സജി ചെറിയാനെതിരായ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; സിപിഐഎം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; വി ഡി സതീശൻ

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഐഎം തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനില്‍ക്കുകയാണ്. (v d satheeshan against saji cheriyan)
ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്റെ വിഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെ തട്ടിക്കൂട്ട് അന്വേഷണമാണ് പൊലീസ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്.
പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടുമില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സിപിഐഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നിരിക്കുന്നത്.
ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സില്‍ പറയുന്ന അതേ കാര്യങ്ങളാണ് സജി ചെറിയാനും പ്രസംഗിച്ചത്. മന്ത്രി സ്ഥാനം നഷ്ടമായിട്ടും ഭരണഘടനാവിരുദ്ധ പരാമര്‍ശവും അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികള്‍ക്ക് എതിരായ അധിക്ഷേപവും സജി ചെറിയാന്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. ആർ.എസ്.എസ് ആശയങ്ങളുമായി ചേർന്ന് നിന്ന് ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച ഒരാളെ വീണ്ടും മന്ത്രിയാക്കുന്ന സിപിഐഎം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് വി ഡി സതീശൻ വിമർശിച്ചു.
Story Highlights: v d satheeshan against saji cheriyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here