ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ സിദ്ധാര്‍ഥിന് ഇത് പുതുജന്മം; കരുതലായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍

ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന തൃശൂര്‍ വേലൂര്‍ സ്വദേശിയായ 19 കാരന്‍ സിദ്ധാര്‍ഥിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്. 16 തവണ ഡയാലിസിസ് ചികിത്സയും വെന്റിലേറ്റര്‍ ചികിത്സയും നല്‍കി. വിഷബാധ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാവുന്ന സ്ഥിതിവരെയുണ്ടായി. 32 ദിവസത്തെ അതിതീവ്ര പരിചരണം നല്‍കിയാണ് സിദ്ധാര്‍ഥിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. സ്വകാര്യ ആശുപത്രിയില്‍ 20 ലക്ഷം രൂപയില്‍ അധികം വരുന്ന ചികിത്സയാണ് ഈ യുവാവിന് സൗജന്യമായി നല്‍കാനായത്.
ചുമട്ട് തൊഴിലാളിയായ ബൈബുവിന്റെയും വേലൂര്‍ ഹെല്‍ത്ത് സെന്റര്‍ കാന്റീന്‍ ജീവനക്കാരിയായ കവിതയുടേയും മകനാണ് സിദ്ധാര്‍ഥ്. നവംബര്‍ 26നാണ് സിദ്ധാര്‍ഥിനെ വീട്ടു മുറ്റത്തു നിന്ന് പാമ്പ് കടിയേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. പാമ്പിന്‍ വിഷബാധക്കെതിരെ എഎസ്‌വി കുത്തിവെയ്പ്പ് ഉടനെയെടുത്തു. എന്നാല്‍ പിന്നീട് രോഗിക്ക് മൈക്രോ ആഞ്ചിയോ പതിക് ഹീമോളിറ്റിക് അനീമിയ എന്ന അവസ്ഥ ഉണ്ടാവുകയും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു. ഉടന്‍ തന്നെ ഡയാലിസിസ് നടത്തി. 16 തവണ ഡയാലിസിസ് ചികിത്സ നടത്തിയാണ് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയത്.
ഇതിനിടെ ഉഗ്രവിഷം കാരണം തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും ശ്വാസകോശത്തില്‍ കടുത്ത ന്യൂമോണിയ ബാധ കൂടുകയും ചെയ്തതോടെ ആരോഗ്യ നില വഷളായി. കൂടാതെ ശ്വാസകോശത്തില്‍ കടുത്ത നീര്‍ക്കെട്ടുമുണ്ടായി. തുടര്‍ന്ന് വെന്റില്ലേറ്ററിലേക്ക് മാറ്റി അതിതീവ്ര പരിചരണം നല്‍കി. രോഗം ഭേദമായതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിനെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. മികച്ച ചികിത്സയും പരിചരണവും നല്‍കി സിദ്ധാര്‍ഥിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
Story Highlights: This is a new birth for Siddharth who was bitten by a poisonous snake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here