ഭക്ഷ്യവിഷബാധ സാധ്യതയില്ല; നിദ ഫാത്തിമയുടെ മരണത്തില്‍ ചികിത്സാ പിഴവ് സംശയിക്കുന്നതായി കുടുംബം

സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണത്തില്‍ ചികിത്സാ പിഴവ് സംശയിക്കുന്നതായി പിതാവ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നിദയ്ക്കുണ്ടായിരുന്നില്ലെന്ന് പിതാവ് ഷിഹാബുദീന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. സൈക്കിള്‍ പോളോ അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് തന്റെ മകളെന്നും ഷിഹാബുദീന്‍ പറഞ്ഞു.(Father reacts to Nida Fathima’s death)
കേരള സൈക്കിള്‍ പോളോ ടീമിലെ 24 താരങ്ങളും കഴിച്ചത് ഒരേ ഭക്ഷണമാണ്. അതുകൊണ്ട് തന്നെ ഭക്ഷ്യവിഷബാധയെന്ന സാധ്യതയെ തള്ളുകയാണ് ഫാത്തിമ നിദയുടെ കുടുംബം. ചികിത്സാ പിഴവാണ് മരണകാരണമായി കുടുംബം സംശയിക്കുന്നത്. അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണം. ഇനിയൊരു കായിക താരത്തിനും തന്റെ മകളുടെ ഗതി വരരുതെന്ന് ഷിഹാബുദീന്‍ പറയുന്നു.
നിദയുടെ മരണകാരണം ഇനിയും വ്യക്തമല്ല. മകള്‍ക്ക് നീതി ലഭിക്കും വരെ നിയമനടപടികളുമായി മുന്നോട്ടുപോകണം. ഇത്തരം സംഭവങ്ങളില്‍ ആദ്യത്തെ ഇരയല്ല തന്റെ മകള്‍ നിദയെന്നും ഷിഹാബുദീന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷമേ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കൂ. കരാജ്യത്തെ മൂന്ന് പ്രമുഖ ലാബുകളിലേക്കാണ് നിദയുടെ രക്തസാമ്പിളുകള്‍ അയച്ചിരിക്കുന്നത്.
സംഭവത്തില്‍ ശക്തമായ അന്വേഷണം ആവ്യപ്പെട്ട് സംസ്ഥാന കായിക വകുപ്പ് കോടതിയെ സമീപിക്കും.
നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗമാണ് മരിച്ച നിദ ഫാത്തിമ. അമ്പലപ്പുഴ സ്വദേശിയാണ് 10 വയസുകാരി നിദ. ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതികളാണെന്നും ടീമിന് താമസ- ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയില്ലെന്നും ടീം പരാതിപ്പെട്ടിരുന്നു.
Read Also: നിദ ഫാത്തിമയുടെ മരണം അതീവ ദുഃഖകരം; അസോസിയേഷനുകൾ തമ്മിലുള്ള തർക്കത്തിൽ കർശന നടപടിയെന്ന് കായിക മന്ത്രി
അസോസിയേഷനുകള്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഉത്തരവോടെയായിരുന്നു ടീം മത്സരത്തിനെത്തിയത്. ഇതായിരുന്നു ടീമിനോടുള്ള അവഗണനക്ക് കാരണമായതെന്ന് ടീം അംഗങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ കോടതി ഉത്തരവില്‍ ഇവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കണമെന്നല്ലാതെ അവര്‍ക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കാന്‍ കോടതി പറഞ്ഞിട്ടില്ലെന്നും ദേശീയ ഫെഡറേഷന്‍ പ്രതികരിച്ചു.
Story Highlights: Father reacts to Nida Fathima’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here