മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ പാർട്ടിയെ അറിയിക്കണം, പത്രക്കാരോടല്ല പറയേണ്ടത്; എം.എം ഹസൻ

ശശി തരൂരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ഹസൻ. നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ശശി തരൂർ പറയേണ്ടത് പാർട്ടി നേതൃത്വത്തോടാണെന്നും പത്രക്കാരോടും ജനങ്ങളോടും അത് പറയേണ്ട കാര്യമില്ലെന്നുമാണ് ഹസന്റെ വിമർശനം. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ( MM Hassan criticized Shashi Tharoor ).
സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കുമ്പോഴേ പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യൂ എന്ന കാര്യം മനസിലാക്കണം. സമുദായ സംഘടനാ നേതാക്കളെ ശശി തരൂർ അങ്ങോട്ട് ചെന്ന് കാണുകയാണ് ചെയ്യുന്നത്. അപ്പോഴാണ് അവർ സംസാരിക്കുന്നത്. അതിലൊന്നും ഒരു പുതുമയും ഇല്ലെന്നും ഹസൻ 24 നോട് പറഞ്ഞു.
കേരളം കേന്ദ്രീകരിച്ചാണ് ഇനി തന്റെ പ്രവർത്തനമെന്ന് ശശി തരൂർ ഇന്നലെ പറഞ്ഞിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെന്ന അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത്. അതിന് മറുപടിയെന്നോണമാണ് സ്ഥാനാർത്ഥിത്വം ആർക്കും സ്വന്തം നിലയിൽ തീരുമാനിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി ഹസൻ രംഗത്തെത്തിയത്.
ശശി തരൂരിനെ പുകഴ്ത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. ശശി തരൂർ പ്രധാന്മാന്തിയാകാൻ യോഗ്യൻ, പക്ഷെ ഒപ്പമുള്ളവർ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ ഉയർത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോറ്റതെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മൻ ചാണ്ടിയെയാണ് ഉയർത്തിക്കാട്ടിയതെങ്കിൽ ഇത്രയും വലിയ പരാജയം ഉണ്ടാകില്ലായിരുന്നു. മര്യാദ ഇല്ലാത്തത് ഭാഷയിലാണ് വി ഡി സതീശൻ പലപ്പോഴും സംസാരിക്കുന്നത്. എല്ലാവർക്കും നായന്മാരോട് അസൂയയാണ്. എണ്ണത്തിൽ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങൾ എന്നതാണ് ഇതിന് കാരണമെന്നും ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സുകുമാരൻ നായർ പറഞ്ഞു.
Story Highlights: MM Hassan criticized Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here