മാധ്യമപ്രവർത്തകർ സുരക്ഷിതരല്ലാത്ത രാജ്യങ്ങളിലൊന്നായി പാകിസ്താൻ; 2003 മുതൽ 93 കൊലപാതകങ്ങൾ

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി വീണ്ടും പാകിസ്താൻ. 2003 മുതൽ പാക്കിസ്ഥാനിൽ 93 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാരം മാധ്യമസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്താൻ.
പാകിസ്താന്റെ ഈ അവസ്ഥ രാജ്യത്തെ നേതാക്കന്മാർക്ക് അപമാനകരമായ നിമിഷമാണെന്ന് പാക്ക് മാധ്യമങ്ങൾ പറയുന്നു. ‘ദുർബലമായ ജനാധിപത്യത്തിന്റെ തെളിവാണിത്. ഔദ്യോഗികമായി യുദ്ധങ്ങളൊന്നും നടക്കാത്ത, എന്നാൽ ഇപ്പോഴും റിപ്പോർട്ടർമാർക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താൻ ഉൾപ്പെടുന്നു’-ഡോണിലെ എഡിറ്റോറിയൽ ഉദ്ധരിച്ച് ന്യൂ പാകിസ്താൻ റിപ്പോർട്ട് ചെയ്യുന്നു.
തീവ്രവാദികളും വിമതരും ഭരണകൂട പിന്തുണയുള്ളവരും ചേർന്നാണ് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ ഉന്നയിക്കുന്നു. കൊലയാളികൾ സ്വതന്ത്രമായി വിഹരിക്കുന്നതും ഇരകളുടെ കുടുംബങ്ങൾ നീതിക്കായി വീടുവീടാന്തരം അലയാൻ നിർബന്ധിതരാകുന്നതുമാണ് ഈ കൊലപാതകങ്ങളിലെ പൊതു സവിശേഷതയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫിന്റെ മരണത്തെ പരാമർശിച്ച്, കെനിയയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത് പാക്ക് മാധ്യമപ്രവർത്തകരും വിമതരും രാജ്യത്തിന് പുറത്ത് പോലും സുരക്ഷിതരല്ലെന്ന ഹൃദയഭേദകമായ സത്യമാണ് കാണിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Story Highlights: Pakistan remains one of the most dangerous countries for journalists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here