‘ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണം’- മെറ്റയോട് ട്രംപ്

തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് മെറ്റയോട് ആവശ്യപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം ട്രംപ് അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ വാഷിംഗ്ടണിലെ യുഎസ് ക്യാപിറ്റോൾ അക്രമിച്ചതിനെത്തുടർന്ന് രണ്ട് വർഷം മുമ്പ് മുൻ പ്രസിഡന്റിനെ ഫേസ്ബുക്കിൽ നിന്ന് വിലക്കിയിരുന്നു.
വരും ആഴ്ചകളിൽ തീരുമാനം പ്രഖ്യാപിക്കുമെന്ന് മെറ്റ അറിയിച്ചു. ജനുവരി 6 ന് നടന്ന ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കും ട്വിറ്ററും ട്രംപിനെ നിരോധിച്ചിരുന്നു. ട്രംപ് തന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് ക്യാപിറ്റോളിന് സമീപം ഒത്തുകൂടാൻ പിന്തുണക്കാരോട് ആഹ്വനം ചെയ്തിരുന്നു. കൂടാതെ ആക്രമണത്തിന് മുമ്പുള്ള ഒരു പ്രസംഗത്തിൽ ശക്തമായി പോരാടാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
മാത്രമല്ല ആക്രമണം പുരോഗമിക്കുമ്പോൾ സർട്ടിഫിക്കേഷൻ നിർത്താത്തതിന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ അദ്ദേഹം ട്വിറ്ററിൽ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം എലോൺ മസ്‌ക് പ്ലാറ്റ്‌ഫോം വാങ്ങിയതിനെത്തുടർന്ന് ട്വിറ്റർ ട്രംപിനെതിരായ വിലക്ക് നീക്കി. ട്രംപ് ഇതുവരെ ട്വീറ്റ് ഒന്നും ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഫേസ്ബുക്കിലും ട്വിറ്ററിലും ട്രംപിന്റെ അക്കൗണ്ടുകൾക്ക് യഥാക്രമം 34 ദശലക്ഷവും ഏകദേശം 88 ദശലക്ഷവും ഫോളോവേഴ്‌സ് ഉണ്ട്. ട്രൂത്ത് സോഷ്യലിൽ, അദ്ദേഹത്തിന് 5 ദശലക്ഷത്തിൽ താഴെ അനുയായികളുണ്ട്.
Story Highlights: Trump pleads with Meta to restore Facebook account
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here