ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡൽഹി- മുംബൈ രാജധാനി എക്സ്പ്രസിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. സംഭവത്തിൽ ഐ.എ.എഫ് സർജന്റും യു.പിയിലെ ദാദ്രി സ്വദേശിയുമായ സുനിൽ സാങ്‌വാൻ ആണ് അറസ്റ്റിലായത്.
റെയിൽവേ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ ട്രെയിനിൽ ആരോ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞത്. 4.55നായിരുന്നു ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ഇത് വൈകിപ്പിക്കാൻ ട്രെയിൻ പുറപ്പെടുന്ന സമയം തന്നെ ഇയാൾ പൊലീസിനെ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു.
തുടർന്ന് ട്രെയിൻ നിർത്തിയിടുകയും ഉദ്യോഗസ്ഥർ ഉടൻ റെയിൽവേ സ്റ്റേഷനിലെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് മനസിലായതോടെ പൊലീസ് വിളിച്ചയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ ഈ ട്രെയിനിൽ തന്നെയുണ്ടെന്ന് മനസിലായി. തുടർന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായി ഡൽഹി പൊലീസ് പറഞ്ഞു.
Story Highlights: Hoax Bomb Threat Call to Mumbai Rajdhani Express Train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here