Advertisement

വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് ട്രംപിനോ ബൈഡനോ? പശ്ചിമേഷ്യയിലെ ആശ്വാസം ആര്‍ക്ക് കൂടുതല്‍ നേട്ടമാകും?

January 17, 2025
Google News 4 minutes Read
Joe Biden or Donald Trump, who gets credit for the Gaza ceasefire deal?

ഗസ്സയെ അക്ഷരാര്‍ത്ഥത്തില്‍ പശ്ചിമേഷ്യയുടെ കണ്ണീര്‍ മുനമ്പാക്കി മാറ്റിയ 15 മാസം നീണ്ട യുദ്ധത്തിനൊടുവില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമൊഴിയാനും ട്രംപ് വീണ്ടും പ്രസിഡന്റാകാനുമിരിക്കുന്ന വേളയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ക്രെഡിറ്റ് പുതിയ പ്രസിഡന്റിനോ അതോ പഴയ പ്രസിഡന്റിനോ എന്ന തര്‍ക്കങ്ങള്‍ റിപ്പബ്ലിക്- ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമായി മാത്രമല്ല ലോകമുറ്റുനോക്കുന്ന ഒരു തര്‍ക്കമായി തന്നെ നിലനില്‍ക്കുകയാണ്. താന്‍ അധികാരമൊഴിയുന്നതിന് മുന്‍പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അതിവേഗം ബൈഡന്‍ നീക്കങ്ങള്‍ തുടരുകയാണ്. ഗസ്സ ആശ്വാസത്തിന്റെ തൊട്ടരികിലെത്തി നില്‍ക്കെ ലോകം അതിലേറെ ചര്‍ച്ച ചെയ്യുന്ന ട്രംപ്- ബൈഡന്‍ തര്‍ക്കത്തിന്റെ കാതലെന്ത്? ക്രെഡിറ്റ് യഥാര്‍ത്ഥത്തില്‍ ആര്‍ക്കുള്ളതാണ്? ( Joe Biden or Donald Trump, who gets credit for the Gaza ceasefire deal?)

അവകാശവാദങ്ങള്‍ എന്തെല്ലാം?

വെടിനിര്‍ത്തല്‍ കരാറിനായി തന്റെ സര്‍ക്കാര്‍ നടത്തിയ നീണ്ട പരിശ്രമങ്ങള്‍ ഊന്നിപ്പറഞ്ഞായിരുന്നു ബൈഡന്റെ വിടവാങ്ങല്‍ പ്രസംഗം. ഖത്തറിന്റേയും അമേരിക്കയുടേയും നേതൃത്വത്തില്‍ നടന്ന സമാധാന നീക്കങ്ങള്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍- ഹമാസ് ധാരണയ്ക്കായി ഒരു വര്‍ഷത്തിലേറെ പരിശ്രമിക്കേണ്ടി വന്നെന്നും ബൈഡന്‍ പറഞ്ഞു.

എന്നാല്‍ ക്രെഡിറ്റ് ബൈഡന് വിട്ടുകൊടുക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. ഈ ചര്‍ച്ചകള്‍ തന്നെ സാധ്യമായത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ ചരിത്ര വിജയത്തോടെയാണെന്നും താന്‍ നേതൃത്വം കൊടുക്കുന്ന ഭരണകൂടം സമാധാനം ഉറപ്പിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് ലോകത്തിലാകെ ഉണ്ടായ ശുഭാപ്തി വിശ്വാസത്തിന്റെ ഫലമാണ് വെടിനിര്‍ത്തല്‍ കരാറെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Read Also: ഹാ അതൊക്കെയൊരു കാലം! ; ഭൂതകാലമായിരുന്നു നല്ലതെന്ന് തോന്നുന്നുണ്ടോ? തലച്ചോര്‍ നമ്മളെ കബളിപ്പിക്കുന്നതെങ്ങനെ?

ഒരു കൂട്ടായ യജ്ഞം?

ബൈഡന്റെ പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്ക് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും വെടിനിര്‍ത്തല്‍ കരാറിനായി സംയുക്തമായി ചില നീക്കങ്ങള്‍ നടത്തിയെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഇസ്രായേല്‍, ഹമാസ് പ്രതിനിധികള്‍ ദോഹയിലാണ് നീണ്ട ചര്‍ച്ചകള്‍ നടത്തിയത്. ഖത്തര്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ചര്‍ച്ചയെ നിയന്ത്രിച്ചത്. സ്റ്റീവ് വിറ്റ്‌കോഫും ബ്രെറ്റ് മക്ഗുര്‍ക്കും ചര്‍ച്ചകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തി.

ആത്യന്തികമായി ബൈഡനും ട്രംപിനും വെടിനിര്‍ത്തല്‍ കരാര്‍ വഴി ലഭിക്കുന്ന സമ്മിതിയ്ക്ക് അര്‍ഹതയുണ്ട്. തന്റെ ഭരണകാലയളവില്‍ നടത്തിയ സുദീര്‍ഘമായ നയതന്ത്ര ചര്‍ച്ചകള്‍ ബൈഡന് ഉയര്‍ത്തിക്കാട്ടാനാകും. ട്രംപിനാകട്ടെ തന്റെ രണ്ടാം സ്ഥാനാരോഹണത്തിന് മുമ്പ് പശ്ചിമേഷ്യയുടെ എല്ലാ യാതനയും തീരും എന്ന തന്റെ വാക്ക് പാലിക്കാനുമാകും.

Story Highlights : Joe Biden or Donald Trump, who gets credit for the Gaza ceasefire deal?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here