കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; പുനഃസംഘടനാ ചര്‍ച്ച മുഖ്യ അജണ്ട
സ്ഥാനാര്‍ഥിത്വ ചര്‍ച്ചകളിലൂടെ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തീര്‍ത്ത ആശയക്കുഴപ്പത്തിനിടെ കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. പരസ്യ ചര്‍ച്ചകള്‍ക്കും വിവാദ പ്രസ്താവനകള്‍ക്കും വില്‍ക്കേര്‍പ്പെടുത്തിയുള്ള തീരുമാനം നേതൃയോഗങ്ങളില്‍ ഉണ്ടായേക്കും. പുനഃസംഘടനാ ചര്‍ച്ചകളാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട.(congress leadership meeting starts today)
ലോക്‌സഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങേണ്ട സമയത്താണ് കോണ്‍ഗ്രസില്‍ നിയമസഭാ സ്ഥാനാര്‍ഥിത്വ ചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കുന്നത്. അസ്ഥാനത്തുണ്ടായ അനാവശ്യ ചര്‍ച്ചകളിലും പ്രസ്താവനകളിലും നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. ഇന്ന് ചേരുന്ന കെപിസിസി ഭാരവാഹി യോഗവും നാളെ ചേരുന്ന നിര്‍വാഹക സമിതി യോഗവും വിഷയം ചര്‍ച്ച ചെയ്യും.
പാര്‍ട്ടിയുടെ സാധ്യതകള്‍ കൊട്ടിയടക്കും വിധമുള്ള പ്രസ്താവനകളും ഇടപെടലും അവസാനിപ്പിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിര്‍ദേശം വരും. കെപിസിസി പുനസംഘടന വേഗത്തിലാക്കാനുള്ള ചര്‍ച്ചകളാകും നേതൃ യോഗത്തിന്റെ മുഖ്യ അജണ്ട.
Read Also: മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ പാർട്ടിയെ അറിയിക്കണം, പത്രക്കാരോടല്ല പറയേണ്ടത്; എം.എം ഹസൻ
ബ്ലോക്ക്, മണ്ഡലം പുനസംഘടന ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കി ഡിസിസി ഭാരവാഹികളേയും നിശ്ചയിക്കും. ഇതിനായി ജില്ലാ തലങ്ങളില്‍ സബ് കമ്മറ്റികളെ ഉടന്‍ തീരുമാനിക്കും. ഫണ്ട് സമാഹരണത്തിനായുള്ള 138 രൂപാ ചലഞ്ചും ഭാരത് ജോഡോ യാത്രയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ് മറ്റു അജണ്ടകള്‍. കെപിസിസി ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദവും കെപിസിസി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുയര്‍ന്ന ആരോപണങ്ങളും നേതൃയോഗങ്ങളുടെ പരിഗണനക്ക് വരും.
Story Highlights: congress leadership meeting starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here