ശ്രീലങ്കക്കെതിരായ ടി-20 പരമ്പര നാളെ മുതൽ; ടീമിൽ സഞ്ജുവും

ശ്രീലങ്കക്കെതിരായ ടി-20 പരമ്പര നാളെ മുതൽ ആരംഭിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7 മണി മുതലാണ് ആദ്യ മത്സരം ആരംഭിക്കുക. ജനുവരി അഞ്ചിന് പൂനെയിലും ഏഴിന് രാജ്കോട്ടിലുമാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ. ജനുവരി 10 മുതൽ ഏകദിന പരമ്പര ആരംഭിക്കും. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദിന പരമ്പരയിൽ സഞ്ജുവിന് ഇടം ലഭിച്ചില്ല.
ഹാർദിക് പാണ്ഡ്യയാണ് ടി-20 ടീം നായകൻ. വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയവരും ടി-20 ടീമിൽ ഇല്ല. ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ എന്നീ നാല് ഓപ്പണർമാരിൽ ഗില്ലും കിഷനും സ്ഥാനമുറപ്പിച്ചുകഴിഞ്ഞതാണ്. ഗെയ്ക്വാദും ത്രിപാഠിയും പുറത്തിരിക്കും. 3ആം സ്ഥാനത്ത് ത്രിപാഠിയെയോ ഋതുരാജിനെയോ പരീക്ഷിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നാലാം നമ്പരിൽ സൂര്യ കളിക്കും. അഞ്ചാം നമ്പറിൽ ഹൂഡയോ സഞ്ജുവോ. പാർട്ട് ടൈം സ്പിന്നർ എന്നതുകൂടി പരിഗണിക്കുമ്പോൾ ഹൂഡയ്ക്ക് തന്നെ സാധ്യത. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക്/ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ എന്നിങ്ങനെയാവും ടീം. ത്രിപാഠിയും ഋതുരാജും പുറത്തിരുന്നാൽ സൂര്യ മൂന്നാം നമ്പറിൽ കളിക്കും. നാലാം നമ്പറിൽ ഹൂഡ, അഞ്ചാം നമ്പറിൽ സഞ്ജു എന്നാവും സാധ്യത.
ട്വൻറി20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.
Story Highlights: srilanka t20 starts tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here