Advertisement

കോലിയുടെ ലങ്കാദഹനം; ഇന്ത്യക്ക് കൂറ്റൻ സ്കോർ

January 10, 2023
Google News 2 minutes Read
india innings srilanka odi

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 373 റൺസ് നേടി. 87 പന്തിൽ 113 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (67 പന്തിൽ 83), ശുഭ്മൻ ഗിൽ (60 പന്തിൽ 70), കെഎൽ രാഹുൽ (29 പന്തിൽ 39) തുടങ്ങിയവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കക്കായി കസുൻ രാജിത 3 വിക്കറ്റ് വീഴ്ത്തി. (india innings srilanka odi)

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. പ്രിയപ്പെട്ട ഫോർമാറ്റിലേക്ക് മടങ്ങിയെത്തിയ രോഹിതും ഗില്ലും ചേർന്ന് ലങ്കൻ ബൗളർമാരെ തല്ലിയൊതുക്കി. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം ആദ്യ വിക്കറ്റിൽ 143 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തി. ഇരുവരും സെഞ്ചുറിയിലേക്ക് കുതിക്കവെ 20ആം ഓവറിൽ ശുഭ്മൻ ഗില്ലിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ദസുൻ ശാനക ശ്രീലങ്കയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചു. ഏറെ വൈകാതെ അരങ്ങേറ്റക്കാരനായ ദിൽഷൻ മധുശങ്കയുടെ പന്തിൽ കുറ്റി തെറിച്ച് രോഹിതും മടങ്ങി. നാലാം നമ്പറിലെത്തിയ ശ്രേയാസ് അയ്യരും വിരാട് കോലിയും ചേർന്ന് മൂന്നാം വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്തു. ശ്രേയാസ് അയ്യർ (24 പന്തിൽ 28) പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. ശ്രേയാസിനെ ധനഞ്ജയ ഡിസിൽവയുടെ പന്തിൽ അവിഷ്ക ഫെർണാണ്ടോ പിടികൂടുകയായിരുന്നു.

Read Also: അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഈ മാസം 14 മുതൽ; ഇന്ത്യയുടെ മത്സരങ്ങൾ അറിയാം

നാലാം വിക്കറ്റിൽ കെഎൽ രാഹുൽ ക്രീസിലെത്തി. ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ച രാഹുലും കോലിയും ചേർന്ന് 90 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായി. ഇതിനിടെ 47 പന്തിൽ കോലി ഫിഫ്റ്റി തികച്ചു. ആക്രമിച്ചുകളിച്ച രാഹുൽ കാസുൻ രജിതയുടെ പന്തിൽ കുറ്റി തെറിച്ച് പുറത്തായതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. ശേഷമെത്തിയ ഹാർദിക് പാണ്ഡ്യ (12 പന്തിൽ 14) രാജിതയുടെ പന്തിൽ ഹസരങ്കയ്ക്ക് പിടികൊടുത്ത് വേഗം മടങ്ങിയെങ്കിലും അക്സർ പട്ടേലിനെ കൂട്ടുപിടിച്ച് കോലി കുതിച്ചു. 80 പന്തിൽ കോലി തൻ്റെ 45ആം ഏകദിന സെഞ്ചുറിയും 73ആം രാജ്യാന്തര സെഞ്ചുറിയും തികച്ചു. കോലിയുടെ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യക്ക് തുടരെ വിക്കറ്റ് നഷ്ടമായി. അക്സർ പട്ടേലിനെ (9) ചമിക കരുണരത്നെ അവിഷ്ക ഫെർണാണ്ടോയുടെ കൈകളിലെത്തിച്ചപ്പോൾ വിരാട് കോലി രാജിതയുടെ പന്തിൽ കുശാൽ മെൻഡിസിൻ്റെ കൈകളിൽ അവസാനിച്ചു. മുഹമ്മദ് സിറാജും (7) മുഹമ്മദ് ഷമിയും (4) നോട്ടൗട്ടാണ്.

Story Highlights: india innings srilanka 1st odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here