‘കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണം’; സഞ്ജുവിനെതിരെ ഗവാസ്കറും ഗംഭീറും

ശ്രീലങ്കക്കെതിരായ ആദ്യ ടി-20യിൽ മോശം പ്രകടത്തിയ മലയാളി താരം സഞ്ജു സാംസണെതിരെ മുൻ താരങ്ങളായ സുനിൽ ഗവാസ്കറും ഗൗതം ഗംഭീറും. കിട്ടുന്ന അവസരങ്ങൾ സഞ്ജു പ്രയോജനപ്പെടുത്തണമെന്ന് ഗംഭീറും മോശം ഷോട്ട് സെലക്ഷൻ സഞ്ജുവിൻ്റെ പ്രശ്നമാണെന്ന് ഗവാസ്കറും അഭിപ്രായപ്പെട്ടു. മത്സരത്തിൽ 5 റൺസെടുത്ത് സഞ്ജു പുറത്തായിരുന്നു.
“സഞ്ജുവിന് വലിയ കഴിവുണ്ട്. പക്ഷേ, ഷോട്ട് സെലക്ഷനാണ് തിരിച്ചടിയാവുന്നത്. ഇത് അങ്ങനെ നിരാശപ്പെടുത്തിയ ഒരു അവസരമാണ്.”- കമൻ്ററിക്കിടെ ഗവാസ്കർ പറഞ്ഞു. “സഞ്ജുവിന് എത്ര കഴിവുണ്ടെന്ന് നമ്മൾ സംസാരിക്കുന്നു. പക്ഷേ, അവൻ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണം.”- ക്രിക്കറ്റ് ലൈവ് ഷോയ്ക്കിടെ ഗംഭീർ അഭിപ്രായപ്പെട്ടു.
മത്സരത്തിൽ നാലാം നമ്പറിലാണ് സഞ്ജു ക്രീസിലെത്തിയത്. ധനഞ്ജയ ഡിസിൽവ എറിഞ്ഞ 7ആം ഓവറിലെ മൂന്നാം പന്തിൽ ഉയർത്തിയടിച്ച സഞ്ജുവിനെ പിടികൂടാൻ ചരിത് അസലങ്കയ്ക്ക് സാധിച്ചില്ല. ഡ്രോപ് ക്യാച്ചിൽ ലൈഫ് ലഭിച്ചെങ്കിലും ഓവറിലെ അഞ്ചാം പന്തിൽ വീണ്ടും ഉയർത്തിയടിക്കാൻ ശ്രമിച്ച സഞ്ജു മധുശനകയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
ആവേശകരമായ ആദ്യ ടി20 യിൽ ശ്രീലങ്കയെ രണ്ട് റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ലങ്കയെ എറിഞ്ഞിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി.
Story Highlights: sanju samson sunil gavaskar gautam gambhir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here