സെല്ലുലോയ്ഡിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിന്റെ ഫ്രെയിമുകളിൽ ചാപ്ലിൻ കരയുകയായിരുന്നു; ഇന്ന് ചാർളി ചാപ്ലിന്റെ ഓർമ്മദിനം

‘ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ തമാശ പൊട്ടിച്ചു. ആളുകൾ കൂട്ടച്ചിരി. ചാപ്ലിൻ വീണ്ടും അതേ തമാശ കാച്ചി. ചിരിയുടെ തോത് കുറഞ്ഞു. പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞതോടെ ആരും ചിരിക്കാതെയായി. അപ്പോൾ ചാപ്ലിൻ ഇങ്ങനെ പറഞ്ഞത്രേ: ‘ഒരേതമാശ ആവർത്തിക്കുമ്പോൾ ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ, ഒരേ സങ്കടമോർത്ത് വീണ്ടും വീണ്ടും കരയുന്നത് എന്തിനാണ്…?’ ( charlie chaplin death anniversary )
ഇന്ന് ചാർളി ചാപ്ലിന്റെ ഓർമ്മദിനം. തലയിൽ കറുത്ത തൊപ്പി, കയ്യിൽ നീളൻ വടി, പാകമല്ലാത്ത പാന്റ്‌സും നീളൻ ഷൂസും, ചുവടുകൾ ചടുലമെങ്കിലും മുഖത്ത് ദൈന്യത, എന്നാൽ കുറുമീശയുള്ള ചുണ്ടിലെ പുഞ്ചിരി അതിനെ മറയ്ക്കുന്നു. ഇങ്ങനെ ലോകസിനിമയിൽ ഒരാൾ മാത്രം. ചാർലി ചാപ്ലിൻ….
സിനിമ എന്ന മാധ്യമത്തെ തനിക്കു മുൻപും പിൻപും എന്ന് രണ്ടായി വിഭജിച്ച പ്രതിഭ. വ്യവസായ വിപ്ലവത്തിന്റെ പ്രത്യാഘാതം വരച്ചുകാട്ടിയ മോഡേൺ ടൈംസ്, ഫാസിസത്തിനെതിരെ വിരൽ ചൂണ്ടിയ ദ് ഗ്രേറ്റ് ഡിക്‌റ്റേറ്റർ, പച്ചയായ ജീവിതാവിഷ്‌കാരം സിറ്റി ലൈറ്റ്‌സ്, സ്വന്തം കുഞ്ഞിന്റെ മരണത്തെത്തുടർന്ന് ഒരുക്കിയ ദ് കിഡ്…ഇതിഹാസതുല്യമായ ചാപ്ലിൻ ചിത്രങ്ങൾ ഇന്നുമുണ്ട് ജനഹൃദയസമക്ഷം.
കഥ, തിരക്കഥ, സംവിധാനം, സംഗീത സംവിധാനം, നിർമ്മാണം… സിനിമയിലുടെ വിവിധ മേഖലകളിൽ ചാപ്ലിൻ കയ്യൊപ്പു ചാർത്തി. ഓരോ മാത്രയും ചലനാത്മകമായിരിക്കണം ചലച്ചിത്രമെന്ന് കാട്ടിത്തന്നു.
സെല്ലുലോയ്ഡിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിന്റെ ഫ്രെയിമുകളിൽ ചാപ്ലിൻ കരയുകയായിരുന്നു. 1977 ഡിസംബർ 25ന്, ജീവിതത്തോട് വിടപറയും വരെ, ചാപ്ലിൻ തന്റെ ദുഃഖത്തെയും ഈ വിധം കാൽപനികമാക്കി: ‘എനിക്ക് മഴയത്ത് നടക്കാൻ ഇഷ്ടമാണ്; കാരണം, ആരും എന്റെ കണ്ണീർ കാണില്ല.’
Story Highlights: charlie chaplin death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here