പാക്ക് പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് നാളെ തുടക്കം

ദ്വിദിന സന്ദർശനത്തിനായി പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് യുഎഇയിലേക്ക്. ജനുവരി 12-13 തീയതികളിലാണ് സന്ദർശനം. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം എത്തുന്നത്.
അധികാരമേറ്റ ശേഷം ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. മന്ത്രിസഭയിലെ പ്രധാന അംഗങ്ങൾ ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുമെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സന്ദർശന വേളയിൽ രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും യുഎഇയിലെ പാകിസ്ഥാൻ തൊഴിലാളികൾക്ക് വർധിച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്യും.
പ്രധാനമന്ത്രിയും യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും ഷെരീഫ് കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി പാക് പ്രധാനമന്ത്രി എമിറാത്തി വ്യവസായികളുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തും.
Story Highlights: Pakistan Prime Minister Shehbaz Sharif to visit UAE