്ക്ക് കൂടുതൽ തെളിവുകൾ

കളമശ്ശേരി മെഡിക്കൽ കോളജ് വിവാദത്തിൽ ആശുപത്രി അധികൃതരുടെ കെടുകാര്യസ്ഥതയ്ക്ക് കൂടുതൽ തെളിവുകൾ. ഗർഭിണികൾ ഉൾപ്പടെയുള്ള രോഗികൾ കിടക്കുന്ന വാർഡിൽ പൂച്ച കയറിയിറങ്ങുന്ന അവസ്ഥയാണ്. ബാത്ത്റൂമുകൾ പലതും തകർന്ന നിലയിലാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബാത്ത്റൂം വാതിലുകൾ ലോക്കിന് പകരം കയറിട്ട് കെട്ടിയിരിക്കുകയാണ്. ( Lack of facilities in Kalamassery Government Medical College ).
ആശുപത്രി മാലിന്യങ്ങളും അലക്ഷ്യമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയുടെ പ്രവർത്തനം ഫയർ സേഫ്റ്റി എൻഒസി ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫയർ സേഫ്റ്റി വിഭാഗം ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. കളമശേരി മെഡിക്കൽ കോളജിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെത്തുടർന്ന് മൃതദേഹം ചുമന്നിറക്കേണ്ടി വന്നത് വലിയ വിവാദമായിരുന്നു.
Read Also: കൊച്ചിയിൽ പ്രഭാതസവാരിക്കിറങ്ങിയ 12 പേരെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു; പരുക്കേറ്റവർ കളമശ്ശേരി മെഡിക്കൽ കോളജിൽ
കാലടി സ്വദേശിയായ സുകുമാരൻ എന്നയാളുടെ മൃതദേഹമാണ് മുകളിലെ നിലയിൽ നിന്ന് താഴേക്ക് ചുമന്നിറക്കിയത്. കളമശേരി മെഡിക്കൽ കോളജിൽ ലിഫ്റ്റ് തകരാർ സ്ഥിരം സംഭവമാണെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും പരാതി. കിടപ്പുരോഗികൾ ഉൾപ്പെടെ വലയുകയാണ്. അത്യാഹിത വിഭാഗത്തിലെ പുതിയ ലിഫ്റ്റ് ഉടനെ പ്രവർത്തന സജ്ജമാകുമെന്നാണ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചത്.
തീകൊളുത്തി ആത്മഹത്യ ചെയ്യാൻ നോക്കിയ സുകുമാരനെ 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് കളമശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നത്. ഈ സമയത്തും ലിഫ്റ്റ് പ്രവർത്തനരഹിതമായിരുന്നു. അത്യാഹിതവിഭാഗത്തിലേക്ക് മാറ്റേണ്ട രോഗികൾ ഉൾപ്പെടെയാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായതോടെ വലയുന്നത്.
സുകുമാരന്റെ ഒപ്പം ആശുപത്രിയിൽ എത്തിയവരും ജീവനക്കാരും ചേർന്നാണ് മൃതദേഹം താഴേക്കിറക്കിയത്. അത്യാഹിത വിഭാഗത്തിൽ നിന്നും പൊള്ളലേറ്റവരെ പ്രവേശിപ്പിക്കുന്ന മൂന്നാമത്തെ നിലയിലേക്കും ഏറെ പ്രയാസപ്പെട്ടാണ് 80 ശതമാനത്തിലേറെ പൊള്ളലേറ്റ സുകുമാരനെ എത്തിച്ചത്. ചൊവ്വാഴ്ചയാണ് സുകുമാരൻ മരണപ്പെട്ടത്.
Story Highlights: Lack of facilities in Kalamassery Government Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here