പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി; പാഴ്സലിൽ തീയതിയും സമയവുമുള്ള സ്റ്റിക്കറും നിർബന്ധം

കേരളത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എഫ്.എസ്.എസ്.എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഒഴിവാക്കുന്നതിന് പൂർണ പിന്തുണയും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മയോണൈസ് ഉപയോഗിച്ചുള്ള പലതരം ഭക്ഷണം കഴിച്ചവരിൽ ഭക്ഷ്യ വിഷബാധ ഉണ്ടായതായി പല പരാതികളും ഉയർന്നിരുന്നു. സാൻഡ്വിച്ചുകളിലും ഷവർമകളിലും സാധാരണയായി ക്രീം സോസ് അല്ലെങ്കിൽ ഡ്രസിംഗ് ആയി മയോണൈസ് ഉപയോഗിക്കുന്നുണ്ട്. ശരിയായ രീതിയിൽ പാസ്ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാൽ സാൽമൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യമുള്ള ആളിനെപ്പോലും ഇത് ബാധിക്കും. ലാബ് റിപ്പോർട്ടുകളിൽ നിന്നും ഇത്തരം മയോണൈസിൽ രോഗാണുക്കൾ കണ്ടെത്തിയിരുന്നു. പച്ച മുട്ടയിൽ നിന്നും ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യ സുരക്ഷയിൽ ഏറെ അപകടമുള്ളതാണെന്ന് സംശയിക്കുന്നു. അതിനാലാണ് ഈയൊരു തീരുമാനമെടുത്തത്. വെജിറ്റബിൾ മയോണൈസോ, പാസ്ചറൈസ് ചെയ്ത മുട്ടയിൽ നിന്നുണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാവുന്നതാണ്.
സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളിൽ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കർ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും (Date of Preparation & Time), ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം (Use by time) എന്നിവ സ്റ്റിക്കറിലുണ്ടായിരിക്കണം. സംസ്ഥാനത്തെ ഭക്ഷണ സ്ഥാപനങ്ങളിൽ നിന്നും പാഴ്സൽ കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ നിശ്ചിത സമയപരിധി കഴിഞ്ഞ് കഴിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. കൂടാതെ മന്ത്രി വീണാ ജോർജുമായി ഹോട്ടൽ, റെസ്റ്റോറന്റ് സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിലും ഇക്കാര്യത്തിൽ പിന്തുണ അറിയിച്ചിരുന്നു. പൊതു ജനങ്ങൾ പാഴ്സലിൽ പറഞ്ഞിട്ടുള്ള സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
അതേസമയം, കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കെൽസ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്.
എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. 500 കിലോഗ്രാം പഴകിയ മാംസമാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചിയിൽ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു.
പാലക്കാട് സ്വദേശി ജുനൈദിന്റെ ഉടമസ്ഥതയിലാണ് കളമശേരിയിലെ സ്ഥാപനമുള്ളത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോകുന്നതിനാണ് മാംസം തമിഴ്നാട്ടിൽ നിന്നും എത്തിച്ചത്. ഇവിടെ നിന്നും 150 കിലോ ഗ്രാം പഴകിയ എണ്ണയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. വലിയ കവറുകളിലാക്കി തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഫ്രീസറിൽ പോലുമല്ലാതെ ഇറച്ചി സൂക്ഷിച്ചിരുന്നത്. പഴകിയ മാംസത്തിന്റെ സാമ്പിളുകൾ പരിശോധിച്ചശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Story Highlights: order issued banning mayonnaise made from eggs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here