Advertisement

വര്‍ണച്ചിറകുകള്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ആരംഭിച്ചു

January 20, 2023
Google News 1 minute Read
Varnachirakukal State Children's Fest started

സര്‍ക്കാര്‍ ഹോമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിഒ ഹോമുകളിലേയും കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ഒരു വര്‍ഷത്തെ പ്രധാന പദ്ധതികളില്‍ ഒന്നാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റ്. കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഇത്തരം കലോത്സവങ്ങള്‍. അവരുടെ ആവിഷ്‌ക്കാരത്തിനും വ്യക്തിത്വ വികസനത്തിനും ഇത് സഹായിക്കും. സംസ്ഥാനത്തെ 16 ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളേയും തിരുവനന്തപുരം ജില്ലയിലെ എന്‍.ജി.ഒ ഹോമുകളിലെ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത്തവണത്തെ ഫെസ്റ്റ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

വര്‍ണച്ചിറകുകള്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളില്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി വനിത ശിശുവികസന വകുപ്പ് വലിയ ഇടപെടലുകളാണ് നടത്തുന്നത്. കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിന് എഡ്യൂക്കേറ്റര്‍, കലാ കായിക പ്രവര്‍ത്തനങ്ങള്‍, യോഗ എന്നിവയ്ക്കായി പരിശീലകര്‍ എന്നിവരുണ്ട്. ഇതുകൂടാതെ സ്ഥലസൗകര്യങ്ങളുള്ള എല്ലാ സര്‍ക്കാര്‍ ഹോമുകളിലും കളിക്കളങ്ങള്‍ നിര്‍മ്മിക്കുന്നതാണ്. ഹോമുകളെ ശിശു സൗഹൃദമാക്കി മിഷന്‍ അടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കും. ഓരോ കുഞ്ഞുങ്ങളേയും നെഞ്ചില്‍ ചേര്‍ത്തുവയ്ക്കുന്ന സ്‌നേഹവും കരുതലും എല്ലാവര്‍ക്കുമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എഴുത്തും വായനയും പോലെ പ്രധാനമാണ് ഇത്തരത്തിലുള്ള കലോത്സവങ്ങളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനതല കലോത്സവങ്ങളില്‍ കടന്നുചെല്ലാന്‍ കഴിയാത്ത ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കുള്ള മികച്ച വേദിയാണിത്. എല്ലാവരും ജയപരാജയങ്ങളെ നേരിടാനുള്ള കരുത്ത് നേടണമെന്നും മന്ത്രി പറഞ്ഞു. ചില്‍ഡ്രന്‍സ് ഫെസ്റ്റ് ലോഗോ രൂപകല്പന ചെയ്ത കോട്ടയം ചില്‍ഡ്രസ് ഹോമിലെ അതുല്‍ കൃഷ്ണയ്ക്കും സ്‌പോര്‍ട്‌സ് മീറ്റിലെ വിജയികള്‍ക്കും മന്ത്രിമാര്‍ സമ്മാനം വിതരണം ചെയ്തു.

Story Highlights: Varnachirakukal State Children’s Fest started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here