Advertisement

കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

January 10, 2023
Google News 2 minutes Read
joshimath sinking explained

കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളർന്നു രണ്ടാകുന്ന റോഡുകളും. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സംഭവിക്കുന്നത് അപസർപ്പക കഥകളിൽ മാത്രം പരിചിതമായ സംഭവങ്ങളാണ്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ പോലും റോഡുകൾ വിണ്ടുകീറുന്നതിന്റെ കാരണങ്ങൾ എന്താണ് ? ( joshimath sinking explained )

ജോഷിമഠിലെ ഭൂമിക്കൊരു പ്രത്യേകതയുണ്ട്. 1886ൽ ഉണ്ടായ വലിയ ഭൂചലനത്തിൻറെ അവശിഷ്ടത്തിൽ പണിതുണ്ടാക്കിയതാണ് അത്. 2013ലും 2021ലും ഉണ്ടായ രണ്ടു പ്രളയങ്ങളിൽ അടിമണ്ണ് ഒലിച്ചുപോയ സ്ഥലം. സീസ്മിക് സോൺ ഫൈവ് എന്ന് അറിയപ്പെടുന്ന ഭൂകമ്പ മേഖലയാണ് ജോഷിമഠ്. ഭൂചലനങ്ങളും വെള്ളപ്പൊക്കവും പതിവായ സ്ഥലം. മെയിൻ സെൻട്രൽ ഭൂപാളി കടന്നുപോകുന്നത് ഈ മേഖലയ്ക്ക് സമീപത്തുകൂടിയാണ്. പാണ്ഡുകേശ്വര ഭൂപാളിയും ഏറെ അകലെയല്ല. ഇത്രയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ.

ഇവിടെ ഇപ്പോൾ 600 വീടുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ വാസയോഗ്യമല്ലാതായി. നിരവധി ഹോട്ടലുകളും റസ്റ്ററൻറുകളും വിണ്ടുകീറി. വിനോദസഞ്ചാരത്തെ ആശ്രയിച്ചു കെട്ടിപ്പടുത്ത നൂറുകണക്കിന് കെട്ടിടങ്ങളാണ് തകർന്നത്. മേഖലയിലെ മുഴുവൻ റോഡുകളും പിളർന്നു. ഒരു ക്ഷേത്രവും വീണു. നാലായിരം ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ സ്ഥിതി എങ്ങിനെ ഉണ്ടായി? പാരിസ്ഥിതിക ദുർബല പ്രദേശത്ത് നിർമിച്ചതുകൊണ്ടു മാത്രമാണോ? ഭുകമ്പ അവശിഷ്ടങ്ങൾക്കുമേൽ പണിതുയർത്തി എന്നതുമാത്രമാണോ കാരണം?

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

ഉപരിതല ഗതാഗത വകുപ്പ് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയാണ് ജോഷിമഠിനെ തകർത്തത് എന്നാണ് സുപ്രിംകോടതിയിൽ കഴിഞ്ഞ ദിവസം ഫയൽ ചെയ്ത ഹർജിയിലെ കുറ്റപ്പെടുത്തൽ. രണ്ടാമത്തേത് 2450 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതിയാണ്. ധൗലിഗംഗാ നദിയിൽ പണിത തപോവൻ വിഷ്ണുഗഡ് പവർപ്‌ളാൻറ് പ്രദേശത്തെ തകർത്തു എന്നാണ് വാദം.

രണ്ടായിരം മുതൽ മേഖലയിൽ പണിതുകൂട്ടിയത് നൂറുകണക്കിന് ബഹുനില മന്ദിരങ്ങളാണ്. ഒന്നിനും അനുമതി ഉണ്ടായിരുന്നില്ല. ഇതിനൊപ്പം വൻകിട വികസന പദ്ധതികളും വന്നു. രണ്ടും ചേർന്ന് ജോഷിമഠിനെ തകർത്തു എന്ന ഹർജിയിൽ ഇനി സുപ്രീം കോടതി എടുക്കുന്ന തീരുമാനം ഹിമാലയ സാനുക്കളിലെ മാത്രമല്ല പശ്ചിമഘട്ടത്തിലെ നിർമാണങ്ങളേയും സ്വാധീനിക്കാം. ജോഷിമഠ് ഇന്ത്യയിലെ ഒട്ടുമിക്ക മലനാടുകൾക്കുമുള്ള മുന്നറിയിപ്പാണ്.

Story Highlights: joshimath sinking explained , joshimath, house collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here