വേദിക് റിസോർട്ട് 2.0 | രാഷ്ട്രീയ കൗതുകം-05

ഈ ലോകത്ത് സിനിമയെക്കാൾ നാടകീയതയും ആകസ്മികതയും നിറഞ്ഞ ഒന്നാണ് പ്രായോഗിക രാഷ്ട്രീയം. കക്ഷിരാഷ്ട്രീയ രംഗത്ത് വിവാദം പോലും ‘സീക്വൽ’ ആകുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പറയുന്നത് രാഷ്ട്രീയക്കാരെക്കുറിച്ചാണെങ്കിലും തൽക്കാലം വിശ്വസിക്കണം. പേരിലും പ്രവൃത്തിയിലും അത്ഭുതപ്പെടുത്തുന്ന സമാനതയുമായി, സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കുന്ന ഒരു വിവാദം…
അതാണ് ‘വൈദേകം റിസോർട്ട്!’
ഒന്നാം ‘വൈദേക’ വിവാദം
വർഷം 2009. സ്ഥലം ബംഗാൾ. കൊൽക്കത്തയിലെ രാജർഹട്ട് ന്യൂ ടൗണിന് സമീപം 44 ഏക്കറിൽ പണിത ഒരു ആയുർവേദ റിസോർട്ട് വിവാദങ്ങളിൽ ഇടം പിടിക്കുന്നു. പേര് വേദിക് വില്ലേജ് റിസോർട്ട്. നന്ദിഗ്രാം, സിംഗൂർ വിവാദങ്ങൾക്കു പിന്നാലെ, സി.പി.ഐ എമ്മിന് അടുത്ത തലവേദനയായി ഈ വേദിക് റിസോർട്ട്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ബംഗാൾ ഭവനകാര്യ മന്ത്രിയുമായ ഗൗതം ദേവ് ഈ വിഷയത്തിൽ സ്വന്തം പാർട്ടിയിലെ നേതാവിനെതിരെ രംഗത്തു വന്നു. ബംഗാളിലെ സി.പി.ഐ.എം നേതാവും ബുദ്ധദേവ് മന്ത്രിസഭയിൽ ഭൂവകുപ്പ് മന്ത്രിയുമായ റസാഖ് മൊല്ല വേദിക് റിസോർട്ടിനായി ഭൂമി ഏറ്റെടുക്കാൻ വഴിവിട്ട ഇടപെടൽ നടത്തിയെന്നായിരുന്നു ദേബിന്റെ ആരോപണം. സംഭവം വിവാദമായതോടെ അന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ബിമൻ ബോസ് കീഴ്ഘടകത്തിൽ വിശദീകരണം തേടി. ഗൗതം ദേബിനെപ്പോലെ പ്രതിച്ഛായയുള്ള ഒരു നേതാവ് സ്വന്തം പാർട്ടിയിലെ മന്ത്രിക്കെതിരെ വിരൽചൂണ്ടിയത് സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കി.
വേദിക് റിസോർട്ടിന്റെ ഭൂമി രജിസ്ട്രേഷൻ നടപടികൾ പുന:പരിശോധിക്കണമെന്നായി ഗൗതം ദേബിന്റെ അടുത്ത ആവശ്യം. സിംഗൂർ, നന്ദിഗ്രാം വിഷയങ്ങളിൽ പാർട്ടിക്കുവേണ്ടി പ്രതിരോധം തീർത്ത ഗൗതം ദേബ്, വേദിക് റിസോർട്ട് വിഷയത്തോടെ പാർട്ടിയിലെ തിരുത്തൽ ശക്തിയായി മാറി. ഗൗതം ദേബിന്റെ ഉന്നം താനാണെന്ന് മനസ്സിലായ റസാഖ് മൊല്ല, ഭൂമികൈമാറ്റത്തിൽ വഴിവിട്ട ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വാദിച്ചു. വേദിക് റിസോർട്ട് ഉടമകൾക്കായി ഭൂമി കയ്യേറിയ ഗഫാർ മൊല്ല തന്റെ ആരുമല്ലെന്നും, അയാൾക്ക് ബന്ധമുള്ളത് തൃണമൂൽ കോൺഗ്രസുമായിട്ടാണെന്നും റസാഖ് മൊല്ല വ്യക്തമാക്കി.
