സംസ്ഥാന സ്കൂൾ കലോത്സവത്തിന് കേളികെട്ടുയരാൻ ഇനി ഏഴ് നാൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കേളികെട്ടുയരാൻ ഇനി ഏഴ് നാൾ. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. കലാമാമാങ്കത്തിൽ മാറ്റുരയ്ക്കാൻ പതിനാലായിരത്തോളം വിദ്യാർഥികൾ ഇത്തവണ കോഴിക്കോട്ടെത്തും.
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് കോഴിക്കോട് വീണ്ടും തിരശീല ഉയരുകയാണ്. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം വരുന്ന കലോത്സവത്തെ വിദ്യാർഥികൾക്കൊപ്പം നാടും കാത്തിരിക്കുകയാണ്. നഗരത്തിലെ വിവിധയിടങ്ങളിലായി 24 വേദികളാണ് ആകെയുള്ളത്. വെസ്റ്റ് ഹിൽ വിക്രം മൈതാനമാണ് ഇത്തവണ പ്രധാന വേദി. സാഹിത്യകാരന്മാർ അനശ്വരമാക്കിയ കൃതികളിലെ ദേശനാമങ്ങളിൽ ആയിരിക്കും ഓരോ വേദിയും ഒരുക്കുക. കലോത്സവത്തിൽ ഉടനീളം പുതുമകൾ നിറയ്ക്കാനാണ് ആലോചന. 24 വേദികളിലും മികവുറ്റ സൗകര്യങ്ങൾ ഒരുക്കും. വേദികൾ കണ്ടുപിടിക്കാനും സഹായത്തിനും പൊലീസ് ക്യൂ ആർ കോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹരിത ചട്ടം നടപ്പാക്കാൻ കോർപറേഷനും രംഗത്തുണ്ട്. പതിവുപോലെ പഴയിടത്തിൻറെ സദ്യവട്ടവും ഇക്കുറിയുണ്ട്. പതിനെട്ടായിരം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമാണ് ഒരുക്കുന്നത്. 2015ലാണ് അവസാനമായി കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളിയത്.
Story Highlights: state school festival kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here