റോണള്‍ഡ് ഇ അഷര്‍ അന്തരിച്ചു; ‘ന്റെപ്പൂപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന്’ എന്നതിന് പോലും സുന്ദര ലളിത ഇംഗ്ലീഷ് പരിഭാഷ നല്‍കിയ പ്രതിഭ

മലയാള സാഹിത്യത്തിന് ആഗോള വായനക്കാരെ നല്‍കിയ റൊണള്‍ഡ് ഇ. അഷറിന് വിട. 96-ാം വയസിലായിരുന്നു അന്ത്യം. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാക്കൊരാനയുണ്ടാര്‍ന്നു, ബാലകാല്യസഖി തുടങ്ങിയ കൃതികള്‍ ഇംഗ്‌ളീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് മലയാള സാഹിത്യപ്രേമികള്‍ക്കിടയില്‍ അഷര്‍ ശ്രദ്ധ നേടുന്നത്. തകഴിയുടെ തോട്ടിയുടെ മകനും കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞകഥയും പരിഭാഷപ്പെടുത്തിയതും അഷര്‍ ആണ്. (ronald e asher passed away)
ബ്രിട്ടനില്‍ ജനിച്ച് ബ്രിട്ടനില്‍ വളര്‍ന്ന് ബ്രിട്ടനില്‍ തന്നെ അധ്യാപകനായ അഷര്‍ അപ്രതീക്ഷിതമായാണ് മലയാള സാഹിത്യവുമായി ചങ്ങാത്തത്തിലാകുന്നത്. ദ്രാവിഡ ഭാഷാ പഠനത്തിന്റെ ഭാഗമായി ആദ്യം തമിഴിലാണ് ശ്രദ്ധ കൊടുത്തതെങ്കിലും മലയാള ഭാഷയുമായി പെട്ടെന്നു ഇഷ്ടത്തിലാവുകയായിരുന്നു. 1975ല്‍ തകഴിയുടെ തോട്ടിയുടെ മകന്‍ പരിഭാഷപ്പെടുത്തിയാണു തുടക്കം. പിന്നീട് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, ന്റുപ്പാപ്പക്കൊരാനയുണ്ടാര്‍ന്നു, പാത്തുമ്മയുടെ ആട് എന്നിവ പരിഭാഷപ്പെടുത്തി അഷര്‍ തന്റെ ഇടം അടയാളപ്പെടുത്തി.
മലയാളികള്‍ക്കുപോലും വിവര്‍ത്തനം കഠിനമായ ബഷീര്‍ കൃതികളെ ലളിതസുന്ദരമായാണ് അഷര്‍ ഇംഗ്‌ളീഷില്‍ ആക്കിയത്. പിന്നാലെ കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥയും അഷര്‍ വിവര്‍ത്തനം ചെയ്തു. ലാംഗ്വേജ് ആന്‍ഡ് ലിംഗ്വസ്റ്റിക്‌സ് എന്‍സൈക്‌ളോപീഡിയ, ആഗോള ഭാഷാ അറ്റ്‌ലസ് എന്നിവയുടെ എഡിറ്ററും ആയിരുന്നു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ ലിംഗ്വസ്റ്റിക്‌സ് അധ്യാപകനായിരുന്ന അഷര്‍ 1993ലാണ് വിരമിച്ചത്. ഷിക്കാഗോ, ഇല്ലിനോയി സര്‍വകലാശാലകളില്‍ തമിഴ് വിസിറ്റിങ് പ്രഫസറും ആയിരുന്നു.
Story Highlights: ronald e asher passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here