കാട്ടുപാതയില്‍ ഭാര്യയെ മറന്ന് ഭര്‍ത്താവ്; തന്നെ കയറ്റാതെ വാഹനം വിട്ട ഭര്‍ത്താവിനെ തേടി ഭാര്യ ഇരുട്ടില്‍ നടന്നത് 20 കിലോമീറ്റര്‍

റോഡ് ട്രിപ്പിനിടെ താന്‍ വാഹനത്തില്‍ കയറിയില്ലെന്ന് ഭര്‍ത്താവ് മറന്നുപോയതിനാല്‍ ആളൊഴിഞ്ഞ കാട്ടുപാതയിലൂടെ ഭാര്യ നടന്നത് 20 കിലോമീറ്റര്‍. തായ്‌ലന്‍ഡ് സ്വദേശിയായ ബൂന്റെ ചൈമൂനാണ് ഭാര്യ അമ്യുവായ് ചൈമൂനെ കാട്ടില്‍ വച്ച് മറന്നത്. ഭാര്യ പുറകിലെ സീറ്റില്‍ കിടന്ന് മയങ്ങുന്നുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ വണ്ടി വിട്ടത്. യാത്രക്കിടെ കാട്ടില്‍ ശുചിമുറി തേടിപ്പോയതായിരുന്നു ഭാര്യ. തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവും വാഹനവും അപ്രത്യക്ഷമാകുകയായിരുന്നു. (Thailand Man forgets wife after toilet break during road trip)
മഹാ സരഖം പ്രദേശത്തേക്ക് ഉല്ലാസയാത്ര പുറപ്പെട്ടതായിരുന്നു ദമ്പതികള്‍. വെളുപ്പിന് മൂന്ന് മണിക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഇവര്‍ വാഹനം നിര്‍ത്തി. ഭര്‍ത്താവ് വേഗത്തില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ച് മടങ്ങിയെങ്കിലും ഭാര്യ പയ്യെ പയ്യെ ശുചിമുറി തേടി നടന്ന് കാട്ടിലേക്ക് കയറുകയായിരുന്നു. ഭാര്യ കാറില്‍ നിന്ന് ഇറങ്ങിയെന്ന് ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. ഭാര്യ പിന്‍സീറ്റില്‍ മയങ്ങുന്നുണ്ടാകുമെന്ന് കരുതി ബൂന്റെ വാഹനം വിട്ടു.
തിരിച്ചെത്തിയപ്പോഴാണ് തന്റെ ഭര്‍ത്താവ് വണ്ടി വിട്ട് പോയിക്കഴിഞ്ഞുവെന്ന് ഭാര്യ മനസിലാക്കുന്നത്. തന്റെ ഫോണും പേഴ്‌സുമുള്‍പ്പെടെയുള്ള വസ്തുക്കള്‍ വണ്ടിയ്ക്കുള്ളിലാണെന്ന് അവര്‍ പരിഭ്രമത്തോടെ തിരിച്ചറിഞ്ഞു. മറ്റ് വഴിയില്ലാത്തതിനാല്‍ ഇരുട്ടില്‍ ജനവാസ കേന്ദ്രം തേടി നടന്നുതുടങ്ങാന്‍ തന്നെ 50 വയസുകാരിയായ അമ്യുവായ് തീരുമാനിച്ചു. രണ്ട് മണിക്കൂറുകള്‍ കൊണ്ട് 20 കിലോമീറ്ററുകളോളം അമ്യുവായ് അലഞ്ഞു. ശേഷം തന്റെ നമ്പരിലേക്ക് നിരവധി തവണ വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയും പൊലീസ് ബൂന്റെയെ ബന്ധപ്പെടുകയും ചെയ്തപ്പോള്‍ സമയം 8 മണിയായിരുന്നു. പിന്നീട് ഈ ദൂരമത്രയും തിരിച്ച് വന്ന് ബൂന്റെ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ ഒപ്പം കൊണ്ടുപോകുകയായിരുന്നു.
Story Highlights: Thailand Man forgets wife after toilet break during road trip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here