വാഹനം അമിതവേഗതയിൽ പോയത് ചോദ്യം ചെയ്തു; പത്തനംതിട്ടയിൽ കുടുംബത്തെ വീട്ടിൽകയറി മർദിച്ച നാല് പ്രതികൾ പിടിയിൽ

പത്തനംതിട്ട പഴംപള്ളിയിൽ കുടുംബത്തെ വീട്ടിൽകയറി മർദിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ. വാഹനം അമിതവേഗത്തിൽ പോയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കുന്നന്താനത്തെ ശശികുമാറിനെയും കുടുംബത്തേയും സംഘം മർദിച്ചത്. കേസിലെ ഒന്നാംപ്രതി ഒളിവിലാണെന്ന് കീഴ്‌വായ്പൂർ പൊലീസ് അറിയിച്ചു. ( Four arrested for attacking husband and wife Pathanamthitta ).
ഈ മാസം ഏഴാം തീയതി രാത്രി 10 30നാണ് പ്രതികൾ പഴംപള്ളിയിൽ താമസിക്കുന്ന അപ്പുക്കുട്ടൻ എന്ന ശശികുമാറിന്റെ വീട്ടിൽ കയറി അക്രമണം നടത്തുകയും ഗൃഹനാഥനെയും, ഭാര്യയെയും മകനെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. വാഹനം അമിതവേഗത്തിൽ പോയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് പ്രതികൾ രാത്രി 10.30 ന് സംഘടിച്ച് ശശികുമാറിന്റെ വീട്ടിൽ എത്തിയത്. വീടിൻറെ മുന്നിൽനിന്ന് ശശികുമാറിനെ പ്രതികൾ കൈകൊണ്ട് അടിക്കുകയും കയ്യിൽ കരുതിയ വാളുപയോഗിച്ച് വയറ്റിൽ കുത്തുകയുമായിരുന്നു.
ഇത് തടയാൻ ശ്രമിച്ച ശശികുമാറിന്റെ ഭാര്യ മിനിയുടെ വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇവരുടെ കൈക്ക് ഒടിവും സംഭവിച്ചു. അച്ഛനെ മർദ്ദിക്കുന്നത് തടയാൻ മകൻ അനന്തുവിനെയും ക്രൂരമായി മർദ്ദിച്ചു. പ്രതികൾ കൊണ്ടുവന്ന വാളുകൊണ്ട് അനന്തുവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. വീട്ടുമുറ്റത്ത് കിടന്ന് ഓട്ടോറിക്ഷയും തല്ലി തകർത്ത ശേഷമാണ് പ്രതികൾ കടന്നു കളഞ്ഞത്. ആശുപത്രിയിൽ കഴിയുന്ന അനന്തുവിന്റെ പരിക്കുകൾ ഗുരുതരമാണ്.
കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വീടുകളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അഞ്ചാം പ്രതി ഹരികുമാറിന്റെ വീടിന്റെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് അക്രമത്തിന് ഉപയോഗിച്ച രണ്ട് വടിവാളുകളും കണ്ടെത്തി. കവിയൂർ പഴമ്പിള്ളി സ്വദേശി ജയേഷ്, ചിറയക്കുളം സ്വദേശി രതീഷ് കുമാർ, മൈലക്കാട് സ്വദേശികളായ മനീഷ്, ഹരികുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായും കീഴ്വായ്പൂർ പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Highlights: Four arrested for attacking husband and wife Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here