സിംഗൂർ, നന്ദിഗ്രാം വിഷയങ്ങളിൽ സി.പി.ഐ.എമ്മിനെ വിമർശിച്ച നേതാവാണ് റസാഖ് മൊല്ല. ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് അനഭിമതനായിരുന്ന മൊല്ലയെ പൂട്ടാൻ, ബുദ്ധദേവിന്റെ ഉറ്റതോഴനായ ഗൗതം ദേവ് ആരോപണം ഉന്നയിച്ചാണെന്ന് മൊല്ല അനുകൂലികൾ അന്ന് വാദിച്ചു. 2009 ഓഗസ്റ്റ് 23ന്, പ്രാദേശിക സംഘർഷത്തെത്തുടർന്ന് റിസോർട്ടിൽ തീവെയ്പ്പുണ്ടായി. ഒരാൾ കൊല്ലപ്പെട്ടു. ബലപ്രയോഗത്തിലൂടെ ഭൂമി സമ്പാദിച്ചതിനും ആയുധങ്ങൾ കൈവശം വച്ചതിനും വേദിക്ക് വില്ലേജ് ഉടമ രാജ് കിഷോർ മോദിയെയും ഭൂമാഫിയ തലവൻ ഗഫാർമൊല്ലയെയും പോലീസ് അറസ്റ്റ് ചെയ്തു. വേദിക് വില്ലേജ് ഭൂമി കൈമാറ്റം വിവാദമായതോടെ സർക്കാർ അതിനടുത്തായി തുടങ്ങാനിരുന്ന ഐ.ടി. ടൗൺഷിപ്പ് പദ്ധതി ഉപേക്ഷിച്ചു. പക്ഷേ, വിവാദങ്ങൾക്കിപ്പുറം, വേദിക് വില്ലേജ് റിസോർട്ട് ഇന്നും അവിടെയുണ്ട്. ആയുർവേദ ചികിത്സ നൽക്കുന്ന ‘വേദിക് വെൽനെസ്സ് സെന്റർ’ ആണ് റിസോർട്ടിലെ പ്രധാന ആകർഷണം.
ബംഗാളിലെ വേദിക് റിസോർട്ട് വിവാദം, നന്ദിഗ്രാം, സിംഗൂർ സംഭവങ്ങൾപോലെ മമത ആയുധമാക്കി. 2011 മുതൽ ബംഗാൾ ഭരണം തൃണമൂലിന്റെ കൈകളിലുമായി. ഇതിനിടയിൽ റസാഖ് മൊല്ലയെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സി.പി.ഐ.എം പുറത്താക്കി. ‘ഭാരതീയ നയ്ബിചാർ പാർട്ടി’ എന്ന സ്വന്തം പ്രസ്ഥാനം രൂപീകരിച്ച മൊല്ല വൈകാതെ തൃണമൂൽ പാളയത്തിലെത്തി.
രണ്ടാം ‘വൈദേക’ വിവാദം
വർഷം 2002. സ്ഥലം കേരളം. കണ്ണൂർ ആന്തൂരിൽ ബക്കളത്തിനടുത്ത് 11 ഏക്കറിൽ പണിത ഒരു ആയുർവേദ റിസോർട്ട് വിവാദങ്ങളിൽ ഇടം പിടിക്കുന്നു. റിസോർട്ടിന്റെ പേര് വൈദേകം ആയുർവേദ ഹീലിംഗ് വില്ലേജ്. പേര് മാറിപ്പോകരുത്! ബംഗാൾ രാജർഹട്ടിലെ ആ വിവാദ റിസോർട്ട് ‘വേദിക് വില്ലേജ്.’ പേരിന്റെ അർത്ഥം ഉൾക്കൊള്ളുന്നതു പോലെ, രണ്ടിടത്തും ചികിത്സ ഒന്ന്; ആയുർവേദം.
