ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബി.കോം വിദ്യാർത്ഥി മരിച്ചു

ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി മരിച്ചു. ചങ്ങനാശേരിയിലാണ് സംഭവം. തെങ്ങണായിൽ ഫ്രൂട്ട് സ്റ്റാൾ നടത്തുന്ന ചങ്ങനാശേരി മാടപ്പള്ളി പുന്നക്കുന്ന് മുങ്ങേക്കാവിൽ എം.ആർ അജികുമാറിന്റെ മകൻ അഭിജിത്ത് എം. കുമാറാണ് (22) മരിച്ചത്.
Read Also: വ്യാപാരി കുളത്തിൽ മുങ്ങി മരിച്ചു; സംഭവം തമിഴ്നാട് നാമക്കലിൽ
ഇന്നലെ രാവിലെ 10.45 ഓടെ തെങ്ങണ കരിക്കണ്ടം റോഡിൽ പുന്നക്കുന്നം ഭാഗത്തായിരുന്നു അപകടം. തെങ്ങണായിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങവെ വീടിന് സമീപത്തുവെച്ചാണ് ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിന് ഉടൻ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഭിജിത്ത് എം. കുമാറിന്റെ മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നത്. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയർ കോളജിൽ അവസാന വർഷ ബികോം വിദ്യാർത്ഥിയാണ്. മാതാവ് : പരേതയായ ബിന്ദു. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.
Story Highlights: bus accident B Com student died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here