Advertisement

മതമൂല്യവും മതേതരബോധവും സമം ചേര്‍ന്ന പോപ്പ്; ബെനഡിക്ട് പതിനാറാമന്‍

December 31, 2022
Google News 3 minutes Read
benedict 16 life stroy

ആഗോള കത്തോലിക്ക സഭയുടെ കഴിഞ്ഞ അറുന്നൂറ് വര്‍ഷത്തെചരിത്രത്തിലെ, ഏക ‘പോപ്പ് എമിരിറ്റസ്’ ആയിരുന്നു, ബെനഡിക്ട് പതിനാറാമന്‍. കാലംചെയ്യും മുന്‍പ് വിരമിച്ചതിനാലാണ്, ബെനഡിക്ട് പതിനാറാമന്‍ ‘പോപ്പ് എമിരിറ്റസ്’ എന്ന് അറിയപ്പെട്ടത്.(benedict 16 life stroy)

ടൈം മാഗസിന്റെ 2005 ജനുവരി ലക്കത്തില്‍ ഒരു എക്‌സ്‌ക്ലൂസിവ് സ്റ്റോറി. അന്നത്തെ മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും സാധ്യത കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗറിന്. ഇത്തരം പേപ്പല്‍ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്ന പതിവില്ല. എന്നാല്‍, ജോണ്‍ പോള്‍ മാര്‍പ്പാപ്പ കാലം ചെയ്തതിനെത്തുടര്‍ന്ന് വത്തിക്കാനില്‍ ചേര്‍ന്ന പേപ്പല്‍ കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ 2005 ഏപ്രില്‍ 19ന്, സിസ്റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്നും വെളുത്ത പുക ഉയര്‍ന്നു. വിശ്വാസികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍ പുതിയ മാര്‍പ്പാപ്പ പ്രത്യക്ഷപ്പെട്ടു. ടൈം മാഗസിന്‍ ഊഹം തെറ്റിയില്ല. അത് കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ ആയിരുന്നു. അഥവാ പോപ്പ് ബെനഡിക്ട് പതിനാറാമന്‍.

മതമൂല്യവും മതേതരബോധവും സമം ചേര്‍ന്ന ബെനഡിക്ട് പതിനാറാമന്‍, 1927 ഏപ്രില്‍ 16 ന്, ജര്‍മ്മനിയിലാണ് ജനിച്ചത്. നാസി ജര്‍മ്മനിയുടെ ജൂതവിരോധത്തോട് കൗമാരത്തില്‍ത്തന്നെ അദ്ദേഹം വിയോജിച്ചു. നിര്‍ബന്ധിത സൈനിക സേവനത്തിനിടെ അമേരിക്കയുടെ യുദ്ധത്തടവുകാരനായി കഴിഞ്ഞ ഒരു ഭൂതകാലവും പോപ്പ് ബനഡിക്ടിനുണ്ട്.

1951 ജൂണ്‍ 29ന് തിരുപ്പട്ടം സ്വീകരിച്ച ബനഡിക്ട് മാര്‍പ്പാപ്പ, 1977 മെയ് 28ന് സ്വന്തം നാടായ ബവേറിയയില്‍ അതിരൂപത ആര്‍ച്ച്ബിഷപ്പായി. കമ്മ്യൂണിസവും കാത്തലിക്കിസവും ഒരുമിച്ചു കൊണ്ടുപോകുന്ന ‘ലിബറേഷന്‍ തിയോളജിസ്റ്റു’കളെ എതിര്‍ത്ത ബനഡിക്ട് മാര്‍പ്പാപ്പ, മതാന്തര സംവാദത്തെ എക്കാലവും പ്രോത്സാഹിപ്പിച്ചു.

Read Also: ബെനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു

മാര്‍പ്പാപ്പ എന്ന നിലയില്‍ ബെനഡിക്ട് പതിനാറാമന്റെ സംഭാവനകള്‍ നിസ്തുലമാണ്. വൈദികരുടെ പീഡനത്തിന് ഇരയായവരെ കണ്ട് മാപ്പ് ചോദിച്ച അദ്ദേഹം, പലസ്തീന്റെ നല്ല ഭാവിക്കായും തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായും വാദിച്ചു. റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷത്തില്‍, യുക്രെയ്‌നായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പോപ്പ് ബെനഡിക്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

എന്തുകൊണ്ടാണ് ‘പോപ്പ് ബെഡഡിക്ട്’, സ്ഥാനത്യാഗം ചെയ്ത് ‘പോപ്പ് എമിരിറ്റസ് ബെനഡിക്ട്’ ആയി മാറിയത്? അതിന് അദ്ദേഹം നല്‍കിയ ഉത്തരം ഇതാണ്: ‘ദൈവം എന്നോട് പറഞ്ഞു; ഞാന്‍ അത് അനുസരിച്ചു. ഇക്കാരണത്താലാണ് പോപ് എമിരിറ്റസ് ബെനഡിക്ട് പതിനാമനെക്കുറിച്ച് വിഖ്യാത ജര്‍മ്മന്‍ ഫുട്‌ബോളര്‍ ബെക്കന്‍ബോവര്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത്. ‘ലോകം കണ്ട ഏറ്റവും നല്ല പോപ്പ്.’

Story Highlights: benedict 16 life stroy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here