ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം, ചികിത്സയ്ക്കായി മന്ത്രവാദിയെ വിളിച്ച് സ്കൂൾ അധികൃതർ

സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി മന്ത്രവാദിയെ വിളിച്ചുവരുത്തി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ നിന്നാണ് വിചിത്രമായ സംഭവം പുറത്തുവന്നത്. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 15 ഓളം വിദ്യാർത്ഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ യുപി സർക്കാരിന് നോട്ടീസ് അയച്ചു.
അന്ധവിശ്വാസത്തിൻ്റെ പേരിൽ ഡിസംബർ 21 നായിരുന്നു സംഭവം. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനികളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സ്‌കൂൾ മാനേജ്‌മെന്റ് തന്ത്രിയെ വിളിച്ച് ചികിത്സിക്കുകയായിരുന്നുവെന്നാണ് ആരോപണം. പെൺകുട്ടികളെ മന്ത്രവാദി ബ്ലാക്ക് മെയിൽ ചെയ്യുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തു വരുകയും ചെയ്തു. പൊലീസ് ഇടപെട്ട് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ എത്തിച്ചതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മാധ്യമ വാർത്തയ്ക്ക് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയായിരുന്നു. റിപ്പോർട്ടുകളിലെ ഉള്ളടക്കം ശരിയാണെങ്കിൽ ഇരയായ വിദ്യാർത്ഥികൾ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. കമ്മീഷൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകുകയും നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കൂട്ടിച്ചേർത്തു.
Story Highlights: UP School Calls Occultist To Treat Girl Students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here