ചാർലി ചാപ്ലിന്റെ ഭൗതികാവശിഷ്ടം ഒരിക്കൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ട് ! പക്ഷേ ആരാധന മൂത്തല്ല…

വിഖ്യാത കൊമേഡിയൻ, സ്ലാപ്സ്റ്റിക് കോമഡിയിലൂടെ ലോകത്തെ മുഴുവൻ കൈയിലെടുത്ത അതുല്യ പ്രതിഭ. ചാർലി ചാപ്ലിന് വിശേഷണങ്ങളേറെയാണ്. വ്യക്തി ജീവിതത്തിൽ നിരവധി തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും സ്‌ക്രീനിൽ വരുമ്പോൾ ഒരിക്കൽ പോലും വിഷാദത്തിന്റെ ഒരു ലാഞ്ജന പോലുമില്ലാതെ നമ്മെ ചിരിപ്പിച്ച ചാർലി ചാപ്ലിനെ, എന്നാൽ മരണശേഷവും ദുരിതം അലട്ടിയിരുന്നു… ( charlie chaplin mortal remains stolen )
1952 ൽ ജോസഫ് മക്കാർത്തി ചാർലിൻ ചാപ്ലിനെ കമ്യൂണിസ്റ്റെന്ന് മുദ്രകുത്തിയതോടെ യൂറോപ്പിലായിരുന്ന ചാർലി ചാപ്ലിനെ തിരികെ പ്രവേശിക്കാൻ അമേരിക്ക വിസമ്മതിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സ്വിറ്റ്‌സർലൻഡിലേക്ക് പറിച്ചുനടപ്പെട്ടു.
ലോകമെമ്പാടും ക്രിസ്മസ് ആഘോഷത്തിൽ അലിഞ്ഞ ഒരു രാത്രിയാണ് ചാർലി ചാപ്ലിൻ ലോകത്തോട് വിടപറഞ്ഞത്. 1977 ഡിസംബർ 25ന് ഉറക്കത്തിൽ സ്‌ട്രോക്ക് ബാധിച്ചായിരുന്നു മരണം. ചാർലി ചാപ്ലിന്റെ ആഗ്രഹം പോലെ തന്നെ കോർഷർ വെവിലെ കൊച്ചുപള്ളിയിൽ സ്വകാര്യ ചടങ്ങുകളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്്കരിക്കപ്പെട്ടു. എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഗ്രാമവാസികൾ ഞെട്ടിക്കുന്ന കാഴ്ച കാണുന്നത്. ചാർലി ചാപ്ലിന്റെ കല്ലറ ആരോ തുറന്നിരിക്കുന്നു..അതിനകത്ത് ഭൗതികാവശിഷ്ടങ്ങളും കാണാനില്ല…!
തൊട്ടുപിന്നാലെ ചാപ്ലിന്റെ ഭാര്യ ഊനയെ തേടി 27 ഫോൺ കോളുകളാണ് എത്തിയത്. ആറ് ലക്ഷം ഡോളർ നൽകാതെ ഭൗതികദേഹം ലഭിക്കില്ലെന്നായിരുന്നു ഭീഷണി. എന്നാൽ ഊന പണം നൽകാൻ തയാറായിരുന്നില്ല. ഫോൺ കോളുകൾ നിരീക്ഷിക്കുകയായിരുന്നു സ്വിസ് പൊലീസ് ഒടുവിൽ മോഷ്ടാവിനെ കൈയോടെ പിടികൂടി.
മെയ് 14ന് ഇരുപത്തിയഞ്ചുകാരനായ റോമൻ വാർദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്ലിനെ ദ്രോഹിക്കുകയായിരുന്നില്ല ഉദ്ദേശമെന്നും പണത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും അയാൾ കുറ്റസമ്മതം നടത്തി. ഒടുവിൽ ഊന മോഷ്ടാവിന് മാപ്പ് നൽകി. ഭൗതികാവശിഷ്ടങ്ങൾ വീണ്ടും കല്ലറയിൽ നിക്ഷേപിക്കുകയും ചെയ്തു.
Story Highlights: charlie chaplin mortal remains stolen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here