‘ഭാര്യ ദേഷ്യത്തിലാണ്, അവധി നൽകണം’: പൊലീസുകാരന്റെ അവധി അപേക്ഷ വൈറൽ

ഒരു പൊലീസുകാരന്റെ അവധി അപേക്ഷ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉത്തർപ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതൻവ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന ഒരു കോൺസ്റ്റബിളിൻ്റെ കത്താണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഭാര്യ ദേഷ്യത്തിലാണ്, ഫോൺ എടുക്കുന്നില്ലെന്നും അവധി നൽകണമെന്നുമാണ് ഇയാളുടെ ആവശ്യം.
കഴിഞ്ഞ മാസമാണ് കോൺസ്റ്റബിൾ വിവാഹിതനായത്. മൗ ജില്ലയിലെ താമസക്കാരനും ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ പിആർബിയിൽ നിയമിതനുമാണ് നവവരനായ പൊലീസുകാരൻ. ലീവ് കിട്ടാത്തതിനാൽ ദേഷ്യപ്പെട്ട ഭാര്യ തന്നോട് സംസാരിക്കുന്നില്ലെന്നും പലതവണ വിളിച്ചെങ്കിലും ഭാര്യ ഫോൺ അമ്മയ്ക്ക് കൈമാറിയെന്നും അദ്ദേഹം അപേക്ഷയിൽ പറയുന്നു.
സഹോദരപുത്രന്റെ ജന്മദിനത്തിന് വീട്ടിലേക്ക് വരാമെന്ന് ഭാര്യക്ക് വാക്ക് നൽകിയിട്ടുണ്ട്. പക്ഷേ ലീവ് ലഭിക്കാതെ പോകാൻ കഴിയില്ല. അപേക്ഷ പരിഗണിച്ച് ലീവ് അനുവദിക്കണമെന്നും പൊലീസുകാരൻ കത്തിൽ അപേക്ഷിക്കുന്നു. അപേക്ഷ വായിച്ച അസിസ്റ്റന്റ് സൂപ്രണ്ട് (എഎസ്പി) ജനുവരി 10 മുതൽ കോൺസ്റ്റബിളിന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് അനുവദിച്ചു. എന്തായാലും പൊലീസുകാരന്റെ ഈ അപേക്ഷ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.
Story Highlights: ‘Wife is angry’: Newly married constable’s leave application goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here