വൈദേകം റിസോർട്ട് വിവാദത്തിൽ പ്രതിരോധത്തിലായത് സി.പി.ഐ.എമ്മിന്റെ നേതാവും മുൻ വ്യവസായ മന്ത്രിയും നിലവിൽ ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജൻ. ആരോപണം ഉന്നയിച്ചത് സി.പി.ഐ.എമ്മിൽ പ്രതിച്ഛായകൊണ്ട് ശ്രദ്ധേയനായ പി.ജയരാജൻ. രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വൈദേകം റിസോർട്ടിനും മതിയായ അനുമതികൾ ഇല്ലെന്ന് റിപ്പോർട്ടുകൾ.
Read Also: വൈദേകം റിസോര്‍ട്ട് വിവാദം; നിര്‍മാണം നടക്കുന്നത് അനുമതിയില്ലാതെയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്
ഇതുവരെ കാര്യങ്ങൾ ‘കിട്ടുണ്ണിയേട്ടന്റെ ടിക്കറ്റി’ലേതുപോലെ ‘വളരെ ശരിയാണ്.’ പക്ഷേ, ഇനി വ്യത്യാസമുണ്ട്. ഇ.പി.ജയരാജൻ മന്ത്രിയെന്ന നിലയിൽ റിസോർട്ടിനുവേണ്ടി ഇടപെട്ടതായി ആക്ഷേപമില്ല. ഇ.പി.ജയരാജന്റെ ഭാര്യയും മകനും റിസോർട്ടിന്റെ ഡയറക്ടർ ബോർഡിലുണ്ട്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി.ജയരാജൻ റിസോർട്ടിനായി നിക്ഷേപം നടത്തിയെന്നതാണ് പ്രധാന ആക്ഷേപം. എന്നാൽ ഈ ആരോപണം തള്ളി റിസോർട്ട് സി.ഇ.ഒ തോമസ് ജോസഫ് രംഗത്തുവന്നു.
ബംഗാളിലെ വേദിക് വില്ലേജ് റിസോർട്ടും കേരളത്തിലെ വൈദേകം വില്ലേജ് റിസോർട്ടും തമ്മിൽ പേരിലടക്കം സമാനത വന്നത് തികച്ചും യാദൃച്ഛികം. അവിടെ തൃണമൂൽ കോൺഗ്രസ് അത് കച്ചിത്തുരുമ്പാക്കി പിടിച്ചു കയറി. ഇവിടെ തൃണമൂൽ അല്ലാത്ത കോൺഗ്രസിന് ഇതൊരു അവസരമാണ്. പി.എസ്.ശ്രീധരൻ പിള്ള സാറിന്റെ വാക്കുകൾ കടമെടുത്താൽ ‘ഒരു സുവർണാവസരം!’
Read Also: ഇ.പി ജയരാജനെതിരായ നീക്കം മുഖ്യമന്ത്രിയുള്‍പ്പെടെ ഉന്നതര്‍ക്ക് അറിയാം; വി.ഡി സതീശന്‍
വേദിക്, വൈദേകം എന്നൊക്കെ പറഞ്ഞാൽ ‘വേദവുമായി ബന്ധപ്പെട്ടത്’ എന്നാണ് അർത്ഥം. എന്തു ചെയ്യുമ്പോഴും വിപ്ലവചിന്തയ്ക്ക് നിരക്കാത്ത പേരുകൾ ഇനിയെങ്കിലും ഇടതുപക്ഷം ഉപേക്ഷിക്കണം. അല്ലാത്തപക്ഷം ഇത്തരം ദുരനുഭവം ഉണ്ടാകുമെന്നാണ് കുമാരപ്പിള്ള ലൈനിലുള്ള താത്വിക അവലോകനം!.
വാൽക്കഷ്ണം:
റിസോർട്ട് എന്നാൽ ‘ഓപ്പറേഷൻ താമര’യെ പേടിച്ച് ഇതര കക്ഷികൾ ഓടിയെത്തുന്ന ആശ്വാസകേന്ദ്രം എന്നാണ് രാഷ്ട്രീയ നിഘണ്ടുവിലെ അർത്ഥം. എന്നാൽ, സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ‘ആശ്വാസം കെടുത്തുന്ന കേന്ദ്രം’ എന്നൊരർത്ഥം കൂടി വന്നിട്ടുണ്ട്.
Story Highlights: vaidekam resort and cